ഇന്ത്യയില്‍ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന പത്ത് നഗരങ്ങള്‍...

By Web TeamFirst Published Apr 10, 2019, 9:18 PM IST
Highlights

രാജ്യമാകെ ചൂടിൽ വെന്തുരുകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ചൂടേറിയ പത്ത് നഗരങ്ങളുടെ പട്ടിക...

കേരളം പ്രളയത്തിന് ശേഷം റെക്കോര്‍ഡ് ചൂട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഈ ദിവസങ്ങളിലൊക്കെയും. കേരളം മാത്രമല്ല, രാജ്യമാകമാനം ചൂടില്‍ വെന്തുപുകയുന്നുവെന്ന് തന്നെയാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. 

'സ്‌കൈമെറ്റ് വെതര്‍' പുറത്തുവിട്ട രാജ്യത്തെ ഏറ്റവും ചൂടേറിയ പത്ത് നഗരങ്ങളുടെ ലിസ്റ്റും അതാണ് സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടുകഴിഞ്ഞു. 

മഹാരാഷ്ട്രയിലെ നാഗ്പൂരാണ് രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമെന്ന് 'സ്‌കൈമെറ്റ് വെതര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 44.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ പരമാവധി ചൂട്.  നാഗ്പൂരിന് പിന്നാലെ 43.8 ഡിഗ്രി സെല്‍ഷ്യസുമായി ഉത്തര്‍ പ്രദേശിലെ ബാന്ദയെത്തി. 

ഇതിന് പിറകെ മദ്ധ്യപ്രദേശിലെ ഖര്‍ഗോണ്‍ (43.5 ഡിഗ്രി സെല്‍ഷ്യസ്), തെലങ്കാനയിലെ ആദിലാബാദ് (43.3 ഡിഗ്രി സെല്‍ഷ്യസ്), വാര്‍ദ (43.2 ഡിഗ്രി സെല്‍ഷ്യസ്), മഹാരാഷ്ട്രയിലെ അകോല (43.1 ഡിഗ്രി സെല്‍ഷ്യസ്) എന്നിവിടങ്ങളെത്തി. 

പട്ടികയിലെ മറ്റ് നാല് നഗരങ്ങളും ശരാശരി 43 ഡിഗ്രി സെല്‍ഷ്യസ് ചൂടിലൂടെ കടന്നുപോകുന്നു. മഹാരാഷ്ട്രയിലെ ബ്രഹ്മപുരി, കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്, മദ്ധ്യപ്രദേശിലെ ഖജുരാവോ, രാജസ്ഥാനിലെ ഫലോദി എന്നിവയാണ് ഈ നാല് നഗരങ്ങള്‍. 

ദില്ലിയില്‍ പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഈ വേനലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കോട്ട, ജയ്‌സാല്‍മീര്‍, ചൂരു, ജോധ്പൂര്‍, ബിക്കാനീര്‍, അജ്മീര്‍ എന്നിങ്ങനെ രാജസ്ഥാനിലെ വിവിധയിടങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവിടങ്ങളിലെല്ലാം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്.
 

click me!