പൊന്നുപോലെ സ്വന്തം ജനങ്ങളെ കാക്കുന്ന സര്‍ക്കാര്‍; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു രാജ്യം!

By Web TeamFirst Published Apr 22, 2019, 2:15 PM IST
Highlights

ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, വരുമാനം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസവും ഉദാരതയും എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ഒാരോ രാജ്യത്തെയും സന്തോഷം അളക്കുന്നത്
 

ജനങ്ങളെ പൊന്നുപോലെ നോക്കുന്ന ഒരു സര്‍ക്കാര്‍. കേള്‍ക്കുമ്പോള്‍ തന്നെ കൊതി വരുന്നുണ്ട് അല്ലേ? അങ്ങനെയൊരു സര്‍ക്കാരുണ്ടെങ്കില്‍ പിന്നെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ വരാനാണോ പാട്? 

എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, പാളിച്ചകളില്ലാത്ത പെന്‍ഷന്‍ സമ്പ്രദായം... പോരെ, തല്‍ക്കാലം സന്തോഷമായിരിക്കാന്‍ ഇക്കാരണങ്ങളൊക്കെ തന്നെ ധാരാളമല്ലേ?

ശരാശരി കുടുംബങ്ങളുടെയും അതിന് തൊട്ട് താഴെയും മുകളിലും വരുന്ന കുടുംബങ്ങളെയും സംബന്ധിച്ച്, വിദ്യാഭ്യാസവും ചികിത്സാച്ചിലവുകളും തന്നെയാണ് പ്രധാനപ്പെട്ട രണ്ട് ബാധ്യതകള്‍. ഇതിന് വേണ്ടിയാണ് പലപ്പോഴും സാധാരണക്കാര്‍ നെട്ടോട്ടമോടുന്നത്. ഇത് രണ്ടും സൗജന്യമായി ലഭിക്കുമെങ്കില്‍ പിന്നെ, മറ്റ് കാര്യങ്ങള്‍ മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ മതിയല്ലോ.

ഡെന്മാര്‍ക്കിലെ കാര്യമാണ് പറഞ്ഞുവന്നത്. 2018ലെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൂന്ന് രാജ്യങ്ങളിലൊന്നാണ് ഡെന്മാര്‍ക്ക്. ഫിന്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തുമുള്ളത്. ഡെന്മാര്‍ക്കിന്റെ കാര്യത്തില്‍ പക്ഷേ ഒരു പ്രത്യേകത കൂടിയുണ്ട്. 2018ല്‍ മാത്രമല്ല, കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഈ പട്ടികയില്‍ മുന്‍നിരയിലാണ് ഡെന്മാര്‍ക്കിന്റെ സ്ഥാനം.

ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, വരുമാനം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസവും ഉദാരതയും എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ഒാരോ രാജ്യത്തെയും സന്തോഷം അളക്കുന്നത്. 

'സ്‌ട്രെസ്' ഇല്ലാത്ത ജനതയാണത്രേ ഡെന്മാര്‍ക്കിലുള്ളവര്‍. 'സ്‌ട്രെസ്' ഇല്ലാതാകുമ്പോള്‍ സ്വാഭാവികമായും സന്തോഷമുണ്ടാകുന്നു. സൗജന്യ വിദ്യാഭ്യാസവും, ചികിത്സയും, കൃത്യമായ പെന്‍ഷനും തന്നെയാണ് ഡെന്മാര്‍ക്കിന്റെ സന്തോഷത്തിന്റെ രഹസ്യം. അതോടൊപ്പം തന്നെ തൊഴില്‍ മേഖലയിലെ സുരക്ഷയും ജെന്മാര്‍ക്കിനെ സന്തോഷിപ്പിക്കുന്നു. 

ആരോഗ്യകരമായ സാമൂഹിക- സാംസ്‌കാരിക സാഹചര്യമാണ് ഡെന്മാര്‍ക്കിലേതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ഹൂ-ഗ' എന്ന പ്രത്യേക പദമാണ് ഡെന്മാര്‍ക്കിലെ സന്തോഷകരമായ ജീവിതാവസ്ഥയെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കാറ്. സുഖകരമായത്, സന്തോഷത്തെ നിദാനം ചെയ്യുന്നത് എന്നെല്ലാമാണ് 'ഹൂ-ഗ' എന്ന പദം അര്‍ത്ഥമാക്കുന്നത്. അതിമനോഹരമായ ഒരു വൈകുന്നേരത്തെയോ, പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമുള്ള കോഫി ചാറ്റോ, കൊതിപ്പിക്കുന്ന യാത്രയോ, തണുപ്പുള്ള രാത്രിയില്‍ ചൂട് കായുന്നതോ ഒക്കെ 'ഹൂ-ഗ' എന്ന വിശേഷണത്തില്‍ ഉള്‍ക്കൊള്ളും. 

156 രാജ്യങ്ങളുടെ പട്ടികയില്‍ 133ആം സ്ഥാനത്താണ് ഇന്ത്യയുള്ളത്. സാമ്പത്തികമായി ഇന്ത്യയെക്കാള്‍ ഒരുപാട് താഴെയുള്ള പല ആഫ്രിക്കന്‍ രാജ്യങ്ങളും പട്ടികയില്‍ ഇന്ത്യയെക്കാള്‍ എത്രയോ മുമ്പിലാണെന്നതും ശ്രദ്ധേയമാണ്.

click me!