ഇങ്ങനെയും പൊലീസുണ്ട്; വീഡിയോയില്‍ സഹായം ചോദിച്ചപ്പോഴേക്ക് നടപടി...

By Web TeamFirst Published Mar 28, 2020, 8:28 PM IST
Highlights

അനീസെത്തി അധികം വൈകാതെ തന്നെ തമന്ന ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഭര്‍ത്താവിനെ തന്റെയടുക്കലെത്തിക്കാന്‍ മുന്‍കയ്യെടുത്ത രണ്‍വിജയ് സിംഗ് എന്ന പൊലീസുദ്യോഗസ്ഥനോടാണ് തനിക്ക് തീരാത്ത കടപ്പാടുള്ളതെന്നും അദ്ദേഹം, ഈ അവസരത്തില്‍ പല തിരക്കുകള്‍ക്കിടയിലും ഇക്കാര്യം ഉത്തരവാദിത്തത്തോടെ ചെയ്യുകയായിരുന്നുവെന്നും തമന്ന പറയുന്നു

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയ പശ്ചാത്തലത്തില്‍ ഭര്‍ത്താവിനെ അടുത്തുവേണമെന്നാവശ്യപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഗര്‍ഭിണിയെ സഹായിച്ച് പൊലീസ്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ തമന്ന ഖാന്‍ എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് അടിയന്തരഘട്ടത്തില്‍ പൊലീസ് സഹായവുമായി എത്തിയത്.

തമന്നയുടെ പ്രസവം അടുത്തിരിക്കുന്ന സമയത്തായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സമയത്ത് ഭര്‍ത്താവ് അനീസ് ഖാന്‍ നോയിഡയിലായിരുന്നു. അവിടെ നിന്ന് ബറേലിയിലേക്ക് വരാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു അനീസ്. 

തുടര്‍ന്ന്, സഹായിക്കാന്‍ മറ്റാരുമില്ല, എങ്ങനെയെങ്കിലും ഭര്‍ത്താവിനെ അടുത്തെത്തിച്ച് തരണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു തമന്ന. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസുദ്യോഗസ്ഥര്‍ അനീസിനെ ബറേലിയിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടു.

അനീസെത്തി അധികം വൈകാതെ തന്നെ തമന്ന ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഭര്‍ത്താവിനെ തന്റെയടുക്കലെത്തിക്കാന്‍ മുന്‍കയ്യെടുത്ത രണ്‍വിജയ് സിംഗ് എന്ന പൊലീസുദ്യോഗസ്ഥനോടാണ് തനിക്ക് തീരാത്ത കടപ്പാടുള്ളതെന്നും അദ്ദേഹം, ഈ അവസരത്തില്‍ പല തിരക്കുകള്‍ക്കിടയിലും ഇക്കാര്യം ഉത്തരവാദിത്തത്തോടെ ചെയ്യുകയായിരുന്നുവെന്നും തമന്ന പറയുന്നു. 

നന്ദി അറിയിക്കുക മാത്രമല്ല, തങ്ങളെ സഹായിച്ച പൊലീസുദ്യോഗസ്ഥന് വേണ്ടി മറ്റൊരു സന്തോഷം കൂടി ഇവര്‍ കരുതിയിട്ടുണ്ട്. ഇപ്പോള്‍ ജനിച്ച കുഞ്ഞിന് ആ പൊലീസുദ്യോഗസ്ഥന്റെ പേര് കൂടി ചേര്‍ത്താണ് ഇവര്‍ പേരിട്ടിരിക്കുന്നത്. മുഹമ്മദ് രണ്‍വിജയ് ഖാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. 

കേരളമുള്‍പ്പെടെ പലയിടങ്ങളിലും അവശ്യസേവനങ്ങള്‍ക്ക് പൊലീസ് തന്നെയാണ് മുന്‍കയ്യെടുക്കുന്നത്. അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയതിന്റെ പേരില്‍ ചിലരെങ്കിലും പൊലീസുകാരാല്‍ മര്‍ദ്ദിക്കപ്പെടുമ്പോഴും തമന്നയുടേയും അനീസിന്റേയും അനുഭവം പൊലീസിന്റെ സേവനത്തിന് ഉത്തമ ഉദാഹരണമാവുകയാണ്. 

click me!