വീടൊരുക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

By Web TeamFirst Published Aug 27, 2019, 2:07 PM IST
Highlights

ഇന്‍റീരിയര്‍ ഡിസൈനില്‍ ഈ ടിപ്സുകള്‍ ശ്രദ്ധിക്കുന്നത് വന്‍ അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സഹായിക്കും.

വലിപ്പ ചെറുപ്പമില്ലാത്ത ബജറ്റുകളില്‍ നിര്‍മ്മിക്കുന്ന വീടുകളെ മനോഹരമാക്കുന്നത് അതിന്‍റെ ഇന്‍റീരിയര്‍ ഡിസൈനുകളാണ്. വളരെ പരിമിതമായ ഇടത്തെപ്പോലും ഡിസൈന്‍ മികവുകൊണ്ട് മികച്ചതാക്കാനും അതുപോലെ മോശമാക്കാനും ഡിസൈനുകള്‍ക്ക് സാധിക്കും. ഭവനനിര്‍മ്മാണത്തിനായി ഏറെ നേരവും ഏറെ ഗവേഷണങ്ങള്‍ നടത്തുന്നവര്‍ക്കും പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്നത് ഇന്‍റീരിയര്‍ ഡിസൈനിന്‍റെ കാര്യത്തിലാണ്. 

പലപ്പോഴും മുന്‍കൂട്ടി കണ്ടെത്തിയ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടമായി വീട് മാറ്റുന്നതിനിടയില്‍ ദിവസവും പെരുമാറേണ്ടി വരുന്ന പല ഇടങ്ങളും വീട്ടുകാര്‍ക്ക് നഷ്ടമാകേണ്ടി വരുന്ന സ്ഥിതിയും നേരിടാറുണ്ട്.  ഇന്‍റീരിയര്‍ ഡിസൈനില്‍ ഈ ടിപ്സുകള്‍ ശ്രദ്ധിക്കുന്നത് വന്‍ അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സഹായിക്കും.

ഭാവനയ്ക്ക് യോജിച്ച രീതിയില്‍ ഒരു വീടൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. 

നിറം

വീടിനകം എങ്ങനെ കാണമെന്ന് വീട്ടുകാരുടെ താല്‍പര്യം ആദ്യം തന്നെ തിരിച്ചറിയണം. ചെറുബജറ്റിലൊതുങ്ങുന്ന ഫര്‍ണിച്ചറുകള്‍ക്ക് വീടിനെ മനോഹരമാക്കാന്‍ കഴിയും. ഇതിനായി കളര്‍ തെരഞ്ഞെടുക്കുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഘടനയ്ക്ക് ചേരുന്ന രീതിയില്‍ ആയിരിക്കണം ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുന്നത്.

ലൈറ്റിംഗ്
ഓരോ മുറിയ്ക്ക് ഉതകുന്ന രീതിയിലുള്ള ലൈറ്റിംഗ് വേണം തെരഞ്ഞെടുക്കാന്‍. ഇടം നഷ്ടമാകാതെ ലൈറ്റുകള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. ലൈറ്റുകള്‍ തന്നെ റൂമിനെ പ്രധാന ആകര്‍ഷണമാവുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.

കര്‍ട്ടനുകള്‍, ചവിട്ടികള്‍
പലപ്പോഴായി താത്പര്യം തോന്നിയ വാങ്ങിയ കര്‍ട്ടനുകളും ചവിട്ടികളും റൂമുകളുടെ ഭംഗി കളയാതിരിക്കാന്‍ ശ്രദ്ധിക്കണം. കളറുകളോട് ചേര്‍ന്ന് നില്‍ക്കുന്നതും എളുപ്പത്തില്‍ ശുചിയാക്കാന്‍ സാധിക്കുന്നതുമായ ചവിട്ടികള്‍ തെരഞ്ഞെടുക്കുന്നതാവും ഉചിതം.

പെയിന്‍റിംഗുകള്‍
വന്‍ വില നല്‍കിയ പെയിന്‍റിംഗുകള്‍ മാത്രമല്ല വീട്ടുകാര്‍ക്കൊപ്പമുള്ള ഒരു ചിത്രം പോലും ഭിത്തികളെ മനോഹരമാക്കും. പെയിന്‍റിംഗുകള്‍ നിരത്തി ഭിത്തികള്‍ നിറക്കാതിരിക്കാനും ശ്രദ്ധിക്കണം.

ചെടികള്‍
വീട്ടിനുള്ളില്‍ ഊര്‍ജ്ജം നിറക്കുന്നതാവും വീടിനുള്ളില്‍ വക്കുന്ന ചെടികള്‍. കുറച്ച് വെള്ളം എടുക്കുന്ന രീതിയിലുള്ള ചെടികളാവും ഉചിതം. കറ്റാർവാഴ,സ്പൈഡർ പ്ലാന്റ്, പീസ് ലില്ലി ഇവയെല്ലാം സംശയം കൂടാതെ തന്നെ വീടിനകത്തേക്ക് എത്തിക്കാം. 

ഫര്‍ണിച്ചറുകള്‍
ആഡംബരം കാണിക്കാന്‍ വേണ്ടി മാത്രമാകരുതെ ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാന്‍. സ്ഥലസൗകര്യവും ആവശ്യവും കണക്കിലെടുത്താവണം ഫര്‍ണിച്ചറുകളുടെ തെരഞ്ഞെടുപ്പ്. 

വെളിച്ചം
അടുക്കളയില്‍ ജനലുകള്‍ സൂര്യപ്രകാശം അകത്ത് എത്തുന്ന രീതിയിലാവണം ക്രമീകരിക്കുന്നത്. ഇത് ചെറുപ്രാണികള്‍ അടുക്കളയില്‍ സ്ഥിര താമസമാക്കുന്നത് ഒരു പരിധി വരെ സഹായിക്കും 

click me!