Asianet News MalayalamAsianet News Malayalam

മാതളത്തിന്‍റെ തൊലി വെറുതെ കളയേണ്ട; ശരീരത്തിന് ഗുണം വരുന്നത് പോലെ ഇങ്ങനെ ചെയ്തുനോക്കൂ...

മാതളത്തിനെ പോലെ തന്നെ പല ആരോഗ്യഗുണങ്ങളും ഇതിന്‍റെ തൊലിക്കും ഉണ്ട്.  ഇവ ഉണക്കി പൊടിച്ച് ചായ തയ്യാറാക്കാൻ വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കാൻ സാധിക്കുക. 

pomegranate peel can be used to make healthy tea
Author
First Published Dec 12, 2022, 8:13 PM IST

പഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ ഇവയില്‍ പലതിന്‍റെയും തൊലിക്കും വിത്തിനുമെല്ലാം ഇതുപോലെ തന്നെ ആരോഗ്യഗുണങ്ങളുണ്ട്. ഇത്തരത്തില്‍ പല പഴങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം തൊലിയും വിത്തുകളും സംസ്കരിച്ചെടുത്ത് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. 

സമാനമായ രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മാതളത്തിന്‍റെ തൊലിയും. എന്നാലിക്കാര്യം മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. മാതളത്തിനെ പോലെ തന്നെ പല ആരോഗ്യഗുണങ്ങളും ഇതിന്‍റെ തൊലിക്കും ഉണ്ട്.  ഇവ ഉണക്കി പൊടിച്ച് ചായ തയ്യാറാക്കാൻ വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കാൻ സാധിക്കുക. 

ആദ്യം ഇതിന്‍റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാം. ശേഷം ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നും മനസിലാക്കാം. 

ഗുണങ്ങള്‍...

1) മാതളത്തിന്‍റെ തൊലി സംസ്കരിച്ചെടുത്ത് അത് ചായയാക്കി കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. തൊണ്ടവേദന, ചുമ, ജലദോഷം പോലുള്ള സീസണല്‍ അണുബാധകളെ ചെറുക്കുന്നതിനെല്ലാം ഇത് ഏറെ സഹായകമാണ്.

2) വൈറ്റമിൻ- സി യാല്‍ സമ്പന്നമാണ് മാതളം. അതിനാല്‍ തന്നെ ഇതിന്‍റെ തൊലിയുപയോഗിക്കുമ്പോള്‍ ഇത് ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഒപ്പം തന്നെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. 

3) വയറിന്‍റെ ആരോഗ്യം നന്നായി ഇരുന്നെങ്കില്‍ മാത്രമാണ് ആകെ ആരോഗ്യവും നന്നായിരിക്കുക. ഇത്തരത്തില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാതളത്തിന്‍റെ തൊലി സഹായകമാണ്. ദഹനം എളുപ്പത്തിലാക്കാനും, കുടലിനെ ബാധിക്കുന്ന പല പ്രശ്നങ്ങളെയും ചെറുക്കാനുമെല്ലാം ഇത് സഹായിക്കുന്നു. മാതളത്തിന്‍റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന 'ടാനിൻ' ആണ് ഇതിന് സഹായിക്കുന്നത്. 

4) മാതളത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും പിഎച്ച് ബാലൻസ് നിയന്ത്രിക്കുന്നതിനുമെല്ലാം ഇവ സഹായിക്കുന്നുണ്ട്. 

5) പല്ലിന്‍റെ ആരോഗ്യത്തിനും മാതളത്തിന്‍റെ തൊലി നല്ലതാണ്. വായ്പുണ്ണ്, പ്ലേക്ക് എന്നിവയെല്ലാം ചെറുക്കാൻ മാതളത്തിന്‍റെ തൊലി സഹായിക്കുമത്രേ. 

എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

മാതളം അടര്‍ത്തിക്കഴിഞ്ഞ് ഇതിന്‍റെ തൊലി വേര്‍തിരിച്ചെടുത്ത് നന്നായി ഉണക്കണം. ഒന്നുകില്‍ വെയിലത്ത് വച്ച് തന്നെ ഇവ ഉണക്കിയെടുക്കാം. അല്ലെങ്കില്‍ മൈക്രോവേവ് അവനില്‍ വച്ച് ബേക്ക് ചെയ്തുമെടുക്കാം. 

ഇനി ഉണക്കിയെടുത്ത തൊലി നല്ലതുപോലെ പൊടിച്ചെടുക്കാം. ഈ പൊടി ടീ ബാഗില്‍ നിറച്ച് സൂക്ഷിക്കാം. ഇതുവച്ച് ഇഷ്ടാനുസരണം ചായ തയ്യാറാക്കി കഴിക്കാം. വ്യത്യസ്തമായ ചായകളോട് താല്‍പര്യമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്. അല്ലെങ്കിലും ആരോഗ്യത്തിന് ഇതേകുന്ന ഗുണങ്ങള്‍ മാത്രം പരിഗണിച്ചും കഴിക്കാവുന്നതാണ്. 

Also Read:- ക്യാരറ്റിന്‍റെ തൊലി കൊണ്ട് ചെയ്യാവുന്നത്; അറിയാം ആറ് ടിപ്സ്...

Follow Us:
Download App:
  • android
  • ios