നുണ പറയുന്നവരെ പിടികൂടാന്‍ ഇതാ ചില വഴികള്‍; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

By Priya VargheseFirst Published May 20, 2019, 12:53 PM IST
Highlights

നുണ പറയുന്നവര്‍ സാധാരണയില്‍ നിന്നും വേഗം കുറച്ചാവും സംസാരിക്കുക. ചുരുക്കി പറയാന്‍ ശ്രമിക്കും. ഒരേകാര്യം തന്നെ അവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കും. അതിശയോക്തി കലര്‍ന്ന വര്‍ണ്ണനകളാവും അവര്‍ നടത്തുക. വിഷയത്തെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവും. ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം മറുചോദ്യം കൊണ്ട് അതില്‍ നിന്നും രക്ഷപെടാനുള്ള നീക്കം നടത്തും. 

നുണ പറച്ചില്‍ നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമാണ്. നുണ പറയാത്ത ഒരു ദിവസം പോലും നമുക്കില്ല. ശരാശരി രണ്ട് നുണകള്‍ ഒരു ദിവസം നമ്മളെല്ലാവരും പറയും എന്നാണ് കണക്ക്. ഇതില്‍ എന്തെങ്കിലും കാര്യം നടത്തിയെടുക്കാന്‍ പറയുന്ന നുണകള്‍, നാല് പേരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ തട്ടിവിടുന്നവ, മനസ്സില്‍ ഇഷ്ടക്കേട് സൂക്ഷിച്ച് പുറമേ സ്നേഹം പ്രകടപ്പിക്കുന്നത്, വീട്ടിലെത്താന്‍ വൈകിയതിന് കാരണമായി പറയുന്ന നുണകള്‍-ഇതെല്ലാം ഉള്‍പ്പെടും.

ചിലര്‍ മിണ്ടിത്തുടങ്ങിയാല്‍ നുണയുടെ ഒരുഘോഷയാത്ര തന്നെ നടക്കും. നുണയില്‍ പൊതിഞ്ഞവര്‍ണ്ണശബളമായ നല്ല ഒന്നാന്തരം കള്ളക്കഥകള്‍ കേള്‍ക്കുന്നവര്‍ വിശ്വസിച്ചു പോകുന്ന തരത്തില്‍ വിവരിക്കാന്‍ വിരുതന്മാരാണ്‌ ചിലര്‍. മറ്റുള്ളവരില്‍ നിന്നും സഹാനുഭൂതിയും ആദരവും പിടിച്ചുപറ്റാന്‍ രോഗിയായും ത്യാഗിയായുമൊക്കെ സ്വയം ചിത്രീകരിച്ചും ചിലര്‍ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാം. നുണപറച്ചിലില്‍ ചിലര്‍ക്കുള്ള നൈപുണ്യം വലുതാണെങ്കിലും എത്ര ശ്രമിച്ചാലും മറയ്ക്കാനാവാത്ത പല ലക്ഷണങ്ങളും അവര്‍ പ്രകടമാക്കും. അതെന്തെല്ലാമെന്ന് നോക്കാം.

നുണ പറയുന്നവരുടെ സംസാരശൈലി...

നുണ പറയുന്നവര്‍ സാധാരണയില്‍ നിന്നും വേഗം കുറച്ചാവും സംസാരിക്കുക. ചുരുക്കി പറയാന്‍ ശ്രമിക്കും. ഒരേകാര്യം തന്നെ അവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കും. അതിശയോക്തി കലര്‍ന്ന വര്‍ണ്ണനകളാവും അവര്‍ നടത്തുക. വിഷയത്തെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവും. ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം മറുചോദ്യം കൊണ്ട് അതില്‍ നിന്നും രക്ഷപെടാനുള്ള നീക്കം നടത്തും. 

സാധാരണ ഉപയോഗിക്കുന്ന വാക്കുകളല്ലാതെ അച്ചടി ഭാഷാ പ്രയോഗങ്ങളൊക്കെ ചിലപ്പോള്‍ നടത്തിക്കളയും. ‘ഞാന്‍’, ‘എന്‍റെ’ എന്നെല്ലാമുള്ള വാക്കുകള്‍ കഴിവതും ഒഴിവാക്കി നുണക്കഥകളില്‍ തങ്ങളുടെ പങ്കാളിത്തം ഇല്ലാതെയാക്കാന്‍ ശ്രമിക്കും. ഒരേ ചോദ്യം പലരീതിയില്‍ ആവര്‍ത്തിച്ചാല്‍ അതിനൊക്കെ ഒരേ മറുപടി കിട്ടാതെ വരുന്നതും പറയുന്നത് നുണയാണ് എന്നതാണ്‌ കാണിക്കുന്നത്.

