വെറും 'പോണ്‍' അല്ല;ലോക്ക്ഡൗണ്‍ കാലത്ത് 'ഡിമാന്‍ഡ്' ഇതിന്...

By Web TeamFirst Published Apr 13, 2020, 10:52 PM IST
Highlights
ഇന്ത്യയിലും വന്‍ വര്‍ധനവാണ് പോണ്‍ ഉപഭോക്താക്കളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് 'പോണ്‍ ഹബ്' നേരത്തേ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് 'ദ ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട്'  (ഐസിപിഎഫ്)
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ മാര്‍ഗമെന്ന നിലയ്ക്ക് മിക്ക രാജ്യങ്ങളും അടച്ചുപൂട്ടിയ സാഹചര്യത്തില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതായി പ്രമുഖ പോണ്‍ സൈറ്റായ 'പോണ്‍ ഹബ്' നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലും വന്‍ വര്‍ധനവാണ് പോണ്‍ ഉപഭോക്താക്കളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും 'പോണ്‍ ഹബി'ന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

ഇതിന് പിന്നാലെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് 'ദ ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട്'  (ഐസിപിഎഫ്). ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കാലത്ത് 'ചൈല്‍ഡ് പോണോഗ്രഫി'ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുന്നുവെന്നാണ് ഇവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതലുള്ള സെര്‍ച്ച് റിസള്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഐസിപിഎഫ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 'ചൈല്‍ഡ് പോണ്‍', 'സെക്‌സി ചൈല്‍ഡ്', 'ടീന്‍ സെക്‌സ് വീഡിയോസ്' എന്നിങ്ങനെയുള്ള അന്വേഷണങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടത്രേ. 

ഇതിനര്‍ത്ഥം, ഇത്രമാത്രം ബാലപീഡകര്‍ നമുക്കിടയിലുണ്ടെന്നാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കപ്പെടണമെന്നും ഐസിപിഎഫ് അഭിപ്രായപ്പെടുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകാത്ത സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. പിന്നീട് ഭാവിയില്‍ ഈ ചൈല്‍ഡ് പോണ്‍ കണ്ടാസ്വദിക്കുന്നവരില്‍ നിന്നെല്ലാം ലൈംഗികാതിക്രമങ്ങള്‍ വന്നുകൂടെന്നില്ലല്ലോ. അതിനാല്‍ത്തന്നെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇക്കാര്യ ശ്രദ്ധിക്കേണ്ടതുണ്ട്. വേണ്ട നടപടികളും കൈക്കൊള്ളണം- ഐസിപിഎഫ് പുറത്തിറക്കിയ 'ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദില്ലി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഭുബനേശ്വര്‍, ഇന്‍ഡോര്‍ തുടങ്ങി നൂറോളം ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സെര്‍ച്ച് റിസള്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഐസിപിഎഫ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
click me!