കൈകളില്ലാതെ ജനിച്ചു; മികച്ച കയ്യക്ഷരത്തിനുള്ള അവാർഡ് നേടി!

By Web TeamFirst Published Apr 22, 2019, 5:40 PM IST
Highlights

ചൈനക്കാരിയായ സാറ ഹിന്‍സ്ലി എന്ന പത്തുവയസുകാരിയുടേതാണ് അവിശ്വസീനയമായ ഈ കഥ. ജനിക്കുമ്പോഴേ സാറയ്ക്ക് കൈകളുണ്ടായിരുന്നില്ല. വളര്‍ന്നുവരുമ്പോള്‍ മകള്‍ എങ്ങനെ മറ്റ് കുട്ടികള്‍ക്കൊപ്പം പഠിക്കുകയും കളിക്കുകയും ചെയ്യുമെന്നോര്‍ത്ത് അവളുടെ മാതാപിതാക്കള്‍ നിരന്തരം ദുഖത്തിലായി

കൈകളില്ലാതെ ജനിച്ചയാള്‍ക്ക് ഹാന്‍ഡ്‌റൈറ്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം! കേള്‍ക്കുമ്പോള്‍ ഇതെന്ത് കഥ എന്ന് അന്തം വിട്ടെങ്കില്‍ ബാക്കി കൂടി കേട്ടോളൂ. 

ചൈനക്കാരിയായ സാറ ഹിന്‍സ്ലി എന്ന പത്തുവയസുകാരിയുടേതാണ് അവിശ്വസീനയമായ ഈ കഥ. ജനിക്കുമ്പോഴേ സാറയ്ക്ക് കൈകളുണ്ടായിരുന്നില്ല. വളര്‍ന്നുവരുമ്പോള്‍ മകള്‍ എങ്ങനെ മറ്റ് കുട്ടികള്‍ക്കൊപ്പം പഠിക്കുകയും കളിക്കുകയും ചെയ്യുമെന്നോര്‍ത്ത് അവളുടെ മാതാപിതാക്കള്‍ നിരന്തരം ദുഖത്തിലായി. 

പക്ഷേ സാറ വളര്‍ന്നത്, കുറവുകളുള്ള ഒരു കുട്ടിയായിട്ടല്ല. മറിച്ച് ആ കുറവുകളെ ആത്മവിശ്വാസം കൊണ്ട് തോല്‍പിക്കുന്ന മികച്ച വ്യക്തിത്വമുള്ള ഒരാളായിട്ടായിരുന്നു. സാറയുടെ സ്‌കൂള്‍ പഠനസമയത്ത് തന്നെ അവര്‍ ചൈനയില്‍ നിന്ന് യുഎസിലേക്ക് കുടിയേറി. 

കൈപ്പത്തിയും വിരലുകളുമില്ലാത്ത സാറ, കൈത്തണ്ടകള്‍ക്കിടയില്‍ പേന വച്ച് അക്ഷരങ്ങള്‍ എഴുതിത്തുടങ്ങി. എഴുത്തിനൊപ്പം തന്നെ വരയും തുടങ്ങി. പതിയെ കളിമണ്ണ് കൊണ്ട് ശില്‍പങ്ങളും ഉണ്ടാക്കിത്തുടങ്ങി. എഴുത്തിനോ വരയ്‌ക്കോ ശില്‍പവൃത്തിക്കോ ആവശ്യമായ ഒരു ജോലിയും മറ്റാരെക്കൊണ്ടും സാറ ചെയ്യിക്കില്ല. എല്ലാം തനിയെ ചെയ്യണം. 

'എന്തെങ്കിലും ഒരു കാര്യം അവളെക്കൊണ്ട് പറ്റില്ലെന്ന് അവള് പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. സ്‌കൂളിലൊക്കെ താരമാണ് സാറ. നിങ്ങളെന്ത് ടാസ്‌ക് കൊടുത്താലും അവളത് അവളെക്കൊണ്ട് കഴിയുന്ന രീതിയില്‍ വൃത്തിയായി ചെയ്തുകാണിക്കും...' സാറയുടെ അധ്യാപികയായ ചെരിള്‍ പറയുന്നു. 

മാതാപിതാക്കള്‍ക്കും സാറയെ പറ്റി പറയുമ്പോള്‍ അഭിമാനം മാത്രം. അക്ഷരങ്ങള്‍ കൂട്ടിയെഴുതിത്തുടങ്ങിയപ്പോള്‍ തന്നെ വലിയൊരു കടമ്പ കടന്നതുപോലെയാണ് അവര്‍ക്ക് തോന്നിയത്. ഇപ്പോഴിതാ മികച്ച കയ്യക്ഷരത്തിനുള്ള നിക്കോളാസ് മാക്‌സിം അവാര്‍ഡ് ജേതാവായിരിക്കുന്നു സാറ.

'അക്ഷരങ്ങളെഴുതുന്നത് എനിക്ക് ഇഷ്ടമാണ്. അതൊരു ആര്‍ട്ട് പോലെയാണ് എനിക്ക് തോന്നുന്നത്. ഇടയ്ക്കിടെ വരയ്ക്കണം. ചുറ്റും കാണുന്ന സാധാരണ കാര്യങ്ങളെ തന്നെ വരയ്ക്കാനാണ് എനിക്കിഷ്ടം'- സാറ പറയുന്നു. 

വളര്‍ന്ന് വലിയ ആളാകുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റായി അറിയപ്പെടണമെന്ന് തന്നെയാണ് സാറയുടെ മോഹം. അവളിലെ ആത്മവിശ്വാസവും ജീവിതത്തോടുള്ള പ്രതീക്ഷയും ആ മോഹം സഫലമാക്കി നല്‍കുമെന്നാണ് അമ്മ കാതറീനും അച്ഛന്‍ ഹിന്‍സ്ലിയും വിശ്വസിക്കുന്നത്.

click me!