ശരീരഭാഷ...

ശരീരഭാഷ ശ്രദ്ധിക്കുന്നതിലൂടെയും ചില സൂചനകള്‍ ലഭിക്കും.നുണ പറയുമ്പോള്‍ കൈ വിരലുകള്‍ അസ്വസ്ഥ മായിരിക്കും. അതുമറയ്ക്കാന്‍ ചിലപ്പോള്‍ കൈപുറകില്‍ കെട്ടി നിന്നാവും സംസാരിക്കുക. കൈകള്‍ വലിഞ്ഞുമുറുകിയോ, ശരീരം നേരെ അല്ലാതെ വളഞ്ഞു പുളഞ്ഞ രീതിയിലോ ഉള്ളിലേക്കു വലിഞ്ഞോ കാണാന്‍ കഴിയും. സംസാരിക്കുമ്പോള്‍ അനങ്ങാതെ സ്വസ്ഥമായി നിൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും. ശ്വാസത്തിന്‍റെ വേഗത കൂടുതലായിരിക്കും.

മുഖഭാവം...

സൂക്ഷ്മമായ ചലനങ്ങള്‍ ചിലത്മുഖത്തുപ്രകടമാകും. നുണ പറയുന്നതിന്‍റെ ലജ്ജകാരണം മുഖം ചുവക്കുന്നതായി കാണാം. ചുണ്ടില്‍ ചിരി വരുത്തുമെങ്കിലും കണ്ണുകളില്‍ ആ സന്തോഷം കാണാനാവില്ല. സംസാരിക്കുന്ന ആളിന്‍റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയാതെ വരികയും, സാധാരണയില്‍ കൂടുതല്‍ കണ്ണുചിമ്മുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കും എന്നറിയാവുന്ന ചിലര്‍ തുറിച്ചുനോക്കുകയും, കണ്ണുകള്‍ ചിമ്മാന്‍ അനുവദിക്കാതെയുമിരിക്കും. മൂക്കിന്‍റെ ചലനം, കൈകൊണ്ടുവായ മറയ്ക്കുക, വിയര്‍ക്കുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു ശ്രദ്ധിക്കുക.

‘ഇല്ല’ എന്നവര്‍ പറയുമ്പോള്‍ ശ്രദ്ധിക്കുക...

•    ‘ഇല്ല’എന്ന് പറഞ്ഞതിന് ശേഷം കണ്ണുചിമ്മുക
•    വേറെ ദിശയിലേക്കുനോക്കി ‘ഇല്ല’ എന്നു പറയുക
•    ‘ഇല്ല’ എന്ന് നീട്ടി പറയുക.
•    ‘ഇല്ല’എന്ന് ഈണത്തില്‍ പറയുക
•    ഒരുമടിയോടെ ‘ഇല്ല എന്ന് പറയുക.

  നിരവധി സ്തുതി വാക്കുകള്‍...

സത്യസന്ധമായി നമ്മളോട് ഇടപെടുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഒരാള്‍ അയാളില്‍ വിശ്വാസമുണ്ടാക്കി യെടുക്കാന്‍ കഠിനമായി പരിശ്രമിക്കുന്നു എന്നു തോന്നിയാല്‍ ജാഗ്രത പാലിക്കുക. നമ്മുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുക, വാഴ്ത്തിപറയുക, നമ്മള്‍ പറയുന്ന എല്ലാഫലിതങ്ങളും ആസ്വദിക്കുന്നതായി തോന്നലുണ്ടാക്കുക- ഒരു വിയോജിപ്പും കാണിക്കാത്ത ഈ സമീപനം സത്യസന്ധതയും ആത്മാര്‍ഥതയും ഇല്ലാത്തതിന്‍റെ ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്.

നമുക്ക് വളരെ പരിചിതരായ ആളുകള്‍ നുണ പറയുന്നോ എന്നു കണ്ടെത്താന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ കഴിയും. അപരിചിതരുടെ കാര്യത്തില്‍ അത്ര പെട്ടെന്നതു കഴിഞ്ഞെന്നുവരില്ല. പഠിച്ച കള്ളന്മാര്‍ ഈ വിദ്യകളെ പ്പറ്റി അഗാധമായ ജ്ഞാനം ഉള്ളവരായതിനാല്‍ അവരെ പിടികൂടുക എളുപ്പമല്ല.

എഴുതിയത്:

പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com

click me!