ദിവസവും 8,000 രൂപ കൊടുത്ത് കുടിവെള്ളം വാങ്ങുന്നവര്‍!

By Web TeamFirst Published Mar 22, 2019, 6:26 PM IST
Highlights

കുടിവെള്ളം വരുന്ന ടാപ്പ് ഗ്രാമത്തില്‍ നിന്ന് ഏറെ ദൂരെയാണുള്ളത്. അതിനാലാണ് കാനുകളിലാക്കി വരുന്ന വെള്ളത്തെ ആശ്രയിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഒരു കാനിന് 20 രൂപ നല്‍കണം. അത്തരത്തിലുള്ള 400 കാനുകളെങ്കിലും ഒരു ദിവസം ഇവിടെ വിറ്റുപോകുന്നുണ്ട്

ദിവസവും 8,000 രൂപ കുടിവെള്ളത്തിന് മാത്രമായി ചിലവിടുന്നവരെന്ന് കേള്‍ക്കുമ്പോള്‍ ഏതോ വിഐപി വിഭാഗത്തെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. നിത്യജീവിതത്തിന് തന്നെ കാര്യമായ വകുപ്പില്ലാത്തവര്‍ക്കാണ് ഈ 'വിവിഐപി' അവസ്ഥ വന്നിരിക്കുന്നത്. 

ദാഹിച്ചാല്‍ കുടിക്കാന്‍ ഇഷ്ടം പോലെ വെള്ളം കിട്ടുന്നവര്‍ ഒന്ന് കേള്‍ക്കണം ഈ ഗ്രാമത്തിന്റെ കഥ. വേനല്‍ കടുത്തതോടെ കാനുകളില്‍ വരുന്ന വെള്ളം വില കൊടുത്ത് വാങ്ങി, അത് കുടിച്ച് ദാഹമകറ്റേണ്ടി വരുന്ന ആയിരത്തോളം കുടുംബങ്ങള്‍. തെലങ്കാനയിലെ അത് മാകൂര്‍ ഗ്രാമത്തിലെ ജനങ്ങളാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ ഈ ദുരവസ്ഥയെ നേരിടുന്നത്. 

വേനലാകുമ്പോള്‍ പൊതുവേ ഇവിടെ ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ്. അങ്ങനെയാണ് ഗ്രാമത്തിലാകെയും കുഴല്‍ക്കിണറുകള്‍ പിറന്നത്. ഇപ്പോള്‍ ആകെ 24 കുഴല്‍ക്കിണറുകളുണ്ട് ഗ്രാമത്തില്‍. എന്നാല്‍ എവിടെയും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇനി വറ്റാന്‍ ചുരുക്കം കിണറുകള്‍ കൂടിയേ ഉള്ളൂ. കൃഷിയാവശ്യങ്ങള്‍ക്ക് ആശ്രയിച്ചിരുന്ന കിണറുകളും വരണ്ടുണങ്ങിത്തുടങ്ങി. 

കുടിവെള്ളം വരുന്ന ടാപ്പ് ഗ്രാമത്തില്‍ നിന്ന് ഏറെ ദൂരെയാണുള്ളത്. അതിനാലാണ് കാനുകളിലാക്കി വരുന്ന വെള്ളത്തെ ആശ്രയിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഒരു കാനിന് 20 രൂപ നല്‍കണം. അത്തരത്തിലുള്ള 400 കാനുകളെങ്കിലും ഒരു ദിവസം ഇവിടെ വിറ്റുപോകുന്നുണ്ട്. അതായത് കുടിവെള്ളത്തിനായി ഈ ഗ്രാമം ഒരു ദിവസം ശരാശരി 8,000 രൂപ മുടക്കുന്നു. മാസത്തിലാകുമ്പോള്‍ 2.4 ലക്ഷം രൂപ!

എന്നാല്‍ പല കുടുംബങ്ങള്‍ക്കും ഇത്രയും പണം നല്‍കി വെള്ളം വാങ്ങിക്കാനുള്ള സാമ്പത്തിക സാഹചര്യമില്ല. എന്നിട്ടും മറ്റ് കാര്യങ്ങളെല്ലാം മാറ്റിവച്ച് ഇവര്‍ വെള്ളത്തിനായി പെടാപ്പാട് പെടുന്നു. മഴക്കാലം വരെ ഈ അവസ്ഥ തുടരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റ് മാര്‍ഗങ്ങളെന്തെങ്കിലും മുന്നില്‍ തെളിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതികളും ഇവിടെയെത്തിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. 

click me!