വേനൽച്ചൂടില്‍ ചര്‍മ്മത്തിന് വേണം സ്പെഷ്യല്‍ സംരക്ഷണം; അടുക്കളയിലുണ്ട് പരിഹാരം!

By Web TeamFirst Published Feb 24, 2021, 2:17 PM IST
Highlights

ചൂടുകുരു, കരുവാളിപ്പ് തുടങ്ങി സൂര്യതാപം വരെ നിരവധി പ്രശ്നങ്ങൾ വേനൽക്കാലത്തുണ്ടാവാറുണ്ട്. അതിനാല്‍ വേനൽക്കാലത്തെ ചർമ്മസംരക്ഷണം വളരെ പ്രധാനമാണ്.

ചർമ്മത്തിന് ഏറ്റവും പരിചരണം വേണ്ട സമയമാണ് വേനൽക്കാലം. ചൂടുകുരു, കരുവാളിപ്പ് തുടങ്ങി സൂര്യതാപം വരെ നിരവധി പ്രശ്നങ്ങൾ വേനൽക്കാലത്തുണ്ടാവാറുണ്ട്. അതിനാല്‍ വേനൽക്കാലത്തെ ചർമ്മസംരക്ഷണം വളരെ പ്രധാനമാണ്.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. അതുപോലെ തന്നെ, പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്ക്രീന്‍ ക്രീമുകള്‍ പുരട്ടുക. 

വേനലിലും ചര്‍മ്മം സംരക്ഷിക്കാന്‍ അറിയാം ചില എളുപ്പവഴികള്‍... 

ഒന്ന്...

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാന്‍  ഇത് സഹായിക്കും. 

രണ്ട്...

ഒരു നുള്ള് മഞ്ഞളും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തേനും യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടാം. 15 മുതല്‍ 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

മൂന്ന്...

സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. പുറത്തുപോയി വന്നയുടന്‍ തക്കാളിനീര് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ തേനും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിക്കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകാം.

അഞ്ച്...

ഏത്തപ്പഴം ഉടച്ചതിലേയ്ക്ക് പാലോ മുട്ടയുടെ വെള്ളയോ ചേർത്ത് മുഖത്തിടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

Also Read: നനഞ്ഞ തലമുടിയുമായി ഉറങ്ങാറുണ്ടോ? എങ്കില്‍ അറിയാം ഇക്കാര്യങ്ങള്‍...

click me!