
കാഴ്ചയ്ക്ക് ഒരു പേനയുടെ വലിപ്പം മാത്രമുള്ള കുട്ടിപ്പാമ്പ്. ഒറ്റനോട്ടത്തില്‍ 'അയ്യോ പാവം' എന്നൊക്കെ തോന്നുമെങ്കിലും ആളുടെ കയ്യിലിരിപ്പ് ചില്ലറയല്ല. ആരുടെയും കണ്ണില്‍ പെടാതെ ഫ്‌ളൈറ്റില്‍ കയറി ഒരുഗ്രന്‍ 'ഫ്രീ ട്രിപ്' ഒപ്പിച്ചയാളാണിത്.
സംഭവം നടന്നതിങ്ങനെ- ഫ്‌ളോറിഡയില്‍ നിന്ന് യാത്ര പുറപ്പെട്ട ഒരാളുടെ ബാഗില്‍, ആരും കാണാതെ കുട്ടിപ്പാമ്പ് കയറിപ്പറ്റി. അവധിയാഘോഷിക്കാന്‍ ഹവായിലേക്കുള്ള യാത്രയിലായിരുന്നു അയാള്‍. പാമ്പ് കയറിപ്പറ്റിയ ബാഗുമായി ഫ്‌ളൈറ്റില്‍ സുഖയാത്ര നടത്തിയ ആള്‍ വൈകാതെ ഹവായിലെത്തി.
അവിടെയെത്തിയ ശേഷം താമസം തരപ്പെടുത്തുന്നതിനിടെ, മുറിയുടെ ഉടമസ്ഥനാണ് അതിഥിയുടെ ബാഗില്‍ നിന്ന് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. ഹവായിലാണെങ്കില്‍ പാമ്പുകള്‍ക്ക് ജീവിക്കാന്‍ അനുമതിയില്ല. പാമ്പുകളെ തിന്ന് ജീവിക്കുന്ന മൃഗങ്ങളില്ലാത്തതിനാല്‍, ഹവായില്‍ പാമ്പുകളെ ജീവിക്കാന്‍ വിടാറില്ല. അതിനാല്‍ത്തന്നെ അവിടേക്ക് പാമ്പുകളെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്.
എന്നാല്‍ അബദ്ധവശാല്‍ ബാഗിലേക്ക് കയറിക്കൂടിയ പാമ്പാണെന്ന് അയാള്‍ പറഞ്ഞതോടെ, എങ്ങനെയെങ്കിലും പാമ്പിനെ പിടികൂടി മടക്കി അയക്കാനുള്ള ശ്രമത്തിലായി എല്ലാവരും. അങ്ങനെ ഉദ്യോഗസ്ഥരുടെയും ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ പാമ്പിനെ പിടികൂടി. ഇനി മറ്റൊരിടത്തേക്ക് ഇതിനെ കയറ്റിയയ്ക്കാനാണ് പദ്ധതി.
ഇതാദ്യമായല്ല യാത്രക്കാര്‍ അറിയാതെ ബാഗില്‍ കയറിക്കൂടി, പാമ്പുകള്‍ രാജ്യം വിടുന്ന സംഭവം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് സ്‌കോട്ട്‌ലാന്‍ഡിലേക്ക് പോയ ഒരു യുവതിയുടെ ബാഗില്‍ നിന്നും സമാനമായ രീതിയില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. അതുപക്ഷേ, അല്‍പം വിഷമുള്ള ഇനത്തില്‍പ്പെട്ടതായിരുന്നു. ഹവായില്‍ പിടികൂടിയ കുട്ടിപ്പാമ്പിന് പക്ഷേ അത്ര വിഷം ഒന്നുമില്ലെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.