ക്വാരന്റൈന്‍ ദിനങ്ങള്‍ വിരസമാക്കല്ലേ; നിങ്ങള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

By Web TeamFirst Published Apr 4, 2020, 11:49 PM IST
Highlights

മിക്കവാറും പേരും ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. അതിനാല്‍ത്തന്നെ ചിട്ടയായ ജീവിതരീതിക്ക് ചില മാറ്റമെങ്കിലും വന്നുകാണാം. ഇത് ഒരിക്കലും ഭക്ഷണക്രമത്തെ ബാധിക്കാതിരിക്കാന്‍ കരുതലെടുക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നതിനാല്‍ അത് ഒഴിവാക്കാതിരിക്കുക. അതുപോലെ വൈകി അത്താഴം കഴിക്കുന്ന ശീലവും ഉണ്ടാക്കാതിരിക്കുക

ക്വാരന്റൈന്‍ ദിനങ്ങളിലൂടെ കടന്നുപോകുന്നവരില്‍ മിക്കവാറും പേരും 'ബോറടി'യെക്കുറിച്ച് വ്യാപകമായി പരാതിപ്പെടുന്നുണ്ട്. ഭൂരിപക്ഷവും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് വീടുകളില്‍ കഴിയുന്നത്. ഇത് മോശം കാര്യമല്ല, എങ്കിലും ചില കാര്യങ്ങള്‍ വിട്ടുപോകുന്നില്ലേ, എന്ന് സ്വയം പരിശോധിച്ച് അതിലേക്ക് കൂടിയ സമയം നീക്കിവയ്ക്കുന്നതിലൂടെ ഈ ദിനങ്ങളിലെ വിരസത അല്‍പമെങ്കിലും മറികടക്കാനാകില്ലേ?  അത്തരത്തില്‍ പരീക്ഷിച്ചുനോക്കാവുന്ന ആറ് കാര്യങ്ങള്‍...

ഒന്ന്...

മിക്കവാറും പേരും ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. അതിനാല്‍ത്തന്നെ ചിട്ടയായ ജീവിതരീതിക്ക് ചില മാറ്റമെങ്കിലും വന്നുകാണാം. ഇത് ഒരിക്കലും ഭക്ഷണക്രമത്തെ ബാധിക്കാതിരിക്കാന്‍ കരുതലെടുക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നതിനാല്‍ അത് ഒഴിവാക്കാതിരിക്കുക. അതുപോലെ വൈകി അത്താഴം കഴിക്കുന്ന ശീലവും ഉണ്ടാക്കാതിരിക്കുക. 

രണ്ട്...

ആദ്യം സൂചിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് രണ്ടാമതായി പറയാന്‍ പോകുന്ന വിഷയവും. ഭക്ഷണം പോലെ തന്നെ ഈ ക്വാരന്റൈന്‍ കാലത്ത് ക്രമം തെറ്റാനിടയുള്ള ഒന്നാണ് ഉറക്കം. ഇക്കാര്യവും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ടതുണ്ട്. പകലുറക്കം വര്‍ധിക്കാനുള്ള സാധ്യതയും ഇപ്പോള്‍ കൂടുതലാണ്. 

 

 

എന്നാല്‍ ഇങ്ങനെയുള്ള അനാവശ്യമായ ശീലങ്ങളിലേക്ക് കടക്കുന്നത് ക്വാരന്റൈന്‍ ദിനങ്ങള്‍ കഴിഞ്ഞുള്ള ജീവിതത്തില്‍ വിഷമതകള്‍ സൃഷ്ടിക്കുമെന്നോര്‍ക്കുക. 

മൂന്ന്...

പുറത്തുപോകാതിരിക്കുമ്പോള്‍ വളരെ അലസമായ മട്ടില്‍ നടക്കുകയെന്നതാണ് മിക്കവരുടേയും രീതികള്‍. എന്നാല്‍ ഇത്തരത്തില്‍ അലസമായി തുടരുമ്പോള്‍ പെട്ടെന്ന് തന്നെ വിരസത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയവും ചുറ്റുപാടുകളും എപ്പോഴും വൃത്തിയായി കൊണ്ടുനടക്കുക. അതുവഴി 'ഫ്രഷ്' ആയ മാനസികാവസ്ഥയും ഉണ്ടാക്കാം. 

നാല്...

ചിലരുണ്ട്, ഈ ക്വാരന്റൈന്‍ ദിനങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ 'ലോക്ക്' ആയിപ്പോയവര്‍. ഇവരില്‍ കടുത്ത ഏകാന്തത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ സ്വയം തിരിച്ചറിയുന്നില്ലെങ്കില്‍പ്പോലും ഈ ദിവസങ്ങളില്‍ നിങ്ങള്‍ അനുഭവിക്കുന്ന വിരസത ചിലപ്പോള്‍ ഈ ഏകാന്തതയില്‍ നിന്നുണ്ടാകുന്നതാകാം. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ തുടരുന്നവര്‍ തീര്‍ച്ചയായും പ്രിയപ്പെട്ടവരുമായി 'കോണ്‍ടാക്ട്' നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. 

 

 

ഫോണില്‍ സംസാരിക്കാം, വീഡിയോകോള്‍ ചെയ്യാം, ചാറ്റില്‍ ബന്ധപ്പെടാം. ഇങ്ങനെ ഏത് മാര്‍ഗങ്ങള്‍ വേണമെങ്കിലും അവലംബിക്കാം. ഏറ്റവും ചുരുങ്ങിയത് വീടിന്റെ കോംപൗണ്ടിലോ ടെറസിലോ ബാല്‍ക്കണിയിലോ നിന്ന് അടുത്ത വീടുകളിലുള്ളവരുമായെങ്കിലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ ഇത്തിരി നേരം കണ്ടെത്തുക.

അഞ്ച്...

എല്ലാ സമയവും സോഷ്യല്‍ മീഡിയയിലും സ്‌ക്രീനിന് മുമ്പിലുമായി ചിലവിടരുത്. ഇത് നമ്മളില്‍ നമ്മളറിയാതെ തന്നെ വിരസത സൃഷ്ടിക്കും. അതിനാല്‍ സമയാസമയത്തെ ഭക്ഷണത്തിനും ഉറക്കത്തിനും ജോലികള്‍ക്കും ശേഷം ലഭിക്കുന്ന സമയത്തെ അല്‍പമെല്ലാം ക്രിയാത്മകമായിക്കൂടി ഉപയോഗിക്കാം. പൂന്തോട്ട പരിപാലനം, തയ്യല്‍, ചിത്രം വര, പാട്ട് പാടുകയോ കേള്‍ക്കുകയോ ചെയ്യുക, എഴുതുക, വായിക്കുക എന്നിങ്ങനെ അവനവന്റെ അഭിരുചിക്ക് അനുസരിച്ചുള്ള എന്ത് വിഷയത്തിലുമാകാം ഇടപെടുന്നത്. 

ആറ്...

എപ്പോഴും വാതിലടച്ച് വീട്ടിനകത്ത് തന്നെ ചടഞ്ഞുകൂടിയിരിക്കരുത്. ആവശ്യത്തിന കാറ്റും വെളിച്ചവുമെല്ലാം എല്ലാ ദിവസവും കൊള്ളേണ്ടത് ശരീരത്തിന്റേയും മനസിന്റേയും ആവശ്യമാണ്. അതിനാല്‍ സുരക്ഷിതമായ രീതിയില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തുക. ഊര്‍ജ്ജസ്വലരായി തുടരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസിലാക്കുക.

click me!