പ്രണയവും ഭക്ഷണവും തമ്മിലൊരു ബന്ധമുണ്ട്! അതെന്താണെന്നറിയാമോ?

By Web TeamFirst Published Jun 15, 2019, 11:17 PM IST
Highlights

വസ്ത്രധാരണം, വ്യക്തിശുചിത്വം, പെരുമാറ്റത്തിലെ മാന്യത- ഇങ്ങനെ പല വിഷയങ്ങളിലും കാര്യപ്പെട്ട മാറ്റങ്ങള്‍ പ്രണയം കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ പ്രണയമെങ്ങനെയാണ് ഇടപെടുന്നത്?
 

പ്രണയത്തിലാകുന്നതോടെ ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റം സംഭവിക്കുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? ജീവിതരീതികളില്‍ വരുന്ന മാറ്റം തന്നെയാണ് ഇതില്‍ പ്രധാനം. വസ്ത്രധാരണം, വ്യക്തിശുചിത്വം, പെരുമാറ്റത്തിലെ മാന്യത- ഇങ്ങനെ പല വിഷയങ്ങളിലും കാര്യപ്പെട്ട മാറ്റങ്ങള്‍ പ്രണയം കൊണ്ടുവരുന്നുണ്ട്. 

എന്നാല്‍ ഭക്ഷണകാര്യത്തില്‍ പ്രണയമെങ്ങനെയാണ് ഇടപെടുന്നത്? സാധാരണഗതിയില്‍ ഒരാള്‍ക്കിഷ്ടമില്ലാത്ത ഭക്ഷണം, അയാളുടെ പങ്കാളിയുടെ ഇഷ്ടവിഭവം ആകുമ്പോള്‍ അവിടെ ചെറിയൊരു വൈരുദ്ധ്യമാണ് സംഭവിക്കുന്നത്. എന്നാല്‍ നേരെ തിരിച്ചുള്ള വാദമാണ് പുതിയൊരു പഠനം മുന്നോട്ടുവയ്ക്കുന്നത്. 

അതായത്, പങ്കാളി ഇഷ്ടപ്പെടുന്ന ഭക്ഷണത്തെ പതിയെ നമ്മളും ഇഷ്ടപ്പെട്ട് തുടങ്ങുമെന്നാണ് പഠനം അവകാശപ്പെടുന്നത്. ജര്‍മ്മനിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് വിവാഹിതരും അവിവാഹികതരുമായ നൂറോളം ജോഡികളെ വച്ച് പഠനം നടത്തിയത്. ആദ്യമെല്ലാം ഭക്ഷണകാര്യത്തിലെ വൈരുദ്ധ്യങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ക്രമേണ പങ്കാളിയുടെ ഇഷ്ടത്തിനോട് നമ്മളിലും ഒരിഷ്ടം രൂപപ്പെടുമെന്നാണ് ഇവര്‍ വാദിക്കുന്നത്. 

ഒരേ വീട്ടില്‍, ഒന്നിച്ച് കഴിയുന്നവരാണെങ്കില്‍ ഈ സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. ഒന്നിച്ച് കഴിയുന്നവരില്‍ ഭക്ഷണകാര്യത്തില്‍ മാത്രമല്ല, ചിന്തകളില്‍ പോലും സമാനതകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം വിലയിരുത്തുന്നു. എന്നിരുന്നാലും പരസ്പര ധാരണയും പ്രണയവും ഉള്ളിടത്ത് മാത്രമേ ഇത്തരം സാധ്യതകള്‍ കണ്ടെത്താനാകൂവെന്നും. ഇതൊന്നുമില്ലാത്ത ബന്ധമാണെങ്കില്‍ ഭക്ഷണം വരെ അവര്‍ക്കിടയില്‍ വലിയ പ്രശ്‌നമാകുമെന്നുകൂടി പഠനം ഓര്‍മ്മിപ്പിക്കുന്നു.

click me!