Price Hike : വിലക്കയറ്റത്തില്‍ പുകഞ്ഞ് വീട്ടകങ്ങള്‍; സാധാരണക്കാര്‍ക്ക് ജീവിക്കണ്ടെയെന്ന് ചോദ്യം

By Web TeamFirst Published Jul 17, 2022, 5:36 PM IST
Highlights

അരിക്ക് കിലോക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ കൂടുമെന്നാണ് സൂചന. പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. എല്ലാ ഉത്പന്നങ്ങളുടെയും പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത് ജൂലൈ 18ന് ( നാളെ) തന്നെയാണെന്നാണ് അറിയിപ്പ്. 

പാലും അരിയും അടക്കം ( Rice Price ) നിത്യവും നാം വീടുകളില്‍ ഉപയോഗിക്കുന്ന അവശ്യവസ്തുക്കളുടെ വില കൂട്ടാനുള്ള ( Price Hike ) തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നിത്യവും എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ- ഭക്ഷ്യവസ്തുക്കള്‍ക്കാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരെ വലിയ രീതിയിലാണ് ബാധിക്കാൻ പോകുന്നത്. 

അരി, പാല്‍, തൈര്, ലസ്സി, പനീര്‍, ധാന്യവര്‍ഗങ്ങള്‍ ( ഗോതമ്പ്- ഗോതമ്പുപൊടി അടക്കം), പാക്കറ്റില്‍ ലഭ്യമായിട്ടുള്ള മത്സ്യം, മാംസം, തേന്‍, ശര്‍ക്കര, പപ്പടം എന്നീ ഉത്പന്നങ്ങളാണ് നിലവില്‍ ലഭ്യമായ പട്ടികയിലുള്ളത്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി ഉയര്‍ത്താൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഉത്പന്നങ്ങള്‍ക്കും വിലക്കയറ്റം വന്നിരിക്കുന്നത്. 

അരിക്ക് കിലോക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ കൂടുമെന്നാണ് ( Rice Price ) സൂചന. പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. എല്ലാ ഉത്പന്നങ്ങളുടെയും പുതുക്കിയ വില ( Price Hike ) പ്രാബല്യത്തില്‍ വരുന്നത് ജൂലൈ 18ന് ( നാളെ) തന്നെയാണെന്നാണ് അറിയിപ്പ്. 

ഒന്നൊഴിയാതെ എല്ലാ വീടുകളിലും എല്ലാ ദിവസവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കാണ് വില കൂടിയിരിക്കുന്നത്. നേരത്തെ തന്നെ ഇന്ധനവില, പാചകവാതകവില എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരുന്ന സാധാരണക്കാരന് കനത്ത തിരിച്ചടിയാണ് ഇത് സമ്മാനിക്കുക. 

സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ആളുകളുടെ വിമര്‍ശനമുയരുന്നത്. സാധാരണക്കാര്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്ന ചോദ്യമാണ് മിക്കവരും ഉന്നയിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും വിലക്കയറ്റത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 

എന്തായാലും വീട്ടകങ്ങളില്‍ ബഡ്ജറ്റ് പൊളിച്ചുപണിയുന്നതിന്‍റെ തിരക്കിലാണ് കുടുംബങ്ങള്‍. എത്ര വെട്ടിയാലും തിരുത്തിയാലുമാണ് ഇനി കിട്ടുന്ന വരുമാനം മാസാവസാനം വരെ എത്തിക്കുകയെന്നാണ് ഏവരുടെയും ആശങ്ക. അടിസ്ഥാനാവശ്യങ്ങള്‍ കടന്നുള്ള ആവശ്യങ്ങളിലായിരിക്കും കാര്യമായ വെട്ടിച്ചുരുക്കല്‍ കുടുംബങ്ങള്‍ നടത്തുക. അങ്ങനെയെങ്കില്‍ ആകെ ജീവിതനിലവാരം വീണ്ടും താഴേക്ക് കൊണ്ടുപോകേണ്ട ഗതികേടിലാണ് മധ്യവര്‍ഗകുടുംബങ്ങള്‍. 

കൊവിഡ് പ്രതിസന്ധി കാര്യമായി തളര്‍ത്തിയ തൊഴില്‍മേഖലകള്‍ ഇനിയും ആ തളര്‍ച്ചയില്‍ നിന്ന് കരകയറിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇരട്ടി പ്രഹരമെന്ന നിലയില്‍ അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം. 

Also Read:-  പാലോ പാലുത്പന്നങ്ങളോ വാങ്ങിക്കുമ്പോള്‍ ഈ മൂന്ന് കാര്യങ്ങള്‍ ഓര്‍മ്മിക്കണേ...

click me!