കാത്തിരിക്കുന്നത് ഇരട്ടക്കുഞ്ഞുങ്ങളെ; വാര്‍ത്ത പങ്കുവച്ച് റൊണാള്‍ഡോ

By Web TeamFirst Published Oct 28, 2021, 11:12 PM IST
Highlights

മോഡലിംഗ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ജോര്‍ജിന. ഇരുവര്‍ക്കും കുടുംബത്തോടുള്ള അടുപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും തന്നെ മനസിലാക്കാവുന്നതാണ്

തിരക്ക് പിടിച്ച കരിയറാണെങ്കില്‍, അതിനൊപ്പം കുടുംബത്തെ കൂടി കൊണ്ടുപോവുകയെന്നത് ഏറെ വിഷമതയുള്ള കാര്യം തന്നെ. എന്നാല്‍ ധാരണയുള്ളൊരു പങ്കാളി കൂടെയുണ്ടെങ്കില്‍ ഇക്കാര്യം എളുപ്പമായിത്തീരും. അത് സ്ത്രീയോ പുരുഷനോ ആകാം. 

എന്തായാലും ഈ വിഷയത്തില്‍ ഏറെ ഭാഗ്യം ചെയ്തയാളാണ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ് ആരാധകര്‍ക്കിടയിലെ അഭിപ്രായം. റൊണാള്‍ഡോയുടെ പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ് എല്ലായ്‌പോഴും ശക്തമായ പിന്തുണയായി റൊണാള്‍ഡോയ്‌ക്കൊപ്പം നില്‍ക്കാറുണ്ടെന്നും, താരത്തിന്റെ കരിയറിലെ വിജയങ്ങളിലെല്ലാം ജോര്‍ജിനയ്ക്കും കൃത്യമായ പങ്കുണ്ടെന്നുമാണ് ആരാധകര്‍ പറയാറുള്ളത്. 

റൊണാള്‍ഡോയ്ക്ക് ആകെ നാല് മക്കളാണുള്ളത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. ഇതില്‍ ഒരു പെണ്‍കുട്ടിയെ മാത്രമാണ് ജോര്‍ജിന പ്രസവിച്ചത്. മറ്റ് മൂന്ന് കുട്ടികളും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. നാല് മക്കളില്‍ രണ്ട് പേര്‍ ഇരട്ടകളാണ്. ഇനിയിതാ വീണ്ടും ഇരട്ടകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് അറിയിച്ചിരിക്കുകയാണ് റൊണാള്‍ഡോ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റൊണാള്‍ഡോ ഈ വിവരം അറിയിച്ചിരിക്കുന്നത്.

ജോര്‍ജിനയ്‌ക്കൊപ്പം സ്‌കാനിംഗ് റിപ്പോര്‍ട്ടിലെ ചിത്രങ്ങള്‍ പിടിച്ച് കിടക്കുന്ന റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാം ഫോട്ടോയിലുള്ളത്. 

'ഞങ്ങള്‍ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് അറിയിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു. ഞങ്ങളുടെ ഹൃദയം മുഴുവനായി സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരെ കാണാനായി കാത്തിരിക്കുന്നു...'- റൊണാള്‍ഡോ കുറിച്ചു. 

 

 

ജോര്‍ജിനയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ നാല് മക്കള്‍ക്കൊപ്പം പൂളില്‍ നില്‍ക്കുന്ന തന്റെ ചിത്രവും റൊണാള്‍ഡോ പങ്കുവച്ചിട്ടുണ്ട്. മുപ്പത്തിയാറുകാരനായ പോര്‍ച്ചുഗല്‍ താരം, ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്. മോഡലിംഗ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ജോര്‍ജിന. ഇരുവര്‍ക്കും കുടുംബത്തോടുള്ള അടുപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും തന്നെ മനസിലാക്കാവുന്നതാണ്. 

എന്തായാലും പ്രിയതാരത്തിന് ആശംസകള്‍ അറിയിക്കുകയാണ് ആരാധകരത്രയും. ആരോഗ്യത്തോടെ രണ്ട് കുഞ്ഞുങ്ങളെയും ലഭിക്കട്ടെയെന്നും ആറാമതും അച്ഛനാകുമ്പോള്‍ കരിയറും മങ്ങാതെ മുന്നോട്ട് പോകട്ടെയെന്നുമെല്ലാം ആരാധകര്‍ ആശംസിക്കുന്നു. 

Also Read:- 'നിങ്ങളുടെ ശരീരം എപ്രകാരമാണോ അതിൽ ആർക്കും വിശദീകരണം നൽകേണ്ടതില്ല': സമീറ റെഡ്ഡി

click me!