പെര്‍ഫെക്ഷനിസം; മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമ്പോള്‍; സൈക്കോളജിസ്റ്റ് എഴുതുന്നത്...

By Priya VargheseFirst Published Aug 6, 2019, 2:38 PM IST
Highlights

‘പെര്‍ഫെക്ഷനിസം’ അമിത നിലയിലേക്ക് പോകുന്നത് വിഷാദരോഗത്തിനും, ശാരീരിക പ്രശ്നങ്ങള്‍ക്കും, വ്യക്തി ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കാനും എല്ലാം കാരണമാകും. കൃത്യതയില്‍ നിന്നും അല്പം പോലും വ്യതിചലിക്കുന്നത്‌ അത്തരം സ്വഭാവ രീതിയുള്ളവരില്‍ സ്വയം കുറ്റപ്പെടുത്തലും, സ്വയം വിലയില്ലയ്മയും ഉണ്ടാക്കും.

എല്ലാ ജോലികളും കൃത്യതയോടെ ചെയ്യാന്‍ കഴിയുക എന്നത് വളരെ നല്ല ഒരു കാര്യമാണ്. എന്നാല്‍ ഈ കൃത്യത പാലിക്കുക എന്ന ശീലം ദൈനംദിന പ്രവര്‍ത്തികളെയും, കുടുംബബന്ധത്തെയും, ജോലിസ്ഥലത്തെ പെരുമാറ്റത്തെയും, വ്യക്തി ബന്ധങ്ങളെയുമെല്ലാം ദോഷകരമായി ബാധിക്കാന്‍ തുടങ്ങിയാലോ? എല്ലാ കാര്യത്തിലും നൂറു ശതമാനം പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുകയും അതു സാധ്യമാകാതെ വരുമ്പോള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിനതു കാരണമാകുകയും ചെയ്യുന്ന അവസ്ഥ വളരെ ദോഷകരമാണ്.

‘പെര്‍ഫെക്ഷനിസം’ അമിത നിലയിലേക്ക് പോകുന്നത് വിഷാദരോഗത്തിനും, ശാരീരിക പ്രശ്നങ്ങള്‍ക്കും, വ്യക്തി ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കാനും എല്ലാം കാരണമാകും. കൃത്യതയില്‍ നിന്നും അല്പം പോലും വ്യതിചലിക്കുന്നത്‌ അത്തരം സ്വഭാവ രീതിയുള്ളവരില്‍ സ്വയം കുറ്റപ്പെടുത്തലും, സ്വയം വിലയില്ലയ്മയും ഉണ്ടാക്കും. ജീവിതത്തില്‍ ഒരിക്കലും സന്തോഷമില്ലാത്ത അവസ്ഥ ഇതു സൃഷ്ടിക്കും.

സ്വയം വിലയിരുത്തല്‍ നടത്തുമ്പോള്‍ പരാജയത്തിന് അമിത പ്രാധാന്യം നല്‍കുന്ന രീതിയാണ് കര്‍ക്കശ മനോഭാവമുള്ളവരില്‍ കാണപ്പെടുക. വിജയത്തിനുവേണ്ടി പരിശ്രമിക്കുന്നതും നൂറു ശതമാനം കൃത്യത ഉറപ്പാണെങ്കില്‍ മാത്രമേ ശ്രമിക്കൂ എന്ന് ചിന്തിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. യാഥാര്‍ത്ഥ്യ ബോധത്തോടെകാര്യങ്ങളെ സമീപിക്കുന്നു എങ്കില്‍ മാത്രമേ ചെയ്യുന്ന പ്രവര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും താല്പര്യത്തോടെ ജോലികള്‍ നിര്‍വ്വഹിക്കാനുള്ള മനസ്സുണ്ടാവുകയും ചെയ്യും.

