ഇഷ്ടമല്ലാത്ത ജോലിയാണോ ചെയ്യുന്നത്? എങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടത്...

By Web TeamFirst Published Feb 27, 2020, 10:56 PM IST
Highlights

ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്നവരെ സംബന്ധിച്ച് അത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സ്ഥാപിക്കുന്ന പല പഠനങ്ങളും മുമ്പ് വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു പടി മുന്നില്‍ നില്‍ക്കുകയാണ് അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടന്ന പുതിയൊരു പഠനം

പലപ്പോഴും അവനവന്റെ അഭിരുചിക്കും താല്‍പര്യത്തിനും അനുസരിച്ച ജോലിയാകണമെന്നില്ല ഓരോരുത്തരും ചെയ്യുന്നത്. പഠിക്കാനുള്ള വിഷയം തെരഞ്ഞെടുക്കുമ്പോള്‍ പോലും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ജോലിയുടെ കാര്യത്തിലും സമാനമായ പ്രശ്‌നം നേരിടുന്നവര്‍ ധാരാളമാണ്. 

ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്നവരെ സംബന്ധിച്ച് അത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സ്ഥാപിക്കുന്ന പല പഠനങ്ങളും മുമ്പ് വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു പടി മുന്നില്‍ നില്‍ക്കുകയാണ് അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടന്ന പുതിയൊരു പഠനം.

താല്‍പര്യമില്ലാത്ത ജോലിയില്‍ നാല് വര്‍ഷത്തിലധികം തുടര്‍ന്നാല്‍ അത് വ്യക്തിയുടെ ആകെ വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 'ആര്‍എംഐടി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റി'ല്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു പഠനത്തിന് നേതൃത്വം നല്‍കിയത്. 

ജോലിയെ തുടര്‍ന്നുള്ള അരക്ഷിതബോധത്തില്‍ തുടരുന്ന വ്യക്തിയില്‍ സാരമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് പഠനം പറയുന്നത്. ഇതില്‍ ചിലത് പഠനം പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. വൈകാരികമായി നിയന്ത്രണമില്ലാത്ത അവസ്ഥ, എന്തിനേയും ആദ്യമേ എതിര്‍ക്കുന്ന മനോഭാവം, സത്യസന്ധതയോ ആത്മാര്‍ത്ഥതയോ നഷ്ടപ്പെടുന്ന അവസ്ഥ- എന്നിവയാണ് പ്രധാനമായും പഠനം ചൂണ്ടിക്കാട്ടുന്ന മാറ്റങ്ങള്‍. 

ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ക്രമേണ വ്യക്തി- അയാളുടെ അടിസ്ഥാനപരമായ വ്യക്തിത്വത്തില്‍ നിന്ന് വളരെയധികം അകന്നുപോകുന്ന സാഹചര്യമുണ്ടാകുന്നു. എന്നാല്‍ പലപ്പോഴും ഇക്കാര്യം വ്യക്തി തിരിച്ചറിയില്ല എന്നതാണ് ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നമെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. 

അതുപോലെ തന്നെ, മാനസിക സമ്മര്‍ദ്ദമേറിയാല്‍ തൊഴിലാളികള്‍ നന്നായി ജോലി ചെയ്യുമെന്ന സങ്കല്‍പം തെറ്റാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തൊഴിലിടത്തിലെ മാനസിക സമ്മര്‍ദ്ദം തൊഴിലാളിയുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും തൊഴിലിനോട് അയാള്‍ക്കുള്ള ആത്മാര്‍ത്ഥത ഇടിയാന്‍ ഇടയാക്കുമെന്നും പഠനം പറയുന്നു. ബന്ധങ്ങള്‍, വ്യക്തിജീവിതത്തിലെ പ്രതിസന്ധികള്‍, ജീവിതത്തോടുള്ള ശുഭാപ്തിവിശ്വാസം എന്നിങ്ങനെ പല തട്ടുകളിലും ജോലിയെ തുടര്‍ന്നുള്ള അരക്ഷിത ബോധം വ്യക്തിയെ മോശമായി സ്വാധീനിക്കുന്നതായും ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളിലൂടെ അടിവരയിട്ടുറപ്പിക്കുന്നു.

click me!