Latest Videos

ഉപയോഗിച്ച തേയില വെറുതെ കളയേണ്ട; ഇതുവച്ച് ചെയ്യാവുന്നത്...

By Web TeamFirst Published Jan 21, 2023, 5:14 PM IST
Highlights

തേയിലയാണെങ്കില്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് അങ്ങനെ തന്നെ കളയുകയാണ് മിക്ക വീടുകളിലെയും പതിവ്. ചിലര്‍ ഇത് ചെടിക്ക് വളമായി ഇടുന്നതും മറ്റും കാണാം. 

അടുക്കളയില്‍ നാം ദിവസവും ഉപയോഗിക്കുന്നൊരു ചേരുവയാണ് തേയില. ചായ വയ്ക്കാത്ത വീടുകളേ കാണില്ല. അല്ലെങ്കില്‍ അത്രയും വിരളമായിരിക്കും.  അതുകൊണ്ട് തന്നെ തേയില ഉപയോഗവും അത്രയും വ്യാപകമാണെന്ന് പറയാം. 

തേയിലയാണെങ്കില്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് അങ്ങനെ തന്നെ കളയുകയാണ് മിക്ക വീടുകളിലെയും പതിവ്. ചിലര്‍ ഇത് ചെടിക്ക് വളമായി ഇടുന്നതും മറ്റും കാണാം. 

എന്നാല്‍ സാധാരണ ചായപ്പൊടിക്ക് പകരം തരിയുള്ള തേയിലയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതുവച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അതായത് ചായ തയ്യാറാക്കിയ ശേഷം ബാക്കിയാകുന്ന ഈ തേയില വീണ്ടും പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന്. ഇത്തരത്തില്‍ തേയില വീണ്ടും ഉപയോഗിക്കാവുന്നത് എങ്ങനെയെല്ലാമെന്ന് ഒന്ന് നോക്കാം...

ഒന്ന്...

സലാഡുകള്‍ തയ്യാറാക്കി കഴിക്കുമ്പോള്‍ അതില്‍ സീസണിംഗ് ആയി ഉപയോഗിച്ച തേയില എടുക്കാവുന്നതാണ്. തേയില പഴയതായിരിക്കരുതെന്നും ഒരു നുള്ളേ എടുക്കാവൂ എന്നതും പ്രത്യേകം ഓര്‍മ്മിക്കുക. പ്രധാനമായും ഇത് ഫ്ളേവറിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 

രണ്ട്...

ഉപയോഗിച്ച തേയില കഴുകിയെടുത്ത ശേഷം ഇതുവച്ച് പിക്കിള്‍ തയ്യാറാക്കാവുന്നതാണ്. ഇത് മിക്കവരും ആദ്യമായി കേള്‍ക്കുകയായിരിക്കും. തേയില, എണ്ണ, നാരങ്ങാനീര്, ഉപ്പ് എന്നിവ യോജിപ്പിച്ച് ഒരു ജാറില്‍ സൂക്ഷിക്കുക. ഒരാഴ്ചയ്ക്ക് ശേഷം ഇതെടുത്ത് നോക്കിയാല്‍ പിക്കിള്‍ റെഡിയായിരിക്കും. ഇത് സാൻഡ്‍വിച്ച്, സലാഡ്, മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പമെല്ലാം ഉപയോഗിക്കാവുന്നതാണ്. 

മൂന്ന്...

അടുക്കളയില്‍ ക്ലീനിംഗ് കാര്യങ്ങള്‍ക്കും തേയില ഉപയോഗിക്കാം. അടുക്കളയിലെ തിട്ടകളോ, കട്ടിംഗ് ബോര്‍ഡുകളോ എല്ലാം വൃത്തിയാക്കുമ്പോള്‍ തേയില കൂട്ടി ഉരച്ചാല്‍ കറയും ദുര്‍ഗന്ധവും അഴുക്കുമെല്ലാം പെട്ടെന്ന് പോയിക്കിട്ടും. ശേഷം വെള്ളം വച്ച് തന്നെ കഴുകാം.  വലിയ പാത്രങ്ങളോ തവിയോ എല്ലാം കഴുകി വൃത്തിയാക്കാനും തേയില ഉപയോഗിക്കാം.

നാല്...

ഫ്രിഡ്ജിനകത്ത് നിന്ന് ദുര്‍ഗന്ധം വരുന്നത് ഒരു പതിവ് പ്രശ്നമാണ്. ഇതൊഴിവാക്കാൻ ഉപയോഗിച്ച് അധികം വച്ചിട്ടില്ലാത്ത നനഞ്‍ഞ തേയില ഒരു മസ്ലിൻ തുണിയില്‍ പൊതിഞ്ഞുകെട്ടി ഇത് ഫ്രിഡ്ജിനകത്ത് വച്ചാല്‍ മതി. മൈക്രോ വേവ് ഓവനിനകത്ത് നിന്ന് ദുര്‍ഗന്ധമൊഴിവാക്കാനും ഇത് ചെയ്യാവുന്നതാണ്. ഓവൻ ഉപയോഗിച്ച് അധികം വൈകാതെ, എന്നുവച്ചാല്‍ ചൂട് മുഴുവനായി പോകും മുമ്പാണ് തേയില കെട്ടിയ ബാഗ് ഇതിനകത്ത് വയ്ക്കേണ്ടത്. 

അഞ്ച്...

ചില ഭക്ഷണസാധനങ്ങള്‍ ബേക്ക് ചെയ്തെടുക്കുമ്പോള്‍ ഇതിലും ഫ്ളേവറിനായി അല്‍പം തേയില ചേര്‍ക്കാവുന്നതാണ്. കുക്കീസ്, കേക്കുകള്‍, മഫിൻസ് എന്നിവയിലെല്ലാം അഭിരുചിക്ക് അനുസരിച്ച് തേയില വിതറാം. ഇത് ബേക്ക്ഡ് വിഭവങ്ങള്‍ക്ക് നല്ലൊരു ഫ്ളേവര്‍ നല്‍കും. 

Also Read:- മാതളത്തിന്‍റെ തൊലി വെറുതെ കളയേണ്ട; ശരീരത്തിന് ഗുണം വരുന്നത് പോലെ ഇങ്ങനെ ചെയ്തുനോക്കൂ...

click me!