ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് കൂടിയതാണ് 'നയാഗ്ര ഫാള്‍സ്'. ഇതിലെ ഏറ്റവും വലുതാണ് 'ഹോഴ്‌സ്ഷൂ ഫാള്‍സ്'. 

വന്യമായ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. മനോഹാരിതയോടൊപ്പം തന്നെ പതിയിരിക്കുന്ന അപകടങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. എത്രയോ പേര്‍ക്ക് പ്രകൃതിയുടെ ഈ ചതിക്കുഴിയില്‍ പെട്ട് ജീവന്‍ നഷ്ടമായിട്ടുണ്ട്.

ആവശ്യമായ സുരക്ഷാസംവിധാനങ്ങളില്ലെങ്കില്‍ വെള്ളച്ചാട്ടത്തിലേക്ക് വീണുകഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടുന്ന കാര്യം ചിന്തിക്കേണ്ടെന്നാണ് ഇവിടത്തെ സുരക്ഷാ ജീവനക്കാര്‍. പറയുന്നത്. എന്നാല്‍ അതിശയിപ്പിക്കുന്ന ഒരു സംഭവത്തിന് കഴിഞ്ഞ ദിവസം സാക്ഷികളായിരിക്കുകയാണ് ഇവര്‍. 

ഒരു സുരക്ഷാകവചവുമില്ലാതെ ഒരാള്‍ വെള്ളച്ചാട്ടത്തിലേക്ക് വീണു. വിവരം ലഭിച്ചപ്പോള്‍ തന്നെ അയാളുടെ മരണം അവര്‍ ഉറപ്പിച്ചു. മൃതദേഹമെങ്കിലും ലഭിക്കുമല്ലോയെന്ന, അത്രയും ചെറിയ പ്രതീക്ഷയോടെയാണ് അവര്‍ തിരച്ചിലിനിറങ്ങിയത്. മൂടിവരുന്ന മേഘങ്ങളും, കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ പതയും മുന്നോട്ടുള്ള കാഴ്ചകളെ മറയ്ക്കുന്ന പ്രതികൂലമായ കാലാവസ്ഥയിലും കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടര്‍ന്നു. 

ഒടുവില്‍ അയാളെ അവര്‍ കണ്ടെത്തി. വെള്ളച്ചാട്ടത്തിന് താഴെ ഒരു പാറക്കൂട്ടത്തിന് മുകളിലിരിക്കുകയായിരുന്നു അയാള്‍. സാരമായ പരിക്കുകളൊന്നും തന്നെ പറ്റിയിട്ടില്ല. എങ്കിലും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. 

എങ്ങനെയാണ് പരിക്കുകളൊന്നും കൂടാതെ ആ സഞ്ചാരി രക്ഷപ്പെട്ടതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. കൂര്‍ത്ത കല്ലുകളും, കുഴിവുകളും, വഴുക്കലും നിറഞ്ഞ കുത്തനെയുള്ള താഴ്ചയിലേക്ക് 188 അടിയോളം അയാള്‍ പോയിരുന്നു. എന്നിട്ടും അയാള്‍ സുരക്ഷിതനായിരിക്കുന്നു!

എന്തോ എവിടെയോ ഒരു 'മാജിക്' സംഭവിച്ചിരിക്കുന്നു എന്ന് മാത്രമാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. മറ്റൊരു അതിശയിപ്പിക്കുന്ന സംഭവം കൂടി ഈ സാഹചര്യത്തില്‍ ഇവര്‍ വീണ്ടും ഓര്‍ത്തെടുക്കുന്നു. 59 കൊല്ലങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ഒരേഴുവയസ്സുകാരന്‍ ഇതുപോലെ വെള്ളച്ചാട്ടത്തിന്റെ താഴ്ചകളിലേക്ക് മറഞ്ഞുപോയിരുന്നു. പക്ഷേ വൈകാതെ പരിക്കുകളൊന്നും കൂടാതെ അവനെ താഴെനിന്ന് കണ്ടെത്തി. ഈ വെള്ളച്ചാട്ടത്തില്‍ വീണ്, ആദ്യമായി രക്ഷപ്പെട്ട വ്യക്തിയും ആ കുട്ടിയായിരുന്നു. 

അന്ന് അപകടത്തില്‍പ്പെട്ടപ്പോള്‍ താന്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് പിന്നീട് റോജര്‍ വുഡ്വാര്‍ഡ് എന്ന ബാലന്‍ പല തവണ, വിശദീകരിച്ചിട്ടുണ്ട്. മേഘങ്ങള്‍ക്ക് മുകളിലിരുന്ന് പറക്കുന്നത് പോലെ അത്രയും സുഖകരമായ അനുഭൂതിയായിരുന്നു ആ വീഴ്ച സമ്മാനിച്ചതെന്നായിരുന്നു വുഡ്വാര്‍ഡിന്റെ ഓര്‍മ്മ. 

ഈ രണ്ട്, സംഭവങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ എവിടെയൊക്കെയോ ഇവ രണ്ടും ബന്ധപ്പെട്ട് കിടക്കുന്നത് പോലെ തോന്നുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഏതോ ഒരദൃശ്യശക്തി കാണിക്കുന്ന 'കണ്‍കെട്ട്' പോലെ. അത് പ്രകൃതിയെന്ന ശക്തി തന്നെയാണെന്ന് വിശ്വസിക്കാനാണ് ഇവരിഷ്ടപ്പെടുന്നത്.