ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയം, ശ്വാസ തടസ്സം, തലചുറ്റല്‍, വിറയല്‍ എന്നിവ തോന്നുക; സൈക്കോളജിസ്റ്റ് എഴുതുന്നത്

By Priya VargheseFirst Published Oct 24, 2019, 6:02 PM IST
Highlights

ഒറ്റയ്ക്ക് ട്രെയിനില്‍, ബസില്‍, വിമാനത്തില്‍ ഒക്കെ യാത്ര ചെയ്യാന്‍, ആളുകള്‍ കൂടിനില്‍ക്കുന്നയിടങ്ങളില്‍, ലിഫ്റ്റില്‍, സിനിമ ഹാളില്‍, ഷോപ്പിംഗ്‌ മാള്‍,  അടഞ്ഞ മുറികള്‍ അങ്ങനെ എന്തെങ്കിലും അപകടം നടന്നാല്‍ ഓടി രക്ഷപെടുക എളുപ്പമല്ലാത്ത ഇടങ്ങളോട് അസാധാരണമായ ഭയം തോന്നാറുണ്ടോ?.

ഭയം എന്നത് എല്ലാ മനുഷ്യർക്കും പരിചിതമായ ഒന്നാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് ഭയം കൊണ്ടുള്ള ഗുണങ്ങള്‍. എന്നാല്‍ അകാരണഭയം (Phobia) ഇതില്‍ നിന്നും വ്യത്യസ്തമാണ്. യുക്തിരഹിതമായ ഭയമാണ് ഫോബിയ. എന്നാല്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പ്രയാസമുള്ള സാഹചര്യങ്ങളോടാണ് ആ ഭയമെങ്കിലോ?.

ഒറ്റയ്ക്ക് ട്രെയിനില്‍, ബസില്‍, വിമാനത്തില്‍ ഒക്കെ യാത്ര ചെയ്യാന്‍, ആളുകള്‍ കൂടിനില്‍ക്കുന്നയിടങ്ങളില്‍, ലിഫ്റ്റില്‍, സിനിമ ഹാളില്‍, ഷോപ്പിംഗ്‌ മാള്‍,  അടഞ്ഞ മുറികള്‍ അങ്ങനെ എന്തെങ്കിലും അപകടം നടന്നാല്‍ ഓടി രക്ഷപെടുക എളുപ്പമല്ലാത്ത ഇടങ്ങളോട് അസാധാരണമായ ഭയം തോന്നാറുണ്ടോ?. കൗമാരത്തിലോ യൗവ്വനത്തിന്റെ ആരംഭത്തിലോ ആയിരിക്കും ഈ പ്രശ്നമുള്ള അധികം ആളുകളിലും ഈ ഭയം ആരംഭിക്കുക.

ചിലരില്‍ കുട്ടിക്കാലത്ത് തന്നെ ഈ പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കാം. പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ അകാരണ ഭയങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ശ്വാസം കിട്ടാതെ വരുമോ എന്ന ഭീതിയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ജനാലകള്‍ തുറന്നിടുക, അപകടം സംഭവിച്ചാല്‍ വേഗം രക്ഷപെടാന്‍ വാതിലിന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുക എന്നതെല്ലാം ഇവര്‍ സ്ഥിരമായി ചെയ്യും.

ചിലരില്‍ അവര്‍ തന്നെ വാഹനം ഓടിക്കുമ്പോള്‍ ഭയം അനുഭവപ്പെടില്ല എങ്കിലും മറ്റൊരാള്‍ ഓടിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ വല്ലാത്ത ഭയം അനുഭവപ്പെടാം. യാത്രയെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ ചിലർക്ക് വലിയ ഭയം അനുഭവപ്പെടും. ജീവിതത്തെയും ജോലിയെയുമെല്ലാം ഈ അവസ്ഥ വളരെ ദോഷകരമായി ബാധിക്കുന്നതായി പലരിലും കാണാന്‍ കഴിയും. 

ഭയംമൂലം ഒറ്റയ്ക്ക് വീടിനു പുറത്തേക്കു പോകുക തന്നെ ചിലപ്പോള്‍ അവർക്ക് അസാധ്യമായി എന്നു വരാം. ഭയം തോന്നുന്ന സാഹചര്യങ്ങളില്‍ പോകുന്ന പക്ഷം വലിയ അപകടങ്ങൾക്ക് സാധ്യത വളരെ കൂടുതലായി അവർക്ക്  തോന്നും. മരണം പോലും സംഭവിച്ചേക്കാം എന്നാവും അവര്‍ ചിന്തിക്കുക.

ഇത്തരം സാഹചര്യങ്ങളില്‍ പെട്ടെന്ന് അമിതഭീതി ഉണ്ടാവുകയും ശ്വാസ തടസ്സം, നെഞ്ചിടിപ്പുയരുക, തലചുറ്റല്‍, വിറയല്‍ എന്നിവ തോന്നാം. അതിനാല്‍ ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും. എന്നാല്‍ എത്ര നാള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവോ അത്രയും കാലം ആ ഭീതി മാറാതെ തുടരുകയാണ് ചെയ്യുക.

മന:ശാസ്ത്ര ചികിത്സ...

Cognitive Behaviour Therapy എന്ന മന:ശാസ്ത്ര ചികിത്സയിലൂടെ ഭയത്തെ അതിജീവിക്കാന്‍ സാധ്യമാണ്. അങ്ങനെ ഭയമുള്ള സാഹചര്യങ്ങളെ ധൈര്യപൂർവ്വം നേരിടാന്‍ വ്യക്തികളെ പ്രാപ്തരാക്കുക എന്നുള്ളതാണ് ചികിത്സയുടെ ലക്ഷ്യം.

കടപ്പാട്; 

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റാന്നി, പത്തനംതിട്ട
Consultation available on Sunday also
Call: 8281933323

click me!