അപ്രതീക്ഷിതമായി കണ്‍മുന്നില്‍ ഇങ്ങനെയൊരാള്‍ വന്നുപെട്ടാലോ!

By Web TeamFirst Published Sep 21, 2021, 6:02 PM IST
Highlights

പൊതുവില്‍ തന്നെ പാമ്പിനെ അപ്രതീക്ഷിതമായി കണ്ടാല്‍ പേടിച്ച് മരവിച്ച് പോകുന്നവരാണ് അധികപേരും. അതും 12 അടി നീളമുള്ള വമ്പനൊരു രാജവെമ്പാലയെന്ന് പറയുമ്പോള്‍ പേടിക്കാതെവിടെ പോകാന്‍ എന്നു തന്നെ പറയേണ്ടിവരും

നാം താമസിക്കുന്ന വീടിനും ചുറ്റുപാടിലുമായി പല കാഴ്ചകളും ദിവസവും നമ്മെ തേടിയെത്താറുണ്ട്. ഓരോ കാഴ്ചയോടും ഏതെങ്കിലും വിധത്തിലുള്ള പരിചിതമായൊരു അനുഭവം നമുക്കുണ്ടായിരിക്കും. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായൊരു കാഴ്ച പെട്ടെന്ന് കണ്‍മുന്നില്‍ തെളിഞ്ഞാലോ! 

പന്ത്രണ്ട് അടിയോളം നീളമുള്ള ഉഗ്രനൊരു രാജവെമ്പാല നമ്മുടെ വീട്ടുമുറ്റത്ത് കൂടി പതിയെ ഇങ്ങനെ ഇഴഞ്ഞുവരുന്നതാണ് കാഴ്ചയെങ്കിലോ! 

പൊതുവില്‍ തന്നെ പാമ്പിനെ അപ്രതീക്ഷിതമായി കണ്ടാല്‍ പേടിച്ച് മരവിച്ച് പോകുന്നവരാണ് അധികപേരും. അതും 12 അടി നീളമുള്ള വമ്പനൊരു രാജവെമ്പാലയെന്ന് പറയുമ്പോള്‍ പേടിക്കാതെവിടെ പോകാന്‍ എന്നു തന്നെ പറയേണ്ടിവരും. 

ഇത്തരമൊരു അനുഭവത്തിന് സാക്ഷിയായിരിക്കുകയാണ് പ്രമുഖ വ്യവസായിയും, സോഹോ കോര്‍പറേഷന്റെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു. കൊവിഡിന് മുമ്പ് തന്നെ തെങ്കാശിക്ക് അടുത്തുള്ളൊരു ഗ്രാമത്തില്‍, പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് താമസമാരംഭിച്ചിരുന്നു ശ്രീധര്‍. 

ഇവിടെ വച്ച് ഇന്ന് കണ്ടൊരു കാഴ്ചയാണ് ശ്രീധര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ പന്ത്രണ്ടടിയോളം നീളം വരുന്ന കൂറ്റനൊരു രാജവെമ്പാല. ആകസ്മികമായ കാഴ്ചയില്‍ പക്ഷേ പതറാതെ ശ്രീധര്‍ അത് ചിത്രമാക്കി പകര്‍ത്തിവച്ചു. 

വൈകാതെ ഫോറസ്റ്റ് റേഞ്ചേഴ്‌സ് സ്ഥലത്തെത്തുകയും അതിനെ പിടികൂടി മലനിരകള്‍ക്ക് സമീപത്ത് വിടുകയും ചെയ്തു. ഫോറസ്റ്റ് ജീവനക്കാര്‍ പാമ്പിനെ പിടിച്ചുനില്‍ക്കുന്ന ചിത്രവും ശ്രീധര്‍ പങ്കുവച്ചിട്ടുണ്ട്. 

 

A rare 12 feet long King Cobra paid us a visit. Our awesome local forest rangers arrived and caught it for release in the nearby hills. Here is the brave me attempting to touch it 🤓

A very auspicious day! 🙏🙏🙏 pic.twitter.com/ipf5ss7sU5

— Sridhar Vembu (@svembu)

 

കാടിനോട് ചേര്‍ന്നുള്ളയിടങ്ങളില്‍ ഇത്തരത്തില്‍ പാമ്പുകളെയും മറ്റ് മൃഗങ്ങളെയുമെല്ലാം സുലഭമായി കാണാവുന്നത് തന്നെയാണ്. എന്നാല്‍ ജനവാസപ്രദേശങ്ങളിലേക്ക് ഇത്രയും വലിയ പാമ്പുകള്‍ ഇറങ്ങിയെത്തുന്നത് അത്ര പതിവല്ല. ഏറെ കൗതുകം നിറയ്ക്കുന്നൊരു കാഴ്ച തന്നെയാണത്. കൗതുകം മാത്രമല്ല, തീര്‍ച്ചയായും അതൊരു സുരക്ഷാഭീഷണിയുമാണ്. എന്തായാലും ശ്രീധര്‍ പങ്കുവച്ച ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകരണമാണ് ട്വിറ്ററില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Also Read:- ദിനോസറുകളുടെ നിഗൂഢ രതിജീവിതം; ഗവേഷകർക്കുമുന്നിൽ വെളിപ്പെടുന്ന പുതുരഹസ്യങ്ങൾ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!