ടോയ്‌ലറ്റില്‍ പാമ്പുകളുടെ 'സമ്മേളനം'; പേടി വിടാതെ വീട്ടുകാര്‍

By Web TeamFirst Published Oct 8, 2019, 3:32 PM IST
Highlights

കറുത്ത് തടിച്ച എന്തോ സാധനം ടോയ്‌ലറ്റിനകത്ത് കിടക്കുന്നതാണ് ആദ്യം കണ്ടത്. എന്താണെന്നറിയാന്‍ അടുത്ത് ചെന്നുനോക്കി. പെട്ടെന്നാണ് പാമ്പ് തല പൊക്കി ചീറ്റിയത്. പേടിച്ചുമാറിയ നിക്കോള്‍ തുടര്‍ന്ന് പാമ്പുകളെ പിടികൂടുന്നവരെ ഫോണില്‍ വിളിച്ച്, അവരുടെ സഹായം തേടുകയായിരുന്നു

ടോയ്‌ലറ്റ്, പാമ്പുകള്‍ കയറിക്കൂടാന്‍ സാധ്യതകളേറെയുള്ള സ്ഥലമാണ്. അല്‍പം നനവും, കാര്യമായ ബഹളങ്ങളുമില്ലാതെ കിടക്കുന്ന സ്ഥലമായതിനാലാണ് പാമ്പുകള്‍ ടോയ്‌ലറ്റില്‍ കയറിക്കിടക്കുന്നത്. പലപ്പോഴും നമ്മളിത്തരത്തിലുള്ള വാര്‍ത്തകള്‍ കാണാറുണ്ട്. അല്ലെങ്കില്‍ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഇങ്ങനെയുള്ള സംഭവങ്ങള്‍ നടന്നതായി അറിയാറുണ്ട്. 

എന്നാല്‍ സ്ഥിരമായി ടോയ്‌ലറ്റില്‍ പാമ്പുകളെ കണ്ടെത്തിയാലോ? അങ്ങനെയൊരു അവസ്ഥയിലാണ് ഓസ്‌ട്രേലിയയിലെ കെയിന്‍സിലുള്ള ഒരു കുടുംബം. നിക്കോള്‍ എരേ എന്ന യുവതിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ രണ്ട് ദിവസം മുമ്പ് ടോയ്‌ലറ്റിനകത്ത് വച്ച് ഉഗ്രവിഷമുള്ള ഒരു പാമ്പിനെ കണ്ടെത്തി. 

ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ നിക്കോള്‍ തന്നെയാണ് വൈകീട്ട് ടോയ്‌ലറ്റിനകത്ത് പാമ്പിനെ കണ്ടത്. കറുത്ത് തടിച്ച എന്തോ സാധനം ടോയ്‌ലറ്റിനകത്ത് കിടക്കുന്നതാണ് ആദ്യം കണ്ടത്. എന്താണെന്നറിയാന്‍ അടുത്ത് ചെന്നുനോക്കി. പെട്ടെന്നാണ് പാമ്പ് തല പൊക്കി ചീറ്റിയത്. പേടിച്ചുമാറിയ നിക്കോള്‍ തുടര്‍ന്ന് പാമ്പുകളെ പിടികൂടുന്നവരെ ഫോണില്‍ വിളിച്ച്, അവരുടെ സഹായം തേടുകയായിരുന്നു. 

ഇതിന് ശേഷം പിറ്റേ ദിവസം നിക്കോളിന്റെ സഹോദരിയും വീട്ടിലെ മറ്റൊരു ടോയ്‌ലറ്റിനകത്ത് ഇതേ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടു. അന്നും പാമ്പിനെ പിടിക്കുന്നവരുടെ സഹായം തന്നെ തേടി. വെള്ളത്തില്‍ ജീവിക്കുന്നയിനത്തില്‍ പെട്ട പാമ്പുകളാണ് തുടര്‍ച്ചയായി വരുന്നതെന്ന് അവരാണ് നിക്കോളിനോട് പറഞ്ഞത്. അതിനാല്‍ ഇനിയും പാമ്പുകള്‍ വരാനും സാധ്യതയുണ്ടത്രേ. 

ഇപ്പോള്‍ ഓരോ തവണയും പേടിയോടെയാണ് ടോയ്‌ലറ്റില്‍ കയറുന്നതെന്നാണ് നിക്കോള്‍ പറയുന്നത്. കൂടുതല്‍ പാമ്പുകള്‍ അതിനകത്തെവിടെയെങ്കിലും താമസമാക്കിയിട്ടുണ്ടോയെന്ന് വരെ ഇവര്‍ക്കിപ്പോള്‍ സംശയമാണ്. എന്തായാലും പാമ്പുകളെ തുരത്താനുള്ള ചില മരുന്നുകളെ ആശ്രയിക്കാനാണ് നിലവില്‍ ഇവരുടെ തീരുമാനം. 

click me!