മോഷ്ടാക്കള്‍ ബാഗുമായി മുങ്ങി; ബാഗിലുള്ളത് പാമ്പുകളെന്ന് ഉടമസ്ഥന്‍

By Web TeamFirst Published Oct 9, 2019, 11:28 AM IST
Highlights

പാമ്പുകളെ ഒരു ലൈബ്രറിക്ക് സമ്മാനിക്കാനായി പൊതിഞ്ഞ് ബാഗിലാക്കി തന്‍റെ കാറില്‍ വച്ചതായിരുന്നു ബ്രയാന്‍ ഗണ്ഡി.

കാലിഫോര്‍ണിയ: കൈയ്യില്‍ കരുതിയ, പണമോ സ്വര്‍ണ്ണമോ നിറഞ്ഞ ബാഗ് മോഷണം പോയാല്‍ വലിയ പ്രതിസന്ധിയിലാകും. എന്നാല്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ മോഷ്ടിച്ചയാള്‍ ഉറപ്പായും ഹാപ്പിയായിരിക്കും. ഇത് കിട്ടിയത് സ്വര്‍ണ്ണമോ പണമോ പോലുള്ള വസ്തുക്കളാണെങ്കിലുള്ള കാര്യം. എന്നാല്‍ മോഷ്ടിച്ച ബാഗ് തുറക്കുമ്പോള്‍ കാണുന്നത് പാമ്പിനെയാകുന്നത് ഒന്ന് ആലോചിച്ചുനോക്കൂ... 

അത്തരമൊരു സംഭവമാണ് കാലിഫോര്‍ണിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ഒരു വലിയ ബാഗുമായി ഒരു കൂട്ടം കള്ളന്മാര്‍ കടന്നുകളഞ്ഞു. ആ ബാഗിനുള്ളില്‍ ഉണ്ടായിരുന്നത് പാമ്പുകളും ഓന്തുമായിരുന്നു.  പാമ്പുകളെ ഒരു ലൈബ്രറിക്ക് സമ്മാനിക്കാനായി പൊതിഞ്ഞ് ബാഗിലാക്കി തന്‍റെ കാറില്‍ വച്ചതായിരുന്നു ബ്രയാന്‍ ഗണ്ഡി. ബ്രയാന്‍ കാറില്‍ നിന്ന് ഇറങ്ങി നിമിഷങ്ങള്‍ക്കകമാണ് ബാഗ് കാണാതായത്. ആ ബാഗ് തുറന്നുനോക്കുന്ന മോഷ്ടാക്കളുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് ബ്രയാന്‍ ഒരു മാധ്യമത്തോട് പങ്കുവച്ചത്. 

തന്‍റെ ബാഗുമായി കടന്നുകളയുന്നവരെ കണ്ട ബ്രയാന്‍ ഓപ്പമോടിയെങ്കിലും അവരെ പിടികൂടാനായില്ല. ശനിയാഴ്ചയാണ് മോഷണം നടന്നത്. ഞായറാഴ്ച തന്നെ ബ്രയാന്‍ ഓണ്‍ലൈനായി പരാതി നല്‍കി. ബാഗിലുള്ള പാമ്പുകള്‍ വിഷമുള്ളവയല്ലെന്നും ഉപദ്രവകാരികളല്ലെന്നും ബ്രയാന്‍ പറഞ്ഞു. തനിക്ക് നഷ്ടപ്പെട്ട പാമ്പുകളെയും ഓന്തിനെയും തിരിച്ചുകിട്ടാന്‍ സഹായം ചോദിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. കേസ് എടുക്കേണ്ടതില്ല, പകരം ആ ജീവികളെ കിട്ടിയാല്‍ മതിയെന്നും അവ എന്‍റെ കുട്ടികളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 
 

click me!