റെയില്‍വേ ട്രാക്കില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ ട്രെയിന്‍ വന്നു; 'ഷോക്കിംഗ്' വീഡിയോ...

By Web TeamFirst Published Jun 11, 2021, 3:39 PM IST
Highlights

ആളൊഴിഞ്ഞ പ്രദേശത്ത്, റെയില്‍വേ ട്രാക്കില്‍ ബൈക്കുപയോഗിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു യുവാവ്. അല്‍പം അകലെയായി നില്‍ക്കുന്ന മറ്റൊരാളാണ് ദൃശ്യം പകര്‍ത്തുന്നത്. സ്റ്റണ്ട് തുടരുന്നതിനിടെ ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ട യുവാവ് ബൈക്ക് ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അത് അവിടെ കുടുങ്ങിപ്പോയിരിക്കുന്നു എന്ന് മനസിലാക്കുന്നത്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓരോ ദിവസവും പല തരത്തിലുള്ള വീഡിയോകള്‍ നമ്മെ തേടിയെത്താറുണ്ട്, അല്ലേ? ഇവയില്‍ ചിലത് സ്വാഭാവികമായി നടക്കുന്ന സംഭവങ്ങളോ തമാശകളോ ആകാം. മറ്റ് ചിലതാകട്ടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ബോധപൂര്‍വ്വം ചെയ്യുന്നതുമാകാം. 

ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി വീഡിയോ തയ്യാറാക്കുന്നതില്‍ മോശമില്ല. എന്നാല്‍ ഇതിനായി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും കൂടി പണയപ്പെടുത്തുന്ന തരത്തിലേക്ക്, അത്രയും ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ തീര്‍ച്ചയായും അത് അംഗീകരിക്കാവുന്നതല്ല. 

ഈ വര്‍ഷം ആദ്യം ജാര്‍ഖണ്ഡില്‍ നിന്ന് വന്ന ഒരു വാര്‍ത്ത ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടായിരിക്കണം. ഇത്തരത്തില്‍ സാഹസിക ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ പതിനാറുകാരന്‍ ഇലക്ട്രിക് വയറുകളില്‍ തട്ടി പൊള്ളി മരിച്ച സംഭവം. ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ട് യുവാക്കള്‍ നടത്തുന്ന ഇങ്ങനെയുള്ള സാഹസികതകളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

ഇപ്പോഴിതാ സമാനമായൊരു വീഡിയോ കൂടി വൈറലാവുകയാണ്. ഗുജറാത്തില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡിലെ സംഭവത്തില്‍ നിന്ന് വ്യത്യസ്തമായി ഈ വീഡിയോയില്‍ കാണുന്ന യുവാവിന് ജീവന്‍ നഷ്ടമായിട്ടില്ല. തലനാരിഴയ്ക്ക് അദ്ദേഹം ദാരുണമായൊരു മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. 

ആളൊഴിഞ്ഞ പ്രദേശത്ത്, റെയില്‍വേ ട്രാക്കില്‍ ബൈക്കുപയോഗിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു യുവാവ്. അല്‍പം അകലെയായി നില്‍ക്കുന്ന മറ്റൊരാളാണ് ദൃശ്യം പകര്‍ത്തുന്നത്. സ്റ്റണ്ട് തുടരുന്നതിനിടെ ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ട യുവാവ് ബൈക്ക് ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അത് അവിടെ കുടുങ്ങിപ്പോയിരിക്കുന്നു എന്ന് മനസിലാക്കുന്നത്. 

തുടര്‍ന്ന് ട്രാക്കില്‍ നിന്ന് എങ്ങനെയും ബൈക്ക് വേര്‍പെടുത്തിയെടുക്കാനുള്ള ശ്രമത്തിലായി യുവാവ്. ട്രെയിന്‍ തൊട്ടടുത്ത് എത്തുമ്പോഴും യുവാവ് ബൈക്കില്‍ നിന്നുള്ള പിടി വിടുന്നില്ല. എന്നാല്‍ സെക്കന്‍ഡുകളുടെ വ്യത്യാസം കൊണ്ട് യുവാവ് ട്രെയിനിന് അടിയില്‍ നിന്ന് രക്ഷപ്പെടുകയാണ്. ബൈക്കും കെട്ടിവലിച്ചുകൊണ്ട് അല്‍പദൂരം കൂടി പോയതിന് ശേഷമാണ് ട്രെയിന്‍ നിന്നത്. ഒരുപക്ഷേ യുവാവ് മാറിയില്ലായിരുന്നുവെങ്കില്‍ ബൈക്കിനൊപ്പം അത്രയും നേരം അദ്ദേഹത്തെ കൂടി ട്രെയിന്‍ വലിച്ചുപോകുമായിരുന്നു. 

വളരെയധികം പേടിപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നൊരു വീഡിയോ ആണിത്. ഫേസ്ബുക്കില്‍ പതിനായിരക്കണക്കിന് പേരാണ് ഒറ്റ ദിവസം കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത്. സാഹസികതകള്‍ ഒരിക്കലും അതിര് കടക്കരുതെന്ന പാഠം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. റെയില്‍വേ ട്രാക്ക് പോലെ അത്രമാത്രം സുരക്ഷാപ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ ഒട്ടും ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും അത് സ്വന്തം ജീവന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും വീഡിയോ താക്കീതായി ഓര്‍മ്മപ്പെടുത്തുന്നു. 

വീഡിയോ കാണാം...

 

Also Read:- ഒപ്പം സെൽഫിയെടുത്ത സ്ത്രീയുടെ തലമുടി കടിച്ചു വലിച്ച് ഒട്ടകം; വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!