ഈ ആറ് കാര്യങ്ങൾ ശീലമാക്കിയാൽ ദിവസം മുഴുവനും എനർജിയോടെയിരിക്കാം

By Web TeamFirst Published Jan 27, 2020, 6:03 PM IST
Highlights

അസുഖങ്ങൾ വരാതെ നോക്കാനും ദിവസം മുഴുവൻ എനർജിയോടെയി‌രിക്കാനും ഈ ആറ് കാര്യങ്ങൾ ശീലമാക്കൂ...

ജോലി തിരക്കിനിടയിൽ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാൻ പലർക്കും സമയമില്ല. തെറ്റായ ഭക്ഷണരീതി നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഫാസ്റ്റ് ഫുഡാണ് ഇന്ന് കൂടുതൽ പേരും കഴിക്കുന്നത്. ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോൾ, പൊണ്ണത്തടി, പ്രമേഹം പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. അസുഖങ്ങൾ വരാതെ നോക്കാനും ദിവസം മുഴുവൻ എനർജിയോടെയി‌രിക്കാനും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം...

ഒന്ന്...

രാവിലെ എണീറ്റാൽ ആദ്യം ചെയ്യേണ്ടത് വ്യായാമം തന്നെയാണ്. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്. യോ​ഗ, എയറോബിക്സ്, നടത്തം ഇങ്ങനെ ഏത് വ്യായാമം വേണമെങ്കിലും ചെയ്യാവുന്നതാണ്. 

രണ്ട്...

ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ്  വെള്ളമെങ്കിലും കുടിക്കുക. തലച്ചോറിന് പെട്ടെന്ന് ഉണർവേകാൻ വെള്ളത്തിന് കഴിയും. ഇടവിട്ട് വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധ വരാതിരിക്കാൻ സഹായിക്കും. നാരങ്ങ വെള്ളം, മോര് വെള്ളം, ജീരക വെള്ളം എന്നിവ ധാരാളം കുടിക്കുക. കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിൽ ഇലകട്രോലെെറ്റിന്റെ അളവ് ഉറപ്പ് വരുത്താൻ സഹായിക്കും. 

ദിവസവും രാവിലെ ഒന്നോ രണ്ടോ ​ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ആ ദിവസം തുടങ്ങുക. അത് കൂടുതൽ എനർജറ്റിക്കാവാൻ സഹായിക്കും. ഇത് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ രാസ -ജൈവ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറക്കുന്നു.

മൂന്ന്...

പോഷകാംശങ്ങള്‍ അടങ്ങിയ പ്രഭാത ഭക്ഷണം എന്നും പതിവാക്കുക. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്നു. ശരീരത്തില്‍ അധികം അടിഞ്ഞു കൂടുന്ന കലോറി ഇതിലൂടെ ഇല്ലാതാവുന്നു. അതോടൊപ്പം വിശപ്പിനെയും ഹോര്‍മോണിനെയും സന്തുലിതമായി നിലനിര്‍ത്തുന്നു. 

ഒരു ദിവസത്തിലെ ആദ്യ ഭക്ഷണമെന്ന നിലയില്‍ അതില്‍ വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍സ്, ഫൈബര്‍ എന്നിവ ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തില്‍ ഫലങ്ങളും, ധാന്യങ്ങളും ഉള്‍പ്പെടുത്തുന്നത് വളരെ അത്യാവശ്യമാണ്. രാവിലെ തന്നെ ഓയിലി ഭക്ഷണങ്ങളും, വറുത്തതും പൊരിച്ചതുമായവയും, മാംസ ഭക്ഷണങ്ങളും പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക.

നാല്...

ദിവസവും ആരോഗ്യപ്രദമായ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും ശാരീരികോന്മേഷത്തിനും സഹായിക്കുന്നു. നാരുകളും വെെറ്റമിൻ ബിയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകും. ബീൻസ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

അഞ്ച്...

നിത്യജീവിതത്തില്‍ വളരെ സ്വാഭാവികമായി നടന്നുപോകുന്ന പ്രക്രിയയാണ് ശ്വസനം. ശരീരത്തിന്റെ എല്ലാ ജൈവ പ്രക്രിയകള്‍ക്കും ദഹനവ്യവസ്ഥയേയും ശ്വസന വ്യായാമം ( breathing exercise) സഹായിക്കുന്നുണ്ട്. ആസ്ത്മ രോഗികള്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ക്കും ശ്വസന വ്യായാമം ആശ്വാസമേകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ദഹനേന്ദ്രിയങ്ങള്‍ക്ക് ഒരു 'മസാജി'ന്റെ ഗുണം നല്കുകയും മെച്ചപ്പെട്ട ദഹനം സാധ്യമാക്കുകയുമെന്ന് ഹാര്‍‌വേര്‍ഡ് സര്‍‌വകലാശാലയിലെ ​ഗവേഷകർ പറയുന്നു.

ആറ്...

‌പച്ചപ്പ് നിറഞ്ഞ ഇടങ്ങളിൽ ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ ചെലവഴിക്കുന്നത് രക്തസമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുമെന്ന് 2016 ലെ ഒരു പഠനത്തിൽ പറയുന്നു. 

click me!