മറവിരോഗം ബാധിച്ച് കഷ്ടപ്പെടുന്ന 84 കാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നശേഷം ജീവനൊടുക്കി 84 കാരനായ പൈലറ്റ്

By Web TeamFirst Published Nov 26, 2020, 9:22 AM IST
Highlights

61 വർഷം നീണ്ട സംതൃപ്ത ദാമ്പത്യത്തിനൊടുവിലാണ്, ഭാര്യയുടെ യാതനകണ്ടു വിഷാദത്തിലാണ്ട ടോണിയിൽ നിന്ന് ഈ കടുംകൈ ഉണ്ടായിരിക്കുന്നത്. 
 

കേംബ്രിഡ്ജ് : മറവിരോഗവും പുറംവേദനയും കാരണം പെടാപ്പാടു പെടുകയായിരുന്ന ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നശേഷം റിട്ടയേർഡ് കോൺകോർഡ് പൈലറ്റ് ആത്മാഹുതി ചെയ്തു. കേംബ്രിഡ്ജിലെ ബെർക്ക്ഷെയർ സ്വദേശിയായ 84 -കാരൻ,  ടോണി മിഡോസ് ആണ് ഭാര്യയായ പൗള(85) മിഡോസിനെ തലയിണകൊണ്ടു ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്. 61 വർഷം നീണ്ട സംതൃപ്ത ദാമ്പത്യത്തിനൊടുവിലാണ്, ഭാര്യയുടെ യാതനകണ്ടു വിഷാദത്തിലാണ്ട ടോണിയിൽ നിന്ന് ഈ കടുംകൈ ഉണ്ടായിരിക്കുന്നത്. 

പൗളയ്ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ച അന്നുതൊട്ട് ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ അവരെ പരിചരിച്ചു കൊണ്ടിരുന്നത് ടോണി തന്നെ ആയിരുന്നു. എന്നാൽ, അടുത്തിടെ വന്ന കടുത്ത നടുവേദന പൗളയുടെ ജീവിതം തീർത്തും നരകതുല്യമാക്കി മാറ്റിയിരുന്നു. ദിവസവും ഭാര്യ ഇങ്ങനെ വേദനകൊണ്ട് പിടയുന്നത് നിസ്സഹായനായി നോക്കി നിന്ന ടോണിയെ പോകെപ്പോകെ വിഷാദരോഗം ബാധിക്കുകയായിരുന്നു എന്ന് മകൾ നിക്കോള മിഡോസ് പറയുന്നു. ഈ കേസിന്റെ വാദം കോടതിയിൽ കഴിഞ്ഞ ദിവസം നടന്നപ്പോഴാണ് മകൾ ഇക്കാര്യം കോടതിയോട് വെളിപ്പെടുത്തിയത്. അമ്മയെ അത്രമേൽ സ്നേഹിച്ചിരുന്ന അച്ഛൻ, അവരുടെ വേദന കണ്ടുനില്ക്കാൻ വയ്യാതെ അമ്മയെ  വേദനയിൽ നിന്ന് എന്നെന്നേക്കുമായി മോചിപ്പിക്കുകയായിരുന്നു എന്നും മകൾ കോടതിയോട് പറഞ്ഞു. 

1977 -ൽ ആദ്യമായി കോൺകോർഡ് എന്ന സൂപ്പർസോണിക് വിമാനം ഹീത്രോയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്രക്കാരുമായി പറന്നപ്പോൾ അതിലെ കോ പൈലറ്റ് ആയിരുന്ന ടോണി മിഡോസ് പതിനാലു വർഷക്കാലം യാത്രാ പൈലറ്റായി സേവനമനുഷ്ഠിച്ച ശേഷമാണ് വിരമിക്കുന്നത്. നിരവധി തവണ എലിസബത്ത് രാജ്ഞിയേയും മറ്റും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ടോണി മിഡോസ് പറത്തിയിട്ടുണ്ട്. ബെർക്ക്ഷെയറിൽ കഴിഞ്ഞ ഏപ്രിലിൽ ആണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. 
 

click me!