നിങ്ങളുടെ കുട്ടി അന്തര്‍മുഖന്‍ ആണോ? ലക്ഷണങ്ങൾ എന്തൊക്കെ?

By Priya VargheseFirst Published Aug 22, 2022, 3:27 PM IST
Highlights

വളരെ ആക്റ്റീവ് ആയ (extrovert) കുട്ടികളെപ്പോലെ അല്ല അന്തര്‍മുഖരായ കുട്ടികൾ (introvert). ഒരുപാട് നിരീക്ഷിച്ചതിനുശേഷം വളരെ ആലോചിച്ചു മാത്രമാകും അവർ ഓരോ കാര്യങ്ങളും ചെയ്യുക. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവർ ഇങ്ങനെ തന്നെയാവും. 

എല്ലാ കുട്ടികളും എത്ര ആക്റ്റീവ് ആണ്, ഈ കുട്ടി മാത്രം എന്താ ഇങ്ങനെ? സ്കൂളിലും ടീച്ചർ പറയുന്നു കുട്ടി ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയുന്നില്ല എന്ന്. എല്ലാ ഉത്തരങ്ങളും കുട്ടിക്ക് അറിയാം പക്ഷേ ചോദിക്കുമ്പോൾ പറയാൻ കഴിയുന്നില്ല. മറ്റു കുട്ടികൾക്കൊപ്പം കൂട്ടുകൂടാതെ അധിക സമയവും ഒറ്റക്കാണ് കുട്ടി. ഒറ്റയ്ക്കിരുന്നു കളിക്കുക, പുസ്തകൾ വായിക്കുക എന്നിവ ചെയ്യും. വീട്ടിൽ ആരെങ്കിലും വന്നാൽ വേഗം അകത്തേക്ക് ഓടിക്കളയും.

കുട്ടി പൊതുവെ നാണക്കാരനാണ്‌ എങ്കിലും കുട്ടിയുടെ ഭാവിയെ ഇത് ബാധിക്കുമോ എന്ന് മാതാപിതാക്കൾക്ക് വലിയ ടെൻഷനായി. വളരെ ആക്റ്റീവ് ആയ (extrovert) കുട്ടികളെപ്പോലെ അല്ല അന്തർമുഖരായ കുട്ടികൾ (introvert). ഒരുപാട് നിരീക്ഷിച്ചതിനുശേഷം വളരെ ആലോചിച്ചു മാത്രമാകും അവർ ഓരോ കാര്യങ്ങളും ചെയ്യുക. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവർ ഇങ്ങനെ തന്നെയാവും. അതിനാൽ തന്നെ വളരെ എളുപ്പത്തിൽ മറ്റുള്ളവരോടു സംസാരിക്കുന്ന രീതിയുള്ള കുട്ടികളുമായി ഇടപെടേണ്ടി വരുമ്പോൾ അവർ വളരെ ബുദ്ധിമുട്ടുന്നതായി കാണാൻ കഴിയും. 

അന്തർമുഖരായ കുട്ടികളെ മിടുക്കരാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ:

മാതാപിതാക്കൾ പലപ്പോഴും നിർബന്ധിച്ചു കുട്ടികളെ സംസാരിപ്പിക്കാൻ ശ്രമിക്കാറുണ്ട്, അതിൽ പരാജയപ്പെടാറും ഉണ്ട്. കുട്ടികളെ നാം പ്രതീക്ഷിക്കുന്ന പുതിയ രീതിയിൽ മാറ്റിയെടുക്കാൻ അവർക്ക് റിവാർഡുകൾ അല്ലെങ്കിൽ സമ്മാനം (reinforcement) നൽകുന്നത് വളരെ ഫലപ്രദമാണ്.

Read more  എന്താണ് റെട്രോഗ്രേഡ് അംനേഷ്യ? ലക്ഷണങ്ങൾ എന്തൊക്കെ?

 മുൻകൂട്ടി അവർ പോകുന്ന സാഹചര്യങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കുകയും അവിടെ എന്ത് പെരുമാറ്റമാണ് ആവശ്യമായത് എന്ന് മനസ്സിലാക്കിയതിനു ശേഷം അവിടേക്കു കൊണ്ടുപോകുക. കുട്ടി നാം പ്രതീക്ഷിച്ച രീതിയിൽ ആളുകളോട് സംസാരിക്കുന്നു, ഇടപെടുന്നു, ശ്രമിക്കുന്നു എന്നെല്ലാം കാണുമ്പോൾ അവന് റിവാർഡ് കൊടുക്കാം. 
മറ്റുകുട്ടികളെ കണ്ടു പഠിക്കുന്ന observational learning എന്നതാണ് കുട്ടികളെ സാമൂഹിക സാഹചര്യങ്ങളിൽ മിടുക്കരാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം.

