യുകെയില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ്; ഉടമസ്ഥനില്‍ നിന്ന് പകര്‍ന്നതെന്ന് വിദഗ്ധര്‍

By Web TeamFirst Published Jul 27, 2020, 8:36 PM IST
Highlights

നേരത്തെ അമേരിക്കയിലെ ടെക്‌സാസില്‍ വളര്‍ത്തുപട്ടികളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ചില രാജ്യങ്ങളിലും സമാനമായി വളര്‍ത്തുമൃഗങ്ങളില്‍ കൊവിഡ് ഫലം പൊസിറ്റീവായിരുന്നു. എന്നാല്‍ മനുഷ്യരുമായി അടുത്തിടപഴകാത്ത മൃഗങ്ങളില്‍ കൊവിഡ് പിടിപെടുന്നില്ലെന്നും, വളര്‍ത്തുമൃഗങ്ങളാണ് കൂടുതലും ഭീഷണി നേരിടുന്നതെന്നുമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്

കൊവിഡ് 19 ഭീഷണി ഉയര്‍ത്തിത്തുടങ്ങിയ സമയത്ത് തന്നെ വ്യാപകമായിരുന്ന ഒരു ആശങ്കയായിരുന്നു, ഇത് മൃഗങ്ങള്‍ക്ക് പിടിപെടുമോയെന്നത്. മൃഗങ്ങളിലും കൂടി രോഗം എത്തിയാല്‍ അത് മനുഷ്യര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുമെന്നത് വസ്തുതയുമാണ്. പക്ഷേ ഈ ആശങ്കയ്ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. 

പിന്നീട് അമേരിക്കയില്‍ വളര്‍ത്തുപട്ടികള്‍ക്കും മൃഗശാലയിലെ കടുവയ്ക്കും വരെ കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു ഈ ആശങ്കയ്ക്ക് ഉത്തരമായത്. അപ്പോഴും അവ്യക്തതകള്‍ തുടര്‍ന്നിരുന്നു. ഇപ്പോഴിതാ യുകെയില്‍ നിന്നും സമാനമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. യുകെയിലെ സറേയില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ് 19. 

യുകെയുടെ ചീഫ് വെറ്ററിനറി ഓഫീസര്‍ ക്രിസ്റ്റിന്‍ മിഡില്‍മിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഉടമസ്ഥന് കൊവിഡ് ബാധിച്ചുവെന്നും ഇതിന് പിന്നാലെ പൂച്ചയില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധിച്ചതോടെ പൂച്ചയിലും രോഗം കണ്ടെത്തുകയായിരുന്നുവെന്നും ഇദ്ദേഹം അറിയിക്കുന്നു. യുകെയില്‍ മൃഗങ്ങളില്‍ രോഗം കണ്ടെത്തിയ ആദ്യ സംഭവമാണിത്. 

നേരത്തെ അമേരിക്കയിലെ ടെക്‌സാസില്‍ വളര്‍ത്തുപട്ടികളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ചില രാജ്യങ്ങളിലും സമാനമായി വളര്‍ത്തുമൃഗങ്ങളില്‍ കൊവിഡ് ഫലം പൊസിറ്റീവായിരുന്നു. എന്നാല്‍ മനുഷ്യരുമായി അടുത്തിടപഴകാത്ത മൃഗങ്ങളില്‍ കൊവിഡ് പിടിപെടുന്നില്ലെന്നും, വളര്‍ത്തുമൃഗങ്ങളാണ് കൂടുതലും ഭീഷണി നേരിടുന്നതെന്നുമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

അതേസമയം, വളര്‍ത്തുമൃഗങ്ങളില്‍ രോഗം കണ്ടെത്തിയെന്നോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

'ഇതുവരെ മനുഷ്യരിലേക്ക് രോഗം പകര്‍ത്തുന്ന കാര്യത്തില്‍ മൃഗങ്ങളുടെ പങ്ക് വലുതായി കണ്ടെത്തപ്പെട്ടിട്ടില്ല. എങ്കില്‍പ്പോലും നിലവിലെ സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുമായോ മൃഗങ്ങളുമായോ ഉള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതാണ് ഉചിതം. നമ്മള്‍ മനുഷ്യര്‍ തമ്മില്‍ പാലിക്കുന്ന സാമൂഹികാകലം പോലെ തന്നെ'- അമേരിക്കയില്‍ നിന്നുള്ള പ്രമുഖ മൃഗ രോഗ വിദഗ്ധന്‍ ആന്‍ഡി ഷ്വാര്‍ട്‌സ് പറയുന്നു. 

Also Read:- അമേരിക്കയിൽ കടുവയ്ക്കും കൊവിഡ് ബാധ: ഇന്ത്യയിലെ മൃഗശാലകളിൽ ജാഗ്രതാ നിർദേശം...

click me!