ചില ഉദാഹരണങ്ങള്‍

•    വീട്ടിലുള്ള ഓരോ വസ്തുക്കളും എല്ലായ്പ്പോഴും അതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥാനങ്ങളില്‍ തന്നെ ആയിരിക്കണം എന്ന നിര്‍ബന്ധമുള്ള പിതാവ്. അദ്ദേഹം ഓഫീസില്‍ നിന്നും വരുമ്പോള്‍ ഭാര്യവീടു വൃത്തിയാക്കുന്നതിനിടയില്‍ അദ്ദേഹം വായിച്ചു കൊണ്ടിരുന്ന പുസ്തകം ഷെല്‍ഫില്‍ വച്ച സ്ഥലത്തു നിന്നും അല്പം മാറിയിരിക്കുന്നത് കാണുന്നു. നിസ്സാരം എന്നു തോന്നുമെങ്കിലും ഈ കാര്യം അദ്ദേഹത്തെ സംബന്ധിച്ചു വലിയ ഒരു പ്രശ്നം തന്നെയാണ്. അതിനെ ചൊല്ലി ഭാര്യയുമായി അദ്ദേഹം വഴക്കിടുകയും ഒരാഴ്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാതെയും ആരോടും മിണ്ടാതെയുമിരിക്കുന്നു. മക്കള്‍ക്ക്‌ പിതാവു വീട്ടിലേക്കു വരേണ്ട എന്ന ചിന്തയാണ്. വീട്ടിലെത്തിയാല്‍ വീട്ടിലുള്ളവര്‍ക്ക് ഒരു സ്വാതന്ത്യവും അനുവദിക്കില്ല. അദ്ദേഹം തീരുമാനിക്കും പോലെ കൃത്യത ഓരോ ചെറിയ കാര്യത്തില്‍ പോലും പാലിക്കപ്പെടുന്നില്ല എങ്കില്‍ വലിയ കുടുംബ പ്രശ്നത്തിലേക്കു വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു.

•    ഐ.ടി മേഘലയില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി. ജോലികളില്‍ നൂറു ശതമാനം കൃത്യത പാലിക്കണം എന്ന ആഗ്രഹത്തില്‍ ജോലികള്‍ ചെയ്യുകയും എന്നാല്‍ താന്‍ ആഗ്രഹിക്കുന്ന പെര്‍ഫെക്ഷന്‍ ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ വലിയ നിരാശയിലേക്കും വിഷാദത്തിലേക്കും പോകുന്നു. പതിയെ ജോലി ചെയ്യാനുള്ള താല്പര്യം നഷ്ടപ്പെടുന്നു. ഈ ഒരവസ്ഥ മുന്‍പു ജോലിയില്‍ കാണിച്ചിരുന്ന മികവു തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു.

•    ചെറുപ്രായം മുതലേ എല്ലാ വിഷയത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി വന്ന വിദ്യാര്‍ത്ഥി. ഒരു ഘട്ടമെത്തിയപ്പോള്‍ മുന്‍പുണ്ടായിരുന്ന അതേ നിലയില്‍ മാര്‍ക്കുകള്‍ വാങ്ങാന്‍ കഴിയാതെ വന്നു എന്നത് വലിയ നിരാശയുണ്ടാക്കുകയും മരിക്കാം എന്ന തീരുമാനത്തിലേക്കു വരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

എങ്ങനെ പരിഹരിക്കാം?

ന്യൂനതകളെ പാഠമായി ഉള്‍കൊണ്ട് ഇനി ഇത്തരം അവസരങ്ങളില്‍ എങ്ങനെ അതിനെ നേരിടാം എന്ന ഒരു വീക്ഷണം ഉണ്ടാക്കിയെടുക്കുന്നവരില്‍ മാത്രമേ വിജയം കൈവരിക്കാനുള്ള അവസരം ലഭിക്കൂ. കൃത്യത സാധ്യമല്ല എന്ന കാരണത്താല്‍ പിന്‍മാറുന്ന മനോഭാവം ഒരു വ്യക്തിയുടെ മുന്‍പോട്ടുള്ള പ്രയാണത്തിനു തടസ്സം സൃഷ്ടിക്കും.

വിജയവും പരാജയവും ജീവിതത്തില്‍ നേരിടേണ്ടവരാണ് എല്ലാ മനുഷ്യരും. അതിനാല്‍ തന്നെ ചെറുപ്രായം മുതലേ കുട്ടികളെ അതിനു സജ്ജരാക്കേണ്ട കടമ മാതാപിതാക്കള്‍ക്കുണ്ട്. ഒരുപരാജയമെന്നാല്‍അതുകൊണ്ട് ഒരു വ്യക്തിയുടെ ജീവിതം അവിടെ അവസാനിക്കുന്നില്ല. ഈ തിരിച്ചറിവ് നമുക്കാവശ്യമാണ്. മന:ശാസ്ത്ര ചികിത്സയിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിക്കാം. ചിന്തകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെ എന്ന് തിരിച്ചറിയാനും ചികിത്സയിലൂടെ സാധ്യമാണ്.

എഴുതിയത്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available from 10am to 2pm

click me!