നിങ്ങളുടെ ജോലിയില്‍ എത്രമാത്രം സംതൃപ്തരാണ് നിങ്ങള്‍?

By Priya VargheseFirst Published Dec 6, 2019, 11:19 PM IST
Highlights

ജോലിയിലെ മാനസിക സമ്മർദ്ദം  മൂലം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, പെട്ടെന്നു ദേഷ്യം വരിക, മടുപ്പു തോന്നുക എന്നീ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധിപ്പേരുണ്ട്. മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ജോലി ഉപേക്ഷിക്കുന്നവരും കുറവല്ല.

ജോലിയും വ്യക്തി ജീവിതവും തുല്യമായി ക്രമീകരിച്ചു മുന്നോട്ടു കൊണ്ടുപോകുക എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. മെട്രോ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഒരു ദിവസം ഓഫീസില്‍ പോയി വരാനായി മൂന്നും ആറും മണിക്കൂറുകള്‍ വേണ്ടി വരികയും എട്ടു മണിക്കൂറോ അതില്‍ കൂടുതലോ ജോലിസ്ഥലത്തും ആയിരിക്കുമ്പോള്‍ കുടുംബം എന്നതിന് പ്രാധാന്യം തീരെ നൽകാനാവാത്ത അവസ്ഥയുണ്ടാകുന്നു.

ജോലിയിലെ മാനസിക സമ്മർദ്ദം  മൂലം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, പെട്ടെന്നു ദേഷ്യം വരിക, മടുപ്പു തോന്നുക എന്നീ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധിപ്പേരുണ്ട്. മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ജോലി ഉപേക്ഷിക്കുന്നവരും കുറവല്ല.

 എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന ജോലിയെന്നത് എല്ലായ്പ്പോഴും സാധ്യമായി എന്നു വരില്ലല്ലോ. ഇന്ന് എല്ലാ ജോലികളിലും മാനസിക സമ്മർദ്ദം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മനസ്സിനെ ശാന്തമാക്കാനുള്ള മാർ​ഗങ്ങള്‍ സ്വീകരിക്കുക എന്നത് നാം ഓരോരുത്തരും ചെയ്യേണ്ട വളരെ പ്രാധാനപ്പെട്ട ഒരു കാര്യമാണ്.

ജോലിയില്‍ സംതൃപ്തരല്ല എന്നതിന്റെ ചില ലക്ഷണങ്ങള്‍ 

1.    മുൻപ് വളരെ ചുറുചുറുക്കോടെ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു നിങ്ങള്‍ എങ്കിലും ഇപ്പോള്‍ കുറച്ചു നാളുകളായി അന്നന്നു ചെയ്യേണ്ട ജോലികൾ അടുത്ത ദിവസത്തേക്കോ അടുത്ത ആഴ്ചയിലേക്കോ മാറ്റിവയ്ക്കുന്ന രീതി
2.    ജോലിസ്ഥലത്ത് സോഷ്യല്‍ മീഡിയ ഉപയോഗം, അല്ലെങ്കില്‍ വെറുതെ സമയം തള്ളിനീക്കുക എന്നത് ജോലിയില്‍ താല്പര്യം നഷ്ടപ്പെട്ടതിന്റെ ലക്ഷണമാണ്
3.    മനസ്സിനെ ഉത്‌ക്കണ്‌ഠപ്പെടുത്തുന്ന ചിന്തകള്‍മൂലം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
4.    ജോലിസ്ഥലത്ത് വൈകി എത്തുക
5.    സമയം ക്രമീകരിക്കാന്‍ കഴിയാതെ വരിക
6.    മുൻപ് പത്തു മിനിറ്റിൽ ചെയ്തു തീർക്കാന്‍ കഴിഞ്ഞിരുന്ന ജോലികൾക്ക് ഇപ്പോള്‍ മണിക്കൂറുകള്‍ വേണ്ടി വരിക (നെഗറ്റീവ് ചിന്തകള്‍ മനസ്സിനെ അലട്ടുന്നതാണ് ഇതിനു കാരണം).
7.    ജോലി സമയം ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക
8.    ജോലിസ്ഥലത്ത് എല്ലാവരിലും കുറ്റങ്ങള്‍ മാത്രം കാണുന്ന അവസ്ഥ
9.    പെട്ടെന്നു ദേഷ്യം വരുന്നു എന്നതിനാല്‍ ഒപ്പം ജോലി ചെയ്യുന്നവരുമായി ഒത്തുപോകാന്‍ കഴിയാതെ വരിക വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും മറ്റു മാനസിക പ്രശ്നങ്ങളും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ കാരണമായേക്കാം. അതിനാല്‍ മന:ശാസ്ത്രവിദഗ്‌ദ്ധരുടെ സഹായത്തോടെ കൃത്യമായ രോഗനിർണ്ണയം നടത്തുന്നത് നന്നായിരിക്കും.

ജോലിയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വഴികള്‍

1. നമ്മള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ എല്ലാ സാഹചര്യങ്ങളും നമുക്ക് ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ ജോലിയിലെ മാനസിക സമ്മർദ്ദം വലിയ അളവില്‍ കൂട്ടാന്‍ കാരണമാകും. ജോലികൊണ്ട് എന്താണോ നമ്മുടെ ലക്ഷ്യം അതിനു മാത്രം പ്രാധാന്യം നൽകുകയും മറ്റുള്ളവയ്ക്ക് അമിത പ്രാധാന്യം നല്കാതെയുമിരിക്കുക.
2. ജോലിയില്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെപ്പറ്റി ഒരു ലിസ്റ്റ് തയ്യാറാക്കാം.
3. മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നമ്മുടെ സുഹൃത്തുക്കളുമായി ഈ വിഷയം ചർച്ച ചെയ്യുന്നത് നന്നായിരിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജോലിസ്ഥാപനങ്ങളില്‍ മാനസിക സമ്മർദ്ദം എന്നത് ഉണ്ട് എന്ന തിരിച്ചറിവ് അതിലൂടെ ഉണ്ടാക്കാം.
4. മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലൂടെ സ്ഥാപനത്തിലെ ജീവനക്കാർക്ക് വളരെ കാര്യക്ഷമമായി ജോലി ചെയ്യാന്‍ കഴിയും എന്നു തിരിച്ചറിയാൻ കഴിയണം.
5. മനസ്സിനെ ശാന്തമാക്കാനായി റിലാക്സേഷന്‍ ട്രെയിനിങ്ങ് ആരംഭിക്കാം.
6.ഇപ്പോഴത്തേതിലും ഭേദപ്പെട്ട ഒരു അവസരത്തിനായുള്ള അന്വേഷണം ആരംഭിക്കാനും മാനസിക സമ്മർദ്ദം  കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.

കടപ്പാട്:

Priya Varghese
Clinical Psychologist (RCI Reg)
Ranny, Pathanamthitta
Call: 8281933323 (10am to 2pm)
Free 10mins consultation 


 

click me!