മറ്റുകുട്ടികൾ എങ്ങനെ പെരുമാറുന്നു, അവരുടെ സന്തോഷവും സൗഹൃദവും ഒക്കെ എങ്ങനെ പങ്കുവെക്കുന്നു, മറ്റു കുട്ടികളോട് ചേർന്ന് കളിക്കുന്നതെങ്ങനെ, കൂട്ടുകാർ തമ്മിലുള്ള വഴക്കുകൾ പരിഹരിക്കുന്നതെങ്ങനെ എന്നിവയെല്ലാം വീക്ഷിക്കാൻ കുട്ടിയെ സഹായിക്കാം. 

ഒന്നോ രണ്ടോ കുട്ടികളെ അടുത്ത കൂട്ടുകാരാക്കാൻ കുട്ടിയെ സഹായിക്കാം. അതിൽ കുട്ടിക്കു വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നു എങ്കിൽ കൂട്ടുകാരുമായി കൂടുന്നതായി സങ്കൽപ്പിക്കാൻ കുട്ടിയെ സഹായിക്കാം. ഉദാ: ബെസ്റ്റ് ഫ്രണ്ട്‌സ് ആയ കരടികളുടെ കഥ പറഞ്ഞുകൊടുക്കാം. അല്ലെങ്കിൽ ഒരു മുയൽ കുട്ടിയുടെ ബെസ്റ്റ്‌ ഫ്രണ്ട് ആണെങ്കിൽ കുട്ടിക്കായി ആ ബെസ്റ്റ് ഫ്രണ്ട് ചോക്ലേറ്റ് കൊണ്ടുവരുന്നത് സങ്കൽപ്പിക്കാൻ പറയാം. ഇങ്ങനെ നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നതിന്റെ രസം കുട്ടിയെ പറഞ്ഞു മനസ്സിലാക്കാം. 

Read more ഈ ലക്ഷണങ്ങളുണ്ടോ? ഒസിഡിയുടെതാകാം

കുട്ടിക്കൊപ്പം കളിക്കാം. കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ പറഞ്ഞുകൊടുക്കും. ഉദാ: ഗയിമുകളുടെ നിയമങ്ങൾ പാലിക്കുക, ഒരാളുടെ അവസരം കഴിയുമ്പോൾ മറ്റേ ആളുടെ അവസരം കഴിയും വരെ ക്ഷമയോടെ ഇരിക്കുക. കുട്ടി ഇതെല്ലാം കൃത്യമായി പാലിക്കുമ്പോൾ അവനെ അഭിനന്ദിക്കുക. കുട്ടിയും തിരികെ അഭിനന്ദിക്കാൻ ശീലിപ്പിക്കുക. 

എങ്ങനെ സഹായം ആവശ്യപ്പെടും എന്നും കുട്ടിയെ പഠിപ്പിക്കാം. ഉദാ: എങ്ങനെ ടീച്ചറിനോട് മനസ്സിലാകാത്ത പാഠഭാഗം ചോദിച്ചു മനസ്സിലാക്കാം, ഒരു കടയിൽ പോയി സാധനങ്ങൾ ആവശ്യപ്പെടാം എന്നിവ. 

അന്തർമുഖത എന്നാൽ എന്താണ് എന്ന് സാവധാനം കുട്ടിയെ പറഞ്ഞു മനസ്സിലാക്കാം. ഓരോ ദിവസവും ആ ദിവസം കുട്ടിക്ക് എത്രമാത്രം വ്യത്യാസങ്ങൾ വരുത്താൻ കഴിഞ്ഞു, ഓരോ അവസരങ്ങളും എങ്ങനെ തോന്നി എന്നൊക്കെ ചോദിച്ചു മനസ്സിലാക്കാൻ സമയം കണ്ടെത്താം. 

അന്തർമുഖരായ കുട്ടികൾക്ക് ധാരാളം കാര്യങ്ങൾ ഈ സമൂഹത്തിനു നൽകാനാവും. അവർ അധികം സംസാരിക്കുന്നില്ല എന്നതുകൊണ്ട് അവർ ബുദ്ധിയോ കഴിവോ കുറഞ്ഞവരാണ് എന്നു കാണാൻ പാടില്ല. വളരെ ആഴത്തിൽ ചിന്തിക്കുന്നവരും, വളരെ ക്രിയാത്മകത ഉള്ളവരുമാണ് അവർ. അവർ അവരുടെ ഉള്ളിലുള്ള കഴിവുകളെ മറ്റുള്ളവർക്ക് മനസ്സിലാകും വിധം പ്രകടമാക്കാതെ ഇരിക്കുന്നു എന്നതിനാൽ ജീവിത വിജയം ഇല്ലാതെയാകുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. അതിനാൽ അവരെ കൂടുതൽ മുന്നോട്ടു കൊണ്ടുവരാൻ നാം ശ്രമിക്കണം.

എഴുതിയത്:

പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
Consultation: Kochi & Thiruvalla 
For appointments call: 8281933323 
Online consultation available 

 

click me!