പ്രകൃതിദത്ത ടോണറുകൾ: ചർമ്മ സൗന്ദര്യത്തിനുള്ള വാട്ടർ തെറാപ്പി

Published : Nov 23, 2025, 04:57 PM IST
Toner

Synopsis

നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാനും സുഷിരങ്ങൾ അടയ്ക്കാനും പി.എച്ച്  ബാലൻസ് നിലനിർത്താനും ടോണറുകൾ അത്യാവശ്യമാണ്. വിലകൂടിയ ഉൽപ്പന്നങ്ങൾക്ക് പിന്നാലെ പോകാതെ, വീട്ടിലുള്ള ഈ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് ടോണറുകൾ ഉണ്ടാക്കി…

ചർമ്മത്തിന്റെ പി.എച്ച്. ബാലൻസ് നിലനിർത്താനും സുഷിരങ്ങൾ അടയ്ക്കാനും തിളക്കം നൽകാനും ഏറ്റവും മികച്ച വഴിയാണ് പ്രകൃതിദത്തമായ ടോണറുകൾ ഉപയോഗിക്കുക എന്നത്. വീട്ടിൽ ലഭ്യമായ ചേരുവകളിൽ വെള്ളം ചേർത്ത് തയ്യാറാക്കുന്ന ഈ വാട്ടർ തെറാപ്പി രീതികൾ നിങ്ങളുടെ ചർമ്മത്തിന് അത്ഭുതകരമായ ഫലം നൽകും.

തണുപ്പും ഈർപ്പവും നൽകാൻ

ചർമ്മത്തിന് കുളിർമയും ഈർപ്പവും നൽകാൻ ഏറ്റവും മികച്ചവയാണ് കുക്കുമ്പർ വാട്ടറും (Cucumber Water)കറ്റാർ വാഴയും (Aloe vera Water). കുക്കുമ്പർ അരച്ച് നീരെടുത്ത് വെള്ളം ചേർത്ത് ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും, ചർമ്മത്തിന് നനവ് നിലനിർത്താനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കുക്കുമ്പർ, എല്ലാത്തരം ചർമ്മപ്രശ്നങ്ങളും കുറയ്ക്കാൻ ഉത്തമമാണ്. ശുദ്ധമായ കറ്റാർ വാഴ ജെൽ വെള്ളത്തിൽ കലക്കി ടോണറായി ഉപയോഗിക്കുന്നത് മുറിവുകൾ ഉണക്കാനും ചർമ്മത്തെ ശാന്തമാക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഏറെ ആശ്വാസം നൽകാനും ഉത്തമമാണ്. വരണ്ട ചർമ്മമുള്ളവർക്ക്, ചെറുചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ കലക്കി ഉപയോഗിക്കുന്നത് ചർമ്മത്തിന് മൃദുത്വവും ഈർപ്പവും നൽകും.

തിളക്കത്തിനും ശുദ്ധീകരണത്തിനും

മുഖത്തിന് സ്വാഭാവികമായ തിളക്കവും നിറവും നൽകാൻ ഏറ്റവും ഫലപ്രദമായതാണ് റൈസ് വാട്ടർ. അരി കഴുകി വൃത്തിയാക്കിയാതിന് ശേഷം വെള്ളം ഒഴിച്ച് വെക്കുക, ആ വെള്ളം ഊറ്റിയെടുത്ത് ടോണറായി ഉപയോഗിച്ചാൽ ചർമ്മത്തിന് നിറം മെച്ചപ്പെടുത്താനും പാടുകൾ കുറയ്ക്കാനും സാധിക്കും. റോസ് വാട്ടർ ആണെങ്കിൽ, അത് നേരിട്ട് സ്പ്രേ ബോട്ടിലിൽ ഒഴിച്ച് ദിവസത്തിൽ പല തവണ ഉപയോഗിക്കുന്നത് ചർമ്മത്തിന് ഫ്രഷ്‌നസ് നൽകുകയും പി.എച്ച്. ബാലൻസ് നിലനിർത്തുകയും ചെയ്യും. ഇത് ഒരു സ്വാഭാവിക ടോണറായി പ്രവർത്തിക്കുന്നു.

വീക്കവും എണ്ണമയവും കുറയ്ക്കാൻ

എണ്ണമയമുള്ള ചർമ്മക്കാർക്കും മുഖക്കുരു സാധ്യതയുള്ളവർക്കും പുതിന വെള്ളവും (Mint Water) പെരുംജീരക വെള്ളവും (Fennel Water)വളരെ നല്ലതാണ്. പുതിനയില വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് തണുപ്പിച്ച് ഉപയോഗിക്കുന്നത് ചർമ്മത്തിന് കുളിർമ നൽകുകയും എണ്ണമയം നിയന്ത്രിക്കുകയും ചെയ്യും. അതുപോലെ പെരുംജീരകം വെള്ളത്തിൽ തിളപ്പിച്ചത് ഉപയോഗിക്കുന്നത് ചർമ്മത്തെ ശുദ്ധീകരിച്ച് ടോക്സിനുകളെ നീക്കാൻ സഹായിക്കും. കൂടാതെ, ഇഞ്ചി വെള്ളം (Ginger Water) ഉപയോഗിക്കുന്നത് ആന്റിഓക്‌സിഡന്റുകൾ നൽകാനും രക്തയോട്ടം കൂട്ടാനും ചർമ്മത്തിന് ഒരു ഉണർവ് നൽകാനും സഹായിക്കും.

പ്രത്യേക ശ്രദ്ധ നൽകേണ്ടവ

നാരങ്ങ വെള്ളം (Lemon Water) വിറ്റാമിൻ സി നൽകുന്നുണ്ടെങ്കിലും, ഇത് വളരെ നേർപ്പിച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നാരങ്ങയുടെ നീര് വെള്ളത്തിൽ നന്നായി കലർത്തി രാത്രിയിൽ മാത്രം ഉപയോഗിക്കണം, കാരണം പകൽ വെയിൽ തട്ടിയാൽ ചർമ്മത്തിന് കരിവാളിപ്പ് (Tan) ഉണ്ടാകാൻ സാധ്യതയുണ്ട്.

ഫേസ് വാഷ് ചെയ്ത ശേഷം, ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് ഈ ടോണറുകളിൽ ഏതെങ്കിലും മുഖത്തും കഴുത്തിലും പുരട്ടി ടോണർ ഉണങ്ങിയ ശേഷം ഒരു മോയ്‌സ്ചറൈസർ ഉപയോഗിച്ച് ചർമ്മ സംരക്ഷണം പൂർത്തിയാക്കുക. ഈ പ്രകൃതിദത്ത ടോണറുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണം വർദ്ധിപ്പിക്കും.

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