കുട്ടികളുടെ ജീവിതവിജയത്തിന് രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങള്‍

By Web TeamFirst Published Jan 17, 2020, 6:58 PM IST
Highlights

ജീവിതത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും നഷ്ടങ്ങള്‍ ഉണ്ടാവുക, പരാജയം സംഭവിക്കുക എന്നതെല്ലാം എല്ലാ ആളുകളുടെയും മനസ്സിനെ വിഷമിപ്പിക്കും. എന്നാല്‍ എത്ര വേഗം ആ ദു:ഖങ്ങളില്‍ നിന്നും ജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ ഒരു വ്യക്തിക്കു കഴിയുന്നു എന്നതാണ് പ്രധാനം.

ലോകമെമ്പാടും എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു, ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു എന്നെല്ലാമുള്ള കണക്കുകള്‍ നമുക്ക് അറിവുള്ളതാണ്. ജീവിതത്തിൽ പ്രതിസന്ധികളിൽ തളരുമ്പോൾ പെട്ടെന്നു തകർന്നു പോകുന്ന ആളുകളുടെ കുട്ടിക്കാലം എങ്ങനെയായിരുന്നു എന്നതും വളരെ പ്രസക്തമാണ്‌. പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് അത്തരം സാഹചര്യങ്ങളെ നേരിട്ട അനുഭവങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതാണ്.

ജീവിതത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും നഷ്ടങ്ങള്‍ ഉണ്ടാവുക, പരാജയം സംഭവിക്കുക എന്നതെല്ലാം എല്ലാ ആളുകളുടെയും മനസ്സിനെ വിഷമിപ്പിക്കും. എന്നാല്‍ എത്ര വേഗം ആ ദു:ഖങ്ങളില്‍ നിന്നും ജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ ഒരു വ്യക്തിക്കു കഴിയുന്നു എന്നതാണ് പ്രധാനം. ചെറുപ്പകാലത്ത് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നത് മുന്നോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടാന്‍ കുട്ടികളെ സഹായിക്കും. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1.    കുട്ടികളുമായി നല്ല വൈകാരിക അടുപ്പം ഉണ്ടാക്കിയെടുക്കാം

കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാം. നമ്മുടെ കണ്ണില്‍ ചെറുതെന്ന് തോന്നാമെങ്കിലും അവരുടെ പ്രശ്നങ്ങള്‍ എന്തെല്ലാമെന്നു ചോദിച്ചറിയാം. കൂട്ടുകാരുമായുള്ള ചെറിയ വഴക്കുകളൊക്കെയാവും കുട്ടികൾക്ക്  പറയാനുണ്ടാവുക. മാതാപിതാക്കളുമായി നല്ല വൈകാരിക അടുപ്പം ഉണ്ടാവുക എന്നത് കുട്ടികളുടെ മാനസികാരോഗ്യം നിലനിർത്താൻ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ക്ഷമയോടെ ഒരാളെ കേൾക്കുന്നത് എങ്ങനെ, എങ്ങനെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാം എന്നതെല്ലാം മാതാപിതാക്കള്‍ കുട്ടികൾക്ക് മാതൃകയാകാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്.

2.  കുട്ടികൾക്ക് ധൈര്യം പകർന്നു കൊടുക്കാം

കുട്ടികൾക്ക് അപകടം പറ്റുമോ എന്ന ഭയംമൂലം ഓടിക്കളിക്കാന്‍ പോലും പലപ്പോഴും മാതാപിതാക്കള്‍ കുട്ടികളെ അനുവദിക്കാറില്ല. മറ്റുകുട്ടികള്‍ക്കൊപ്പം ചേർന്നു  കളിക്കുമ്പോള്‍ അവർക്കിടയില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുക എന്നതു തന്നെ അവരില്‍ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിന്റെ ആദ്യ പാഠങ്ങളാണ്. അവർക്ക്  ഭയമുള്ള കാര്യങ്ങളെ മാതാപിതാക്കളുടെ പിന്തുണയോടെ സാവധാനം നേരിട്ട് ഭയം ഇല്ലാതെയാക്കാന്‍ അവർക്ക് ധൈര്യം പകരാം. വലുതാകുമ്പോള്‍ ഒറ്റയ്ക്കു പ്രശ്നങ്ങളെ അതിജീവിക്കാനുള്ള പ്രാപ്തി നേടാന്‍ ഇത്തരം സന്ദർഭങ്ങള്‍ സഹായകരമാകും.

3.  പരാജയങ്ങളെ പാഠമായി ഉൾക്കൊള്ളാൻ അവരെ പഠിപ്പിക്കാം

ഇന്ന് പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം  കുട്ടികള്‍നേരിടുന്നുണ്ട്. എല്ലാ കാര്യങ്ങളിലും കുട്ടി ഒന്നാമതെത്തണം എന്നു നമ്മള്‍ വാശിപിടിക്കുമ്പോള്‍ എല്ലാം അവസാനിക്കുകയാണ് എന്ന തെറ്റായ സന്ദേശമാണ് അവർക്ക് നൽകുന്നത് .മറ്റു കുട്ടികളുമായി നിരന്തരം താരതമ്യം ചെയ്യുന്ന രീതി ഒഴിവാക്കാം. സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും ആത്മവിശ്വാസം വളർത്തിയെടുക്കാനും നമുക്കവരെ സഹായിക്കാം. ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ തകർന്നുപോകാതെ പ്രശ്ന പരിഹാരത്തിനായുള്ള മാർ​ഗങ്ങള്‍ കണ്ടെത്താന്‍ അവരെ ശീലിപ്പിക്കാം.

4.  ശുഭാപ്തി വിശ്വാസം വളർത്തിയെടുക്കാം

സ്വയം കുറ്റപ്പെടുത്തുക, സ്വയം വിലകുറച്ചുകാണുക എന്നീ രീതികള്‍ മുതിർന്നവരെ പോലെ കുട്ടികളും പ്രകടമാക്കാം. അതിനാല്‍ അത്തരം രീതികള്‍ മാതാപിതാക്കളും ഒഴിവാക്കേണ്ടതുണ്ട്. വീട്ടില്‍ പ്രശ്നങ്ങളെപ്പറ്റി മാത്രം എപ്പോഴും സംസാരിക്കുന്നത് ഒഴിവാക്കുക. ജീവിതത്തിലെ നന്മകൾക്ക് പ്രാധാന്യം നല്കാന്‍ അവരെ പഠിപ്പിക്കാം.

5.  അമിത പെർഫെക്ഷൻ ഒഴിവാക്കാം

കുട്ടികളില്‍ നിന്നും അമിതപെര്‍ഫെക്ഷന്‍ ആഗ്രഹിച്ച് അവരെ മാനസിക സമ്മർദ്ദത്തില്‍ ആക്കുന്ന രീതി ഉണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടതാണ്. അത്തരം രീതികള്‍ തുടരുന്നത് പരാജയം സംഭവിക്കുമോ എന്ന ഭയത്തില്‍ എല്ലാ കാര്യങ്ങളില്‍ നിന്നും പിൻവലിയാനുള്ള പ്രവണത അവരില്‍ ഉണ്ടാക്കും. കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കാം.

6.  തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കാം

ചെറിയ കാര്യങ്ങളില്‍ അവർക്ക് കഴിയുംപോലെ തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രപ്തരാക്കാം. ഓരോ ചെറിയ കാര്യങ്ങൾക്കും എപ്പോഴും മാതാപിതാക്കളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്കു കാര്യങ്ങളെ നേരിടാന്‍ അവരെ സജ്ജരാക്കാം. തെറ്റും ശരിയും വേർതിരിക്കാൻ അവരെ സഹായിക്കാം. അതോടൊപ്പം തന്നെ കുട്ടികള്‍ തെറ്റായ കൂട്ടുകെട്ടുകളില്‍ അകപ്പെടുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തുകയും വേണം.

  7. മാതാപിതാക്കള്‍ എപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാം

എന്ത് പ്രശ്നം വന്നാലും സഹായിക്കാന്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ട് എന്ന ഉത്തമ വിശ്വാസം കുട്ടിയില്‍ വളര്‍ത്തിയെടുക്കുക. വിഷാദം,ഉത്‌ക്കണ്‌ഠ, ഭയം എന്നീ പ്രശ്നങ്ങള്‍ മുതിർന്നവരില്‍ മാത്രമല്ല കുട്ടികളിലും ചില സമയങ്ങളില്‍ പ്രകടമാകാം. മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമാണ് അവയെല്ലാം ഏറ്റവും ആദ്യം തിരിച്ചറിയാന്‍ കഴിയുക. എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ കഴിയുന്ന നല്ല അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിയെടുക്കാം.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
Call: 8281933323


 

click me!