കഞ്ചാവും കറുപ്പും ഹാഷിഷും ഉപയോഗിച്ച് കേക്ക് നിര്‍മ്മാണം; സൈക്കോളജിസ്റ്റ് അറസ്റ്റില്‍

By Web TeamFirst Published Jul 13, 2021, 8:46 PM IST
Highlights

വീട്ടില്‍ തന്നെ കേക്ക് തയ്യാറാക്കി, അത് നഗരത്തില്‍ തന്നെയുള്ള സമ്പന്നരായ ആവശ്യക്കാര്‍ക്ക് ഓര്‍ഡറിന് അനുസരിച്ച് എത്തിച്ചുനല്‍കുകയായിരുന്നു റഹ്മീന്റെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെ കേക്ക് നിര്‍മ്മാണത്തിനായി ലഹരിമരുന്നുകള്‍ എത്തിച്ചുനല്‍കിയിരുന്ന മറ്റൊരാളെയും പിടികൂടാനായിട്ടുണ്ട്

ഇന്ത്യയില്‍ നിരോധിത ലഹരിമരുന്നുകളുടെ കൂട്ടത്തിലാണ് കഞ്ചാവ്, കറുപ്പ്, ഹാഷിഷ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ ഇതിന്റെയെല്ലാം വിപണിയും നിയമവിരുദ്ധമായാണ് നടക്കുന്നത്. രാജ്യത്ത് തന്നെ ചിലയിടങ്ങളിലെങ്കിലും പരസ്യമായിത്തന്നെ ഇവയുടെ ഉപയോഗം നടക്കാറുണ്ടെങ്കില്‍ പോലും കച്ചവടത്തിലേക്ക് വരുമ്പോള്‍ അതില്‍ നിയമപ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉള്‍പ്പെടും. 

ഇക്കാരണം കൊണ്ട് തന്നെ നിരോധിത ലഹരിമരുന്നുകള്‍ കച്ചവടം ചെയ്യാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ തേടാറുണ്ട്. ലഹരിമരുന്നുകള്‍ കടത്താനും ഇത്തരത്തില്‍ പല മാര്‍ഗങ്ങള്‍ കച്ചവടക്കാര്‍ അവലംബിക്കാറുണ്ട്. ഇവയില്‍ മിക്ക മാര്‍ഗങ്ങളും സാധാരണക്കാരെ സംബന്ധിച്ച് കൗതുകമുണ്ടാക്കുന്നതാണ്. 

സമാനമായൊരു സംഭവമാണ് ഇന്ന് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഞ്ചാവും കറുപ്പും ഹാഷിഷുമെല്ലാം ചേര്‍ത്ത് കേക്ക് തയ്യാറാക്കി, അത് വില്‍പന ചെയ്യുന്ന സൈക്കോളജിസ്റ്റിനെ കുറിച്ചാണ് വാര്‍ത്ത. സൗത്ത് മുംബൈയിലെ ഒരു ആശുപത്രിയില്‍ കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായി ജോലി ചെയ്തുവരുന്ന റഹ്മീന്‍ ചരണ്യ എന്നയാളാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ വലയില്‍ അകപ്പെട്ടിരിക്കുന്നത്. 

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെയാണ് റഹ്മീന്റെ വീട്ടില്‍ നിന്ന് കഞ്ചാവും കറുപ്പും ഹാഷിഷുമെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ ബ്രൗണി കേക്ക് കണ്ടെത്തിയത്. 'ഹാഷ് ബ്രൗണി' എന്നാണേ്രത ഈ കേക്കിന് നല്‍കിയിരിക്കുന്ന പേര്. 10 കിലോയോളം കേക്ക് ഇവിടെ നിന്ന്കണ്ടെടുത്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ 320 ഗ്രാമോളം കറുപ്പും, ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയും ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.

വീട്ടില്‍ തന്നെ കേക്ക് തയ്യാറാക്കി, അത് നഗരത്തില്‍ തന്നെയുള്ള സമ്പന്നരായ ആവശ്യക്കാര്‍ക്ക് ഓര്‍ഡറിന് അനുസരിച്ച് എത്തിച്ചുനല്‍കുകയായിരുന്നു റഹ്മീന്റെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെ കേക്ക് നിര്‍മ്മാണത്തിനായി ലഹരിമരുന്നുകള്‍ എത്തിച്ചുനല്‍കിയിരുന്ന മറ്റൊരാളെയും പിടികൂടാനായിട്ടുണ്ട്. 

പാല്‍ഗറില്‍ നടന്ന മറ്റൊരു റെയ്ഡില്‍ നൈജീരിയ സ്വദേശിയായ യുവാവും കുടുങ്ങിയിട്ടുണ്ട്. ലഹരിമരുന്ന് കച്ചവടത്തിനായി വ്യത്യസ്തമായ പുതിയ മാര്‍ഗങ്ങള്‍ കച്ചവടക്കാര്‍ അവലംബിക്കുന്ന സാഹചര്യത്തില്‍ ഈ മാഫിയയെ ഒരു കണ്ണി പോലും വിടാതെ പിടികൂടാനുള്ള ഒരുക്കത്തിലാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.

Also Read:- കോഫി ബാഗിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ യുവാവ് ബഹ്റൈനില്‍ പിടിയില്‍

click me!