വിപാസനാ യോഗ, അടുത്തറിയാം ഭാരതീയ യോഗശാസ്ത്രത്തിലെ ഈ വിശേഷധ്യാനമുറയെ

By Web TeamFirst Published Jun 14, 2019, 5:42 PM IST
Highlights

വിപാസന യോഗ പ്രാചീന ഭാരതത്തിലെ ഒരു വിശേഷ ധ്യാനമുറയാണ്.വിപാസന എന്ന വാക്കിന്റെയർത്ഥം 'കണ്ടുമടങ്ങുക' എന്നാണ് 


വിപാസന, വിപസ്സന, വിപശ്യന എന്നിങ്ങനെ പല നാമഭേദങ്ങളിലും അറിയപ്പെടുന്ന ഈ അപൂർവ ധ്യാനമുറ ഭാരതീയ യോഗശാസ്ത്രത്തിന്റെ ഏറ്റവും പ്രാചീനമായ അത്ഭുതധ്യാനപ്രയോഗങ്ങളിൽ ഒന്നാണ്. വിപാസന എന്ന വാക്കിന്റെ അർഥം 'കണ്ടുമടങ്ങുക' എന്നാണ്. എന്നുവെച്ചാൽ, 'വരൂ.. വന്നു നേരിൽ കാണൂ.. , ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കൂ' എന്ന്. ആത്മബുദ്ധിയുടെയും ആത്മനിരീക്ഷണത്തിന്റെയും ഏറ്റവും ഉന്നതമായ ഒരു ധ്യാനപദ്ധതിയാണിത്. 

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്  2500  വർഷങ്ങൾക്കുമുമ്പ് ഗൗതമബുദ്ധന് വെളിപാടുണ്ടായത് ബോധിവൃക്ഷച്ചുവട്ടിലെ  വിപാസനധ്യാനത്തിന് ശേഷമാണ് എന്ന് പറയപ്പെടുന്നു.  ബോധോദയം സിദ്ധിച്ച ശേഷം അദ്ദേഹം തന്റെ പിന്ഗാമികളെയും വിപാസന യോഗം പരിശീലിപ്പിക്കുകയായിരുന്നു എന്നാണ് ചരിത്രം. നിങ്ങൾക്ക് സ്വന്തം പ്രജ്ഞയെപ്പറ്റി, അസ്തിത്വത്തെപ്പറ്റി ഒരു വെളിപാട് നേടിത്തരാൻ ഈ ധ്യാനത്തിനാവും. ഔദ്യോഗിക ജീവിതത്തിലെ തിരക്കിട്ട ഓട്ടപ്പാച്ചിലുകളിൽ നിന്നും വർഷത്തിൽ ഒരിക്കലോ മറ്റോ അവധിയെടുത്തു വന്ന് പല ബിസിനസ് എക്സിക്യൂട്ടീവുകളും വിപാസന യോഗ പരിശീലിക്കുന്നുണ്ട്. 

വിപാസനയുടെ അഞ്ചു സിദ്ധാന്തങ്ങൾ 

ഈ ധ്യാനപദ്ധതിക്ക് ആധാരമായ അഞ്ചു സിദ്ധാന്തങ്ങളുണ്ട്.  അവയുടെ പാലനം യോഗപരിശീലനത്തിന് മുൻ‌കൂർ ആവശ്യമുള്ള ഒരു അനുശീലനമാണ്. അഹിംസ, കളവിൽ ഏർപ്പെടാതിരിക്കൽ, ബ്രഹ്മചര്യം, ചീത്തവാക്കുകൾ ഉച്ചരിക്കാതിരിക്കൽ, ലഹരിവർജ്ജനം  എന്നിവയാണവ.

വിപാസന ധ്യാനത്തിന്  ഉചിതമായ നേരം 

പ്രഭാതത്തിന്റെ പ്രദോഷത്തിലോ ഈ ധ്യാനത്തിൽ ഏർപ്പെടുന്നതാണ് ഉത്തമം. രാവിലെ ഒരു മണിക്കൂർ, വൈകുന്നേരം ഒരു മണിക്കൂർ വീതം ധ്യാനിച്ചാൽ കൃത്യമായ ഫലസിദ്ധിയുണ്ടാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പും, എഴുന്നേറ്റ ഉടനെയും ഉള്ള സമയമാണ് ഇതിന് ഏറ്റവും യോജിച്ചതായി പറയപ്പെടുന്നത്. 

