
മുഖസൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതിൽ ചുണ്ടുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര വിലകൂടിയ ലിപ്സ്റ്റിക് ഉപയോഗിച്ചാലും, ചുണ്ടുകൾ വരണ്ടതും, വിണ്ടുകീറിയതുമാണെങ്കിൽ അതിന്റെ ഭംഗി കുറയും. മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ച് ചുണ്ടിലെ സ്കിൻ വളരെ സോഫ്റ്റാണ്. അതിനാൽ, ചെറിയൊരു ശ്രദ്ധ കൊടുത്താൽ ഇതിനെ എപ്പോഴും കാത്തുസൂക്ഷിക്കാം. ചുണ്ടുകളുടെ ആരോഗ്യത്തിനും അഴകിനുമുള്ള ചില പൊടിക്കൈകൾ ഇതാ:
വരണ്ട ചുണ്ടുകൾക്ക് പിന്നിലെ പ്രധാന വില്ലൻ നിർജ്ജലീകരണമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ചുണ്ടുകൾ എപ്പോഴും മൃദുവായിരിക്കാനും സഹായിക്കും. വെള്ളം കുടിക്കാൻ മടിയുള്ളവർ തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ചുണ്ടുണങ്ങുമ്പോൾ നാക്ക് കൊണ്ട് നനയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ഉമിനീർ പെട്ടെന്ന് വറ്റിപ്പോവുകയും ചുണ്ടുകൾ കൂടുതൽ വരണ്ടുപോവുകയും ചെയ്യും. അതിനാൽ, ഈ ശീലം ഇന്ന് തന്നെ ഒഴിവാക്കണം.
പുറത്ത് പോകുമ്പോൾ SPF ഉള്ള നല്ല ഗുണമേന്മയുള്ള ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യരശ്മി, കാറ്റ്, പൊടി എന്നിവയിൽ നിന്ന് ചുണ്ടിനെ സംരക്ഷിക്കാൻ സഹായിക്കും. വെളിച്ചെണ്ണ, ഷിയ ബട്ടർ, വിറ്റാമിൻ E തുടങ്ങിയ പോഷകങ്ങളുള്ള ലിപ് ബാം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പും ലിപ് ബാം പുരട്ടുന്നത് നല്ലതാണ്.
ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്താൽ മാത്രമേ ചുണ്ടുകൾക്ക് തിളക്കവും മൃദുത്വവും ലഭിക്കൂ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും സ്ക്രബ് ചെയ്യുന്നത് ശീലമാക്കുക. ഒരു ടേബിൾ സ്പൂൺ തേനും, പഞ്ചസാരയും എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചുണ്ടുകളിൽ പതുക്കെ മസാജ് ചെയ്ത ശേഷം കഴുകിക്കളയാം. ഇത് ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാനും സഹായിക്കും.
ചുണ്ടുകൾക്ക് സ്വാഭാവികമായ ചുവപ്പ് നിറം നൽകാൻ ബീറ്റ്റൂട്ട് ജ്യൂസിന് കഴിയും. ബീറ്റ്റൂട്ട് നീര് ദിവസവും രാത്രിയിൽ ചുണ്ടിൽ പുരട്ടി കിടക്കുക. പതിവായി ഉപയോഗിച്ചാൽ ചുണ്ടുകൾക്ക് നല്ല നിറവും ഭംഗിയും ലഭിക്കും.
ചുണ്ടുകൾക്ക് നിറവും മൃദുത്വവും നൽകാനുള്ള മറ്റൊരു മികച്ച വഴിയാണ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ ചേർത്ത മിശ്രിതം. ഇത് ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചുണ്ടുകളിൽ പുരട്ടുന്നത് കറുപ്പ് നിറം മാറാനും ജലാംശം നിലനിർത്താനും സഹായിക്കും.
ചുണ്ടുകൾ പതിവായി വിണ്ടുകീറുന്നതിന് പിന്നിൽ പോഷകക്കുറവോ, അല്ലെങ്കിൽ മറ്റ് ആരേഗ്യപ്രശ്നങ്ങളോ ഉണ്ടാകാം. നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ ആ ശീലം ഉപേക്ഷിക്കുന്നത് ചുണ്ടിൻ്റെ ആരോഗ്യത്തിനും നിറത്തിനും ഏറ്റവും ഉചിതമാണ്. അപ്പോൾ, ഇനി ലിപ്സ്റ്റിക് ഇട്ടില്ലെങ്കിലും തിളക്കമുള്ളതും മൃദുവുമായ ചുണ്ടുകളോടെ ചിരിക്കാം.