
'മോനേ, പത്തുപതിനഞ്ച് കൊല്ലം ഒരേ ഓഫീസിൽ പണിയെടുത്താലേ ഒരു അന്തസ്സുള്ളൂ...' എന്ന് ഉപദേശിക്കാൻ വരുന്ന കാരണവന്മാരോട് ഇന്നത്തെ ജെൻ സി പിള്ളേർക്ക് പറയാൻ ഒരേയൊരു മറുപടിയേയുള്ളൂ, 'Bye, Next!'. പഴയകാലത്തെ 'ലോയൽറ്റി' ഒക്കെ വെറും പഴങ്കഥയാക്കി മാറ്റിക്കൊണ്ട് കോർപ്പറേറ്റ് ലോകത്ത് പുതിയൊരു ട്രെൻഡ് കൊണ്ടു വന്നിരിക്കുകയാണ് ജെൻ സികൾ. അതാണ് 'ഓഫീസ് ഫ്രോഗിംഗ്' (Office Frogging). ഒന്നിൽ നിന്നും അടുത്തതിലേക്ക് മിന്നൽ വേഗത്തിൽ ചാടിപ്പോകുന്ന തവളകളെപ്പോലെ, കരിയറിൽ ഇവർ നടത്തുന്ന ഈ തവളച്ചാട്ടം കേവലം ഒരു തമാശയല്ല. അത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേവലം ശമ്പള വർദ്ധനവ് മാത്രമല്ല, മാനസികാരോഗ്യം, തൊഴിൽ സംതൃപ്തി എന്നിവയ്ക്ക് മുൻഗണന നൽകിയാണ് യുവാക്കൾ ഇത്തരമൊരു രീതി സ്വീകരിക്കുന്നത്.
തവളകൾ ഒരു ഇലയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നത് പോലെ, ചുരുങ്ങിയ കാലയളവിനുള്ളിൽ ജോലി മാറുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പഴയ തലമുറയെപ്പോലെ ഒരു സ്ഥാപനത്തിൽ തന്നെ വർഷങ്ങളോളം തുടർന്ന് വിരമിക്കുന്ന രീതി ഇന്നത്തെ യുവാക്കൾക്കിടയിൽ കുറവാണ്. റിപ്പോർട്ട് പ്രകാരം, കരിയറിന്റെ തുടക്കത്തിൽ തന്നെ വൈവിധ്യമാർന്ന അനുഭവങ്ങൾ തേടുന്നവരാണ് ഈ 'ഓഫീസ് ഫ്രോഗേഴ്സ്'.
ഈ പ്രവണതയ്ക്ക് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്:
ജീവനക്കാരുടെ ഈ പെട്ടെന്നുള്ള കൊഴിഞ്ഞുപോക്ക് കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. പുതിയ ആളുകളെ നിയമിക്കാനും, അവർക്ക് ട്രെയിനിംഗ് നൽകാനും വലിയ തുക ചിലവാക്കേണ്ടി വരുന്നു. ഇത് തടയാനായി പല കമ്പനികളും ഇപ്പോൾ 'ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ്', 'വെൽനസ് പ്രോഗ്രാമുകൾ'എന്നിവ നടപ്പിലാക്കി വരികയാണ്.
കരിയറിന്‍റെ തുടക്കത്തിൽ ഇത്തരത്തിൽ മാറ്റങ്ങൾ പരീക്ഷിക്കുന്നത് ഗുണകരമാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ദോഷം ചെയ്തേക്കാം എന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി ജോലി മാറുന്നത് റെസ്യൂമെയിൽ വിശ്വാസ്യത കുറയ്ക്കാൻ കാരണമായേക്കാം. അതിനാൽ കൃത്യമായ പ്ലാനിംഗോടു കൂടി മാത്രമേ 'ഫ്രോഗിംഗ്' പാടുള്ളൂ. ചുരുക്കത്തിൽ, തൊഴിലിടങ്ങളിൽ തങ്ങൾക്ക് അർഹമായ പരിഗണനയും സമാധാനവും ലഭിക്കണം എന്ന ജെൻ സി തലമുറയുടെ ഉറച്ച തീരുമാനമാണ് 'ഓഫീസ് ഫ്രോഗിംഗ്' എന്ന മാറ്റത്തിന് പിന്നിൽ.