മറ്റുള്ളവരുമായി എപ്പോഴും നെഗറ്റീവ് ആയ താരതമ്യം ചെയ്യൽ ഉറപ്പാവും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കും. ഈ മാനസിക സമമർദ്ദം വച്ചുകൊണ്ടുതന്നെ മികച്ചതാവാൻ ഒരുപാട് ശ്രമങ്ങൾ നടത്തും. don t compare yourself to others 

മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യുക എന്ന രീതി പൊതുവേ എല്ലാവരിലും ഉള്ളതാണ്. നമ്മൾ സമൂഹത്തിൽ അംഗീകരിക്കപ്പെടാൻ എന്താണ് ചെയ്യേണ്ടത്, മറ്റുള്ളവരെ കണ്ട് അതുപോലെ ആകണം എന്ന പ്രചോദനം നേടാൻ ഒക്കെ ഇതു നല്ലതുമാണ്. പക്ഷേ ഇന്ന് പല ആളുകളിലും ഈ താരതമ്യം ചെയ്യൽ വളരെ അപകടകരമായ രീതിയിൽ മാറുന്നതായി കാണാം.

1. എന്നെക്കാളും മികച്ചതാണ് മറ്റൊരാൾ എന്നത് ശ്രദ്ധിച്ചു തുടങ്ങുന്നതാണ് ആദ്യ ഘട്ടം.

2. മികച്ചത് എന്നതിനാണ് കൂടുതൽ മൂല്യം എന്ന് അതിനുശേഷം ചിന്തിക്കാൻ തുടങ്ങും.

3. എന്നെക്കാളും മികച്ചതാണ് മറ്റൊരാൾ എന്നതിനാൽ അയാൾക്ക് മാത്രമാണ് വിലയുള്ളത് എന്നും ഞാൻ ഒന്നുമല്ല എന്നും ചിന്തിക്കും.

4. എത്രയുമാകുമ്പോൾ ഞാൻ ഒരു വിലയുമില്ലാത്ത ഒരാളാണ് എന്നു പൂർണ്ണമായും ഉറപ്പിക്കുകയും ചെയ്യും.

പക്ഷേ ഇത്തരം ചിന്താ രീതികൾ ഒരു വ്യക്തിയുയെ ആത്മവിശ്വാസത്തെ തകർക്കും.

ഉദാ: ഒരു സുഹൃത്തുമായോ, ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായോ താരതമ്യം ചെയ്യുകയും ഞാൻ അത്ര മികച്ചതല്ല എന്നു തോന്നുകയും ചെയ്യുക. പിന്നീട് കണ്ണാടിയിൽ നോക്കാൻ മടിക്കുക, ഫോട്ടോകൾ എടുക്കാൻ തയ്യാറാവാതെ വരിക, എപ്പോഴും ഞാൻ കൊള്ളില്ല എന്ന രീതിയിൽ ചിന്തിക്കുന്ന അവസ്ഥ.

ഇത് കുട്ടികളിലും മുതിർന്നവരിലും അങ്ങനെ ഏതു പ്രായക്കാരിലും ഉണ്ടാകാം. വീട്ടിലും കൂട്ടുകാർക്കിടയിലിൻ കളിയാക്കലിന് ഇരയാവുക, മാതാപിതാക്കളിൽ ഇതേപ്രശ്നം ഉണ്ടാവുക എന്നിങ്ങനെ പല കാരണങ്ങളാലും ഈ അവസ്ഥ ഉണ്ടാകാം.

ഇങ്ങനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നീണ്ട കാലം നിലനിൽക്കുമ്പോൾ മനസ്സിൽ ഒരുപാട് സങ്കടം നിറയുകയും പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്.

ഉദാ: നിങ്ങളുടെ സുഹൃത്ത് പുതിയ വീട് വയ്ക്കുന്നു, കാർ വാങ്ങുന്നു, വിവാഹം കഴിക്കുന്നു- എല്ലാവരും ജീവിതത്തിൽ മുന്നേറുകയാണ് എന്ന് ചിന്തിച്ചുകൊണ്ട് ജീവിതത്തിലെ എല്ലാ നന്മകളെയും നിങ്ങൾ അപ്പോൾ മറന്നുപോകുകയും, ആ നന്മകൾ ഒന്നും വലിയ കാര്യമല്ല എന്ന് ചിന്തിക്കുകയും ചെയ്യുക. ഈ ചിന്തകളിൽ അമിതയായി ശ്രദ്ധ വയ്ക്കുന്നു എന്നതിനാൽ നിങ്ങൾക്കു ജീവിതത്തിൽ മുന്നേറാൻ കഴിയുന്ന കാര്യങ്ങൾക്കായി ശ്രമം നടത്താതെ പോകുന്നു.

