Asianet News MalayalamAsianet News Malayalam

Retrograde Amnesia : എന്താണ് റെട്രോഗ്രേഡ് അംനേഷ്യ? ലക്ഷണങ്ങൾ എന്തൊക്കെ?

തലച്ചോറിന് വലിയ രീതിയിലുള്ള ആഘാതം സംഭവിച്ചശേഷം മുൻപു നടന്ന കാര്യങ്ങൾ മറന്നുപോകുന്ന അവസ്ഥയാണ് റെട്രോഗ്രേഡ് അംനേഷ്യ. എന്നാൽ മുൻപ് പഠിച്ച സ്കില്ലുകൾ ഉദാ: ഡ്രൈവിംഗ്, സംഗീത ഉപകരണങ്ങൾ വായിക്കുന്നത്, ഭാഷ എന്നിവ ഓർമ്മയിൽ ഉണ്ടാകും.  

retrograde amnesia symptoms and causes
Author
Trivandrum, First Published Jul 28, 2022, 2:39 PM IST

റെട്രോഗ്രേഡ് അംനേഷ്യ (retrograde amnesia) എന്ന രോ​ഗാവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയാണ് സമൂഹത്തിൽ വീണ്ടും റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് കേൾക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് കെ എം ബഷീറെന്ന മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിനുശേഷം ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. അപകടത്തെക്കുറിച്ച് ശ്രീറാമിന് ഓർമയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വാദം. ഇപ്പോഴിതാ, വീണ്ടും ചർച്ചകളിൽ നിറയുന്ന റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് അറിയാം…

എന്താണ് റെട്രോഗ്രേഡ് അംനേഷ്യ (Retrograde Amnesia)?

തലച്ചോറിന് വലിയ രീതിയിലുള്ള ആഘാതം സംഭവിച്ചശേഷം മുൻപു നടന്ന കാര്യങ്ങൾ മറന്നുപോകുന്ന അവസ്ഥയാണ് റെട്രോഗ്രേഡ് അംനേഷ്യ. എന്നാൽ മുൻപ് പഠിച്ച സ്കില്ലുകൾ ഉദാ: ഡ്രൈവിംഗ്, സംഗീത ഉപകരണങ്ങൾ വായിക്കുന്നത്, ഭാഷ എന്നിവ ഓർമ്മയിൽ ഉണ്ടാകും.  

ആളുകളുടെ പേരുകൾ, ആരാണെന്നു തിരിച്ചറിയാൻ കഴിയാതെ വരിക, സ്ഥലം, മുൻപ് നടന്ന സംഭവങ്ങൾ എന്നിവ മറക്കുക എന്നീ ലക്ഷണങ്ങൾ കാണാൻ കഴിയും. തലയ്ക്കുണ്ടാകുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, മദ്യം ഉപയോഗിക്കുന്നവരിൽ വിറ്റാമിൻ ബിയുടെ അഭാവം കൊണ്ടുണ്ടാകുന്ന Korsakoff syndrome, അൽഷൈമെർസ് തുടങ്ങിയ പല കാരണങ്ങളാണ് റെട്രോഗ്രേഡ് അംനേഷ്യയ്ക്കുള്ളത്. 

Read more  ഈ ചിന്തകൾ നിങ്ങളുടെ മനസിനെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതറിയണം

റെട്രോഗ്രേഡ് അംനേഷ്യയിൽ അപകടമോ ആഘാതമോ സംഭവിക്കുന്നതിനു മുൻപുള്ള കാര്യങ്ങളുടെ ഓർമ്മ നഷ്ടമാകുന്ന അവസ്ഥയാണ് എങ്കിൽ ആൻഡ്രോഗ്രാഡ് അംനേഷ്യ എന്ന അവസ്ഥയിൽ പുതിയ കാര്യങ്ങൾ ഓർമ്മയിൽ വയ്ക്കാൻ കഴിയാതെ വരികയാണ് ഉണ്ടാവുക.

റെട്രോഗ്രേഡ് അംനേഷ്യയിൽ ഡിസോസിയേറ്റീവ് അംനേഷ്യ എന്ന ഒരു വകഭേദം ഉണ്ട്. വലിയ മാനസികാഘാതം ഏൽക്കേണ്ടി വന്ന ശേഷമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതിൽ പൂർണമായും മാനസിക സമ്മർദ്ദമാകും കാരണം, തലയ്ക്കു ക്ഷതം ഏറ്റിട്ടുണ്ടാവില്ല. 

അപകടങ്ങൾ, പെട്ടെന്നുണ്ടാവുന്ന നഷ്ടങ്ങൾ, പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗം എന്നിവ സംഭവിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത. ഇത് മനസ്സിനു താങ്ങാനാവാത്ത സ്ട്രെസ് അനുഭവിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. കൺഫ്യൂസ്ഡ് ആകുക, ടെൻഷൻ എന്നിങ്ങനെ ഉള്ള ലക്ഷണങ്ങളും ഇവരിൽ ഉണ്ടാകും. ബോധ മനസ്സിന് അറിവില്ലാതെ മനഃപൂർവം അല്ലാതെ മാനസിക സമ്മർദത്തെ നേരിടാൻ മനസ്സു കണ്ടുപിടിക്കുന്ന ഒരു വഴിയാണിത്.

എന്നാൽ മനഃപൂർവ്വം പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ മറവി അഭിനയിക്കുന്ന malingering എന്ന മാനസികാവസ്ഥ അല്ല വ്യക്തിക്ക് എന്ന് കണ്ടുപിടിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. പണവുമായി ബന്ധപ്പെട്ട കേസുകൾ, കൊലപാതകം, ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഒക്കെയാണ് malingering കണ്ടുവരുന്നത്. 

എഴുതിയത്:
പ്രിയ വർ​ഗീസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, 
Near TMM Hospital, തിരുവല്ല
For appointments call: 8281933323  

Read more  ഈ ലക്ഷണങ്ങളുണ്ടോ? ഒസിഡിയുടെതാകാം

 

Follow Us:
Download App:
  • android
  • ios