ഫേക്ക് ഐലാഷസ് ; ഒട്ടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; ശരിയായ രീതി ഇതാ...

Published : Feb 15, 2026, 06:05 PM IST
eyelash

Synopsis

ആദ്യമായി കൺപീലി ഒട്ടിക്കാൻ പോകുന്നവരിൽ പലർക്കും ഒരു പേടിയുണ്ട്, കണ്ണ് പുകയുമോ? ഒട്ടിച്ചത് ഇളകിപ്പോകുമോ? ശരിയായി സെറ്റാകുമോ? ആ പേടിയൊക്കെ ഇനി മാറ്റിവെക്കാം. ഐ മേക്കപ്പിൽ ഒരു മാജിക് കൊണ്ടുവരാൻ കൃത്രിമ കൺപീലി ഒട്ടിക്കുന്നത് അത്ര വലിയ കടമ്പയൊന്നുമല്ല. 

സൗന്ദര്യ സംരക്ഷണത്തിൽ കണ്ണുകൾക്ക് എപ്പോഴും പ്രത്യേക സ്ഥാനമാണുള്ളത്. കണ്ണുകളുടെ ഭംഗി കൂട്ടാൻ ഐലൈനറും മസ്കാരയും മാത്രം പോരാ എന്ന അവസ്ഥയിലാണ് ഇന്നത്തെ ഫാഷൻ ലോകം. വിവാഹമായാലും പാർട്ടികളായാലും ഫോട്ടോഷൂട്ടായാലും 'ഫേക്ക് ഐലാഷസ്' ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. എന്നാൽ, ഇവ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ലുക്ക് തന്നെ മോശമാക്കുകയും ചെയ്യും.

കൃത്രിമ കൺപീലികൾ എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്നും അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

1. കൺപീലി എങ്ങനെ തെരഞ്ഞെടുക്കാം

വിപണിയിൽ പലതരത്തിലുള്ള കൺപീലികൾ ലഭ്യമാണ്. നാച്ചുറൽ ലുക്ക് നൽകുന്നവ മുതൽ വലിയ ഡ്രമാറ്റിക് ലുക്ക് നൽകുന്നവ വരെ ഇതിലുണ്ട്. നിങ്ങളുടെ കണ്ണിന്റെ ആകൃതിക്ക് അനുയോജ്യമായത് വേണം തിരഞ്ഞെടുക്കാൻ.

  • ചെറിയ കണ്ണുകൾ: വലിയ കൺപീലികൾ ഒഴിവാക്കുക. ഇത് കണ്ണുകൾ കൂടുതൽ ചെറുതായി തോന്നിക്കാൻ കാരണമാകും.
  • വലിയ കണ്ണുകൾ: കട്ടി കൂടിയ കൺപീലികൾ നിങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാം.

2. ഒട്ടിക്കുന്നതിന് മുൻപുള്ള തയ്യാറെടുപ്പ്

പുതിയൊരു കൺപീലി പാക്കറ്റിൽ നിന്ന് എടുത്ത ഉടൻ കണ്ണിൽ ഒട്ടിക്കരുത്. ഓരോരുത്തരുടെയും കണ്ണിന്റെ നീളം വ്യത്യസ്തമായിരിക്കും. അതിനാൽ, ആദ്യം പീലി കണ്ണിന് മുകളിൽ വെച്ച് നീളം അളക്കുക. വശങ്ങളിൽ നീളം കൂടുതലാണെങ്കിൽ ചെറിയ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. എപ്പോഴും കണ്ണിന്റെ പുറം വശത്തെ നീളമാണ് മുറിക്കേണ്ടത്.

3. ഗ്ലൂ ഉപയോഗിക്കുമ്പോൾ

കൃത്രിമ കൺപീലികൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണം. ഗുണനിലവാരമില്ലാത്ത പശ കണ്ണിന് അലർജിയുണ്ടാക്കാം.