ഉദാ: നിങ്ങൾ ജിമ്മിൽ പോകാൻ തീരുമാനിക്കുന്നു. എന്നാൽ അവിടെ എത്തി ആദ്യ ദിവസം മുതൽ അവിടെ ദിവസങ്ങളായി പരിശീലിക്കുന്ന ഫിറ്റ് ആയ ആളുകളെ നോക്കി അവർ എല്ലാവരും എന്നെക്കാൾ മികച്ചതാണ്, എനിക്കു മാത്രം ഒന്നും കഴിയുന്നില്ല എന്നോ, അല്ലെങ്കിൽ എനിക്കവരെപോലെ ആകാൻ കഴിയുമോ എന്ന് ഉത്കണ്ഠപ്പെട്ടോ ഇനി ജിമ്മിൽ പോകുന്നില്ല എന്ന് ചിന്തിച്ചാൽ എന്താകും അവസ്ഥ.

മറ്റുള്ളവരുമായി എപ്പോഴും നെഗറ്റീവ് ആയ താരതമ്യം ചെയ്യൽ ഉറപ്പാവും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കും. ഈ മാനസിക സമമർദ്ദം വച്ചുകൊണ്ടുതന്നെ മികച്ചതാവാൻ ഒരുപാട് ശ്രമങ്ങൾ നടത്തും. ഉറങ്ങാതെ, ഭക്ഷണം കഴിക്കാതെ ഒക്കെ പഠിക്കാനോ, ജോലി ചെയ്തു തീർക്കാനോ ശ്രമിക്കും. എന്നാൽ ഇങ്ങനെ മനസ്സിൽ വലിയ സമമർദ്ദം ഉള്ളതുകൊണ്ടുതന്നെ ചെയ്യുന്ന പ്രവർത്തിയിൽ ശ്രദ്ധ കുറയുകയും വളരെ മടുപ്പ് അനുഭവപ്പെടുകയും ചെയ്യും. കുറച്ചു സമയം റെസ്റ്റ് എടുക്കുന്നതുപോലും തെറ്റാണെന്നും പരാജയമാണ് എന്നും തോന്നും. ഇങ്ങനെ എപ്പോഴും സ്വയം കുറ്റപ്പെടുത്തുകയും കൂടി ആകുമ്പോൾ മനസ്സിനു മരവിപ്പ് അനുഭവപ്പെടും.

എങ്ങനെ പരിഹരിക്കാം

നമ്മൾ നമ്മളെക്കുറിച്ചു തന്നെ ചിന്തിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാകണം എന്നില്ല. ഉദാ: ഒരാൾ പരീക്ഷയിൽ തോൽക്കുന്നത് ജീവിതത്തിൽ തന്നെ ഒരു തോൽവിയാണ് എന്ന് ചിന്തിച്ചാൽ അത് സത്യമാണ് എന്നു പറയാനാവില്ല. അതിനാൽ സ്വയം പ്രചോദിപ്പിക്കുന്ന, സപ്പോർട്ട് ചെയ്യുന്ന നിലയിൽ ചിന്തിക്കണം.

നിങ്ങളെക്കാളും മികച്ച പ്രസന്റേഷൻ സ്കിൽ ആണ് നിങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന വ്യക്തിക്ക് ഉള്ളത് എന്നു കണ്ടാൽ അതിൽ നിന്നും ഉൾകൊള്ളാൻ പറ്റിയ നല്ല കാര്യങ്ങൾ ശ്രദ്ധിക്കാം. പ്രസന്റേഷൻ സ്കിൽ ഇപ്പോൾ നിങ്ങളുടേത് കുറച്ചുകൂടി നന്നാവാൻ ഉണ്ട് എങ്കിലും കാര്യങ്ങൾ പെട്ടെന്നു പഠിച്ചെടുക്കാൻ ഉള്ള കഴിവ് നിങ്ങൾക്കുണ്ട് എന്ന സത്യം, അല്ലെങ്കിൽ എന്തു കഴിവാണോ നിങ്ങൾക്കുള്ളത് അത് മറന്നു പോകരുത്.

നമ്മൾ ഓരോ വ്യക്തികളും നടത്തുന്ന ചെറിയ ചെറിയ ശ്രമങ്ങൾ ഫലം കാണാൻ സമയം എടുക്കും. ശ്രമങ്ങൾ നടത്താനും, സ്വയം പ്രചോദിപ്പിക്കാനും സമയം കണ്ടെത്തണം. കൂടുതൽ സമയവും സ്വയം കുറ്റപ്പെടുത്തുകയാണോ ഇപ്പോൾ ചെയ്യുന്നത് എന്ന് ഒരു ആത്മ പരിശോധന നