ആളുകളെ അഭിമുഖീകരിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?

By Priya VargheseFirst Published Jul 28, 2019, 9:39 AM IST
Highlights

വിഷാദരോഗവും, അമിതമദ്യപാനശീലവും കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് സാമൂഹിക ഭയം. ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ സാമൂഹിക ഭയം നേരിടുന്നവര്‍ അനുഭവിക്കുന്നു.. ഇത് ഉല്‍കണ്‌ഠമൂലം ഉണ്ടാകുന്ന ഒരു രോഗമാണെന്നും, മന:ശാസ്ത്ര ചികിത്സയിലൂടെ ഇതുഭേദപ്പെടുത്താന്‍ കഴിയുമെന്നുമുള്ള അവബോധം പലര്‍ക്കുമില്ല. 

1.    മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോള്‍ നിങ്ങള്‍ക്കു വലിയ ടെന്‍ഷന്‍ അനുഭവപ്പെടാറുണ്ടോ?
2.    മറ്റുള്ളവര്‍ നിങ്ങളെ വിമർശിക്കും എന്ന ഭയമാണോ എപ്പോഴും?
3.    അടുത്ത ബന്ധുക്കളുടെ പോലും വിവാഹം, മറ്റു ചടങ്ങുകള്‍ എന്നിവ ഈ ബുദ്ധിമുട്ടുമൂലം നിങ്ങള്‍ ഒഴിവാക്കാറുണ്ടോ?
4.    കല്യാണങ്ങള്‍ക്കും മറ്റും പോകുമ്പോള്‍ നിങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കും എന്നതിനാല്‍ അവിടെനിന്നും ഭക്ഷണം കഴിക്കുക വലിയ ബുദ്ധിമുട്ടാണോ?
5.    ഒരു കൂട്ടം ആളുകളെ അഭിമുഖീകരിച്ചു സംസാരിക്കേണ്ടി വരിക (സ്റ്റേജില്‍, മീറ്റിങ്ങ്) എന്നതിനെ നിങ്ങള്‍ വല്ലാതെ ഭയക്കുന്നുണ്ടോ?
6.    നിങ്ങള്‍ ടെന്‍ഷനിലാണ് എന്നത് നിങ്ങളെ കാണുമ്പോള്‍  മറ്റുള്ളവര്‍ മനസ്സിലാക്കും എന്ന ഭയമുണ്ടോ?
7.    നിങ്ങള്‍ ഭയക്കുന്ന സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ പെട്ടെന്നു നെഞ്ചിടിപ്പുയരുക, ശ്വാസതടസ്സം പോലെ, തലചുറ്റല്‍, വിറയല്‍ എന്നിവ വലിയ അളവില്‍ അനുഭവപ്പെടാറുണ്ടോ?

സാമൂഹിക ഭയം ജീവിതത്തെ ദോഷകരമായി ബാധിക്കുമ്പോള്‍...

വിഷാദരോഗവും, അമിതമദ്യപാനശീലവും കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് സാമൂഹിക ഭയം. ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ സാമൂഹിക ഭയം നേരിടുന്നവര്‍ അനുഭവിക്കുന്നു. ഇത് ഉല്‍കണ്‌ഠമൂലം ഉണ്ടാകുന്ന ഒരു രോഗമാണെന്നും, മന:ശാസ്ത്ര ചികിത്സയിലൂടെ ഇതുഭേദപ്പെടുത്താന്‍ കഴിയുമെന്നുമുള്ള അവബോധം പലര്‍ക്കുമില്ല.

ജോലിയില്‍ വളരെ കഴിവുള്ള ആളുകള്‍ക്കുപോലും ഈ ഒരു പ്രശ്നംമൂലം ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയംമൂലം പലസാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന രീതി വ്യക്തി ബന്ധങ്ങളെ ദോഷകരമായി ബാധിക്കും. വിമര്‍ശിക്കപ്പെടും എന്ന ഭയം മുന്നിട്ടു നില്‍ക്കുന്നതിനാല്‍ പലപ്പോഴും പലരും നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിനു ശ്രദ്ധ കൊടുക്കാതെ പോകുന്ന അവസ്ഥയുമുണ്ടാകും.

