പുഷ് അപ് എടുത്ത് കാണിക്കാമോ എന്ന് വിദ്യാര്‍ത്ഥിനി; പരസ്യമായി ചലഞ്ച് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

By Web TeamFirst Published Mar 1, 2021, 6:57 PM IST
Highlights

കന്യാകുമാരിയിലെ മുളകുമൂട് സെന്റ്.ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയ രാഹുല്‍ കുട്ടികളോട് സംവദിക്കുന്നതിനിടയിലാണ് കായികകാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ഇതിനിടെ പുഷ് അപ് എടുക്കാന്‍ കഴിയുമോ എന്ന വെല്ലുവിളിയുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കായികതാരവുമായ മെര്‍ലിന്‍ ഷെനിഖ വേദിയിലെത്തുകയായിരുന്നു

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പര്യടനം ഓരോ ദിവസവും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. നേരത്തേ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ ഗ്രാമീണര്‍ക്കൊപ്പം പാചകം ചെയ്യുന്നതിന്റെയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അതിന് ശേഷം കേരളത്തിലെത്തി കൊല്ലത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ കൂടെ കടലില്‍ പോയ രാഹുല്‍ ഗാന്ധിയുടെ വീഡിയോയും ചിത്രങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ കന്യാകുമാരിയിലെ ഒരു സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ സ്‌നേഹസംവാദത്തിന്റെയും ഇതിനിടെ വിദ്യാര്‍ത്ഥിനിയുടെ 'ചലഞ്ച്' ഏറ്റെടുത്ത് പുഷ് അപ് ചെയ്യുന്നതിന്റെയും ചിത്രങ്ങളും വീഡിയോളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

കന്യാകുമാരിയിലെ മുളകുമൂട് സെന്റ്.ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയ രാഹുല്‍ കുട്ടികളോട് സംവദിക്കുന്നതിനിടയിലാണ് കായികകാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ഇതിനിടെ പുഷ് അപ് എടുക്കാന്‍ കഴിയുമോ എന്ന വെല്ലുവിളിയുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കായികതാരവുമായ മെര്‍ലിന്‍ ഷെനിഖ വേദിയിലെത്തുകയായിരുന്നു. 

ഉടന്‍ തന്നെ മൈക്ക് മറ്റൊരാള്‍ക്ക് കൈമാറി 'ചലഞ്ച്' ഏറ്റെടുക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇരുവരും ഒരുമിച്ചാണ് പുഷ് അപ് എടുത്തത്. എന്നാല്‍ പകുതിക്ക് വച്ച് നിര്‍ത്തിയ രാഹുല്‍, വെല്ലുവിളിയില്‍ മെര്‍ലിന്‍ ജയിച്ചതായി വരുത്തി. തുടര്‍ന്ന് ഒറ്റക്കയ്യില്‍ പുഷ് അപ് ചെയ്യാനാകുമോയെന്ന് തിരിച്ചൊരു വെല്ലുവിളിയും വച്ചു. തുടര്‍ന്ന് ഒറ്റക്കയ്യില്‍ പുഷ് അപ് ചെയ്ത് കാണിച്ച ശേഷം മാത്രമാണ് രാഹുല്‍ എഴുന്നേറ്റത്. 

അമ്പതുകാരനായ രാഹുല്‍ ഗാന്ധി, രാഷ്ട്രീയത്തിനപ്പുറം വിവിധ വിഷയങ്ങളെ കൂടി പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന നേതാവ് കൂടിയാണ്. കായികക്ഷമതയുടെ കാര്യത്തില്‍ യുവതലമുറ പിന്നിലേക്ക് പോകരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നതായി വായിച്ചെടുക്കാനാകും. 

നേരത്തേ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയപ്പോള്‍ കടലുമായി പോരാടാന്‍ പരിശീലനം ലഭിച്ച സംഘത്തിനൊപ്പം ആശങ്കകളേതുമില്ലാതെ കടലിലേക്ക് എടുത്തുചാടി നീന്തുന്ന രാഹുലിന്റെ ദൃശ്യങ്ങളെല്ലാം തന്നെ വലിയ ആഘോഷത്തോടെയാണ് യുവാക്കള്‍ എതിരേറ്റിരുന്നത്. അന്ന് പുറത്തുവന്ന രാഹുലിന്റെ ചിത്രം ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഒരു ബോക്‌സറുടെ ശരീരപ്രകൃതം ഇങ്ങനെയായിരിക്കുമെന്നും ഏറ്റവും കരുത്തനായ യുവനേതാവിന് മുന്നോട്ടുപോകാന്‍ ഇനിയുമാകട്ടെയെന്നുമായിരുന്നു വിജേന്ദര്‍ കുറിച്ചത്. 

വീഡിയോ കാണാം...

 

: Congress leader Rahul Gandhi doing push-ups and 'Aikido' with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu pic.twitter.com/qbc8OzI1HE

— ANI (@ANI)

Also Read:- 'ഫിഷിംഗ് ഫ്രീക്കനാ'യി രാഹുൽ ഗാന്ധി: വ്ലോഗ് ഇറങ്ങി...

click me!