വിപാസനാ യോഗ വിധി 

വിപാസനാ യോഗവിധി പ്രകാരം ധ്യാനത്തിലിരിക്കാൻ ആദ്യം വേണ്ടത് മനസ്സിനെ അതിനായി പൂർണ്ണമായും തയ്യാറാക്കുക എന്നതാണ്. ധ്യാനാവസ്ഥയിൽ ഇരുന്നുകൊണ്ട് യോഗി സ്വന്തം ശ്വാസോച്ഛാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ധ്യാനാവസ്ഥയിൽ ശ്വാസത്തിലും, നിശ്വാസത്തിലും തികഞ്ഞ ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തുന്നു. തന്റെ നാസാരന്ധ്രങ്ങളിൽ ഉരുമ്മിക്കൊണ്ട് അകത്തേക്കും പുറത്തേക്കും കേറിയിറങ്ങുന്ന ശ്വാസമാത്രകൾ അനുഭവവേദ്യമായിത്തുടങ്ങുന്നു യോഗിക്ക്. ശ്വാസം അകത്തേക്ക് പോവുമ്പോൾ വയർ വീർക്കും. നിശ്വാസം പുറത്തേക്കു വിടുമ്പോൾ വയർ ചുരുങ്ങും. അങ്ങനെ ചെയ്തുകൊണ്ട് മനസ്സ് ശ്വാസോച്ഛാസത്തിൽ ഏകാഗ്രമാക്കുന്നു. മനസ്സ് മറ്റുള്ള കാര്യങ്ങളിലേക്ക് വ്യാപാരിക്കാൻ ശ്രമിക്കുമ്പോൾ, അതിനെ പിടിച്ച് തിരിച്ച് തന്റെ ശ്വാസഗതിയിലേക്കു തന്നെ കേന്ദ്രീകരിക്കാൻ യോഗി ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ തന്റെ ശ്വാസഗതിയിൽ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്ക്, തന്റെ മാനസികനിലയുടെ വ്യതിയാനങ്ങളും  ശ്വാസോച്ഛാസ ജാതിയുമായുള്ള ബന്ധം പിടികിട്ടാൻ തുടങ്ങുന്നു. ദേഷ്യം, വെറുപ്പ്, സങ്കടം, പേടി, വൈകാരികമൂർച്ഛ തുടങ്ങിയ ഓരോ ശാരീരിക മാനസിക വ്യതിയാനങ്ങൾ വരുമ്പോഴും തന്റെ ശ്വാസോച്ഛാസ ഗതിയ്ക്കുണ്ടാവുന്ന വ്യത്യാസം നിരീക്ഷിച്ചറിയുന്ന വ്യക്തി, പിന്നെ അത്തരം വ്യത്യാസങ്ങളെ ശ്വാസ നിയന്ത്രണത്തിലൂടെ തന്റെ കൈപ്പിടിയിലാക്കുന്നു.  അതോടെ എല്ലാ വിധത്തിലുള്ള മനസികസമ്മർദ്ദങ്ങളിൽ നിന്നും അയാൾ മോചിതനാവുന്നു.  

നൂറ്റാണ്ടുകളുടെ സപര്യയാൽ ഭാരതത്തിലെ ഋഷീവരന്മാർ തലമുറകൾ കൈമാറി വന്ന ഒരു ധ്യാനമുറയാണിത്. ഇന്ന് ഈ ധ്യാനമുറ കൃത്യമായി അഭ്യസിക്കാനും,  പരിശീലിപ്പിക്കാനും അറിവുള്ള യോഗാചാര്യന്മാർ ചുരുക്കമാണ്. അതിനാൽ തന്നെ നല്ലൊരു യോഗാചാര്യന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ, അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഈ യോഗമുറ ചെയ്യുന്നവർക്ക് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിന്റെ ഗുണഫലങ്ങൾ അനുഭവപ്പെട്ടുതുടങ്ങും. വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഒരു മുറ കൂടിയാണ് ഇത്. കൃത്യമായ യോഗാചാര്യ നിർദേശങ്ങൾ കൂടാതെ ഇത് ഒരിക്കലും ചെയ്യരുത്. ഇന്ത്യയിൽ വിപാസന യോഗവിദ്യ പഠിക്കാൻ വന്ന് മാനസിക നില താറുമാറായ ഒരു ജാപ്പനീസ് യുവതിയെ ഒടുവിൽ ആഴ്ചകളോളം നീണ്ടുനിന്ന മാനസിക ശുശ്രൂഷകൾക്ക് ശേഷം തിരികെ വിമാനം കയറ്റി അയക്കേണ്ടി വന്നത് ഈയിടെയാണ്.

വർഷാവർഷം, യോഗവിദ്യയിൽ ജ്ഞാനമുള്ള ആചാര്യന്മാരുടെ കീഴിൽ വിപാസന യോഗം അഭ്യസിച്ച് മനഃശാന്തി തേടുന്നവരുടെ കൂട്ടത്തിൽ പ്രസിഡന്റ് റാം നാഥ് കോവിന്ദ്, അരവിന്ദ് കെജ്‌രിവാൾ, പ്രിയങ്കാ ഗാന്ധി, കിരൺ ബേദി, ട്വിറ്റർ സിഇഒ ജാക്ക് ഡോർസി, എഴുത്തുകാരൻ യുവൽ നോവ ഹരാരി  എന്നീ സെലിബ്രിറ്റികളും പെടും. 
 

click me!