'ഹാവൂ, ഇതെന്തോന്ന്...'; കോലിയുടെയും അനുഷ്കയുടെയും പഴയ ഫോട്ടോ വൈറലാകുന്നു...

Published : Nov 23, 2022, 06:38 PM IST
'ഹാവൂ, ഇതെന്തോന്ന്...'; കോലിയുടെയും അനുഷ്കയുടെയും പഴയ ഫോട്ടോ വൈറലാകുന്നു...

Synopsis

കുടുംബജീവിതം, പങ്കാളി, കുട്ടികള്‍, ഡയറ്റ്, വര്‍ക്കൗട്ട്, വീട് എന്നിങ്ങനെ സെലിബ്രിറ്റികളുടെ പരിസരങ്ങളെ കുറിച്ചെല്ലാം കൗതുകപൂര്‍വം അന്വേഷിക്കുന്നവര്‍ ഏറെയാണ്.

സെലിബ്രിറ്റികളുടെ ജീവിതം അടുത്തറിയുന്നതിന് എപ്പോഴും സാധാരണക്കാര്‍ക്ക് താല്‍പര്യമുണ്ടായിരിക്കും. അതുകൊണ്ട് തന്നെയാണ് വലിയൊരു പരിധി വരെ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളും അവയില്‍ വരുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം മിക്കവരും സൂക്ഷ്മമമായി നിരീക്ഷിക്കുന്നതും പിന്തുടരുന്നതും. 

കുടുംബജീവിതം, പങ്കാളി, കുട്ടികള്‍, ഡയറ്റ്, വര്‍ക്കൗട്ട്, വീട് എന്നിങ്ങനെ സെലിബ്രിറ്റികളുടെ പരിസരങ്ങളെ കുറിച്ചെല്ലാം കൗതുകപൂര്‍വം അന്വേഷിക്കുന്നവര്‍ ഏറെയാണ്. പലപ്പോഴും ഈ കൗതുകം അതിര് കടന്ന് താരങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടാറുണ്ടെന്നതും വാസ്തവമാണ്. തീര്‍ത്തും അനാരോഗ്യകരമായ രീതിയില്‍ താരങ്ങളെ വിമര്‍ശിക്കുകയോ വിലയിരുത്തുകയോ അവരെ ആക്ഷേപിക്കുകയോ എല്ലാം ചെയ്യുന്ന പ്രവണത ഇത്തരത്തില്‍ വ്യാപകമായി തന്നെ കാണാറുണ്ട്.

സമാനമായ രീതിയില്‍ സെലിബ്രിറ്റി ജോഡിയായ വിരാട് കോലിയും അനുഷ്ക ശര്‍മ്മയും നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പഴയ ചിത്രത്തിന്‍റെ പേരില്‍ മോശം ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ഇരുവരും തങ്ങളുടെ വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് പരസ്പരം സ്നേഹപൂര്‍വം പുണരുന്നതാണ് ചിത്രം. 

ഇത് എപ്പോള്‍ പകര്‍ത്തിയ ചിത്രമാണെന്നത് വ്യക്തമല്ല. എങ്ങനെയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ് ചിത്രം. ഇരുവരും വളരെ സന്തോഷത്തോടും സ്നേഹത്തോടും നില്‍ക്കുന്ന ചിത്രത്തില്‍ പക്ഷേ അധികപേരും കണ്ടത് മറ്റൊന്നാണ്. ഇരുവരുടെയും അടുക്കള മഹാവൃത്തികേടായി കിടക്കുന്നു എന്നതാണ് ഇവരുടെ കണ്ടെത്തല്‍. 

ഏതൊരു വീട്ടിലെയും അടുക്കള പോലെ തന്നെയാണ് ഇവരുടെ അടുക്കളയും ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ സെലിബ്രിറ്റികളുടെ വീട് എന്ന തരത്തില്‍ ചിന്തിക്കുന്നതായിരിക്കാം ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. 

താരങ്ങളായിട്ട് കൂടി വീട് വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നില്ലേയെന്നും, ഇരുവരോടുമുള്ള ബഹുമാനവും ഇഷ്ടവും പോയി എന്നുമെല്ലാം ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭിപ്രായപ്പെടുന്നവരുണ്ട്. എന്താണിതെന്നും, ഇങ്ങനെയല്ല നിങ്ങളെ കരുതിയിരുന്നത് എന്നുമെല്ലാം നിരാശ പങ്കുവയ്ക്കുന്നവരും കുറവല്ല.

അതേസമയം ചിത്രത്തിന്‍റെ ഊഷ്മളതയും അതില്‍ നിറഞ്ഞുകാണുന്ന ഇരുവരുടെയും സ്നേഹവും മാത്രം നോക്കിയാല്‍ മതിയെന്നും അതിലധികമുള്ള വിലയിരുത്തലുകള്‍ അനാവശ്യമാണെന്നും വാദിച്ചുകൊണ്ട് ചെറിയൊരു വിഭാഗം പേരും ചര്‍ച്ചകളില്‍ സജീവമായി നില്‍ക്കുന്നുണ്ട്. 

Also Read:- പാചകം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'