  • കൺപീലിയുടെ വശങ്ങളിൽ മാത്രം പശ തേക്കുക.
  • പശ തേച്ച ഉടൻ കണ്ണിൽ ഒട്ടിക്കരുത്. 20-30 സെക്കൻഡ് കാത്തിരിക്കുക. പശ അല്പം പശിമയുള്ള അവസ്ഥയിൽ എത്തുമ്പോൾ മാത്രം ഒട്ടിക്കുക. ഇതാണ് പീലികൾ ഇളകാതെ ഇരിക്കാൻ സഹായിക്കുന്നത്.

എങ്ങനെ കൃത്യമായി ഒട്ടിക്കാം?

കണ്ണാടിക്ക് മുന്നിൽ നിന്ന് താഴേക്ക് നോക്കി വേണം പീലികൾ ഒട്ടിക്കാൻ. ഒരു ട്വീസർ ഉപയോഗിച്ച് പീലി മെല്ലെ എടുത്ത് സ്വാഭാവിക കൺപീലികൾ തുടങ്ങുന്ന ഭാഗത്തിന് തൊട്ടുമുകളിലായി വയ്ക്കുക. ആദ്യം മധ്യഭാഗം ഒട്ടിച്ച ശേഷം വശങ്ങൾ അമർത്തി ഉറപ്പിക്കുക. സ്വന്തം പീലികളുമായി ഇവ ചേർന്നിരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഒരു മസ്കാര ബ്രഷ് ഉപയോഗിച്ച് മെല്ലെ ചീകി കൊടുക്കാം.

 ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

  • മസ്കാര ഉപയോഗം: കൃത്രിമ കൺപീലി ഒട്ടിക്കുന്നതിന് മുൻപ് സ്വന്തം പീലികളിൽ മസ്കാര ഇടുന്നത് നല്ലതാണ്. എന്നാൽ ഒട്ടിച്ച ശേഷം കനത്തിൽ മസ്കാര ഇടുന്നത് കൃത്രിമ പീലികളുടെ ആയുസ്സ് കുറയ്ക്കും.
  • മറ്റൊരാളുടെ പീലി ഉപയോഗിക്കരുത്: ഒരാൾ ഉപയോഗിച്ച കൃത്രിമ കൺപീലി മറ്റൊരാൾ ഉപയോഗിക്കുന്നത് കണ്ണിന് അണുബാധയുണ്ടാക്കാൻ കാരണമാകും.
  • ഉറങ്ങുന്നതിന് മുൻപ് മാറ്റുക: രാത്രി ഉറങ്ങുന്നതിന് മുൻപ് കൃത്രിമ കൺപീലി മാറ്റാൻ മറക്കരുത്. പശ കണ്ണിൽ അവശേഷിക്കുന്നത് ദോഷകരമാണ്.

എങ്ങനെ നീക്കം ചെയ്യാം?

വളരെ വേഗത്തിൽ പീലി വലിച്ചു മാറ്റുന്നത് സ്വാഭാവിക കൺപീലികൾ കൊഴിഞ്ഞുപോകാന് കാരണമാകും. ഒരു കോട്ടൺ ബഡ്‌സിൽ മേക്കപ്പ് റിമൂവറോ കുറച്ച് വെളിച്ചെണ്ണയോ എടുത്ത് കൺപീലിക്ക് മുകളിൽ മെല്ലെ തടവുക. പശ അലിഞ്ഞു വരുമ്പോൾ പതുക്കെ ഇളക്കി മാറ്റാം. മാറ്റിയ ശേഷം പീലികൾ വൃത്തിയാക്കി സൂക്ഷിച്ചാൽ രണ്ടാമതും ഉപയോഗിക്കാൻ സാധിക്കും.

 

PREV
Read more Articles on
click me!

Recommended Stories

സംഗീതം മുതൽ സൗന്ദര്യം വരെ; ഇന്ത്യയെ കീഴടക്കുന്ന 'കെ-വേവ്' എന്ന അത്ഭുതം
ചില്ലാകാം, തിളങ്ങാം! ജെൻ സി ട്രെൻഡായി മാറുന്ന ഏറ്റവും പുതിയ ബ്യൂട്ടി ഹാക്കുകൾ