ഇതെല്ലാം വെറുതെ തോന്നലുകള്‍ മാത്രമാണ് എന്ന് മനസ്സിലാക്കുന്നു എങ്കില്‍പോലും ഭയത്തെയും ഉല്‍കണ്‌ഠയെയും അതിജീവിക്കാന്‍ കഴിയാതെ അസ്വസ്ഥമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുകയാവും ആ വ്യക്തി ചെയ്യുക. ചിലര്‍ക്ക് അ പരിചിതരോട് സംസാരിക്കേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടനുഭപ്പെടുന്നു എങ്കില്‍ മറ്റു ചിലര്‍ക്ക് പരിചയമുള്ളവരോട് ആശയവിനിമയം നടത്തുന്നതിലാവും പ്രയാസം നേരിടുക.

ചില ഉദ്ദാഹരണങ്ങള്‍...

•    ജോലിയില്‍ മികച്ച രീതിയില്‍ ശോഭിക്കാന്‍ കഴിവുള്ള ഒരു വ്യക്തി. എന്നാല്‍ സാമൂഹിക ഭയം എന്ന അവസ്ഥമൂലം മേലധികാരികളുമായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുന്നു. ഭയം കാരണം പല ദിവസങ്ങള്‍ ഓഫീസില്‍ പോകാതെ ഒഴിഞ്ഞുമാറുന്നു എങ്കില്‍ ആ വ്യക്തിയെ മടിയനെന്നും വൈദഗ്‌ദ്ധ്യമില്ലാത്ത ആളെന്ന നിലയിലുമാകും ഓഫീസിലുള്ളവര്‍ വിലയിരുത്തുക.
•    സ്ഥിരമായി അടുത്ത ബന്ധുക്കളുടെ വിവാഹചടങ്ങുകള്‍ ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുമൂലം ഒരാള്‍ ഒഴിഞ്ഞുമാറുന്നു. എന്നാല്‍ ഈ കാരണം അറിയാത്ത ബന്ധുക്കള്‍ ആ വ്യക്തി തങ്ങള്‍ക്കു വിലകല്‍പ്പിക്കുന്നില്ല എന്ന രീതിയിലാവും ആ പ്രവര്‍ത്തിയെ കാണുക.
•    ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയത്തെ നേരിടാന്‍ മദ്യം ഉപയോഗിച്ച ശേഷം അത്തരം സാഹചര്യങ്ങളില്‍ പോകുക. ക്രമേണ അതൊരു ശീലമായി മാറുകയും മദ്യത്തിന് അടിമയാവുകയും ചെയ്യുക.

സാമൂഹിക ഭയം -ചികിത്സ

Cognitive Behaviour Therapy എന്ന മന:ശാസ്ത്ര ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ കഴിയുന്ന ഒരവസ്ഥയാണ് സാമൂഹിക ഭയം. ക്ഷമയും ചികിത്സയോടുള്ള പ്രതിബദ്ധതയും ചികിത്സയ്ക്കു വിധേയമാക്കുന്നവരില്‍ ആവശ്യമാണ്. സാമൂഹിക ഭയം എങ്ങനെ തുടങ്ങി, അതു മാറാതെ തുടരാനുള്ള കാരണങ്ങള്‍, ചിന്തകളിലും പ്രവര്‍ത്തികളിലും വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാമാണ് എന്നിവ കണ്ടത്തലാണ് ആദ്യപടി. ക്രമേണ ഭയമില്ലാതെ തന്നെ സാമൂഹിക ഇടപെടല്‍ സാധ്യമാകുന്ന തരത്തില്‍ വ്യക്തികളെ പരിശീലിപ്പിക്കലാണ് അടുത്തപടി. ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായകരമായ നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം ഉള്‍പ്പെടുത്തും. 

എഴുതിയത്:

പ്രിയ വര്‍ഗീസ്(M.Phil M&SP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available from 10am to 2pm

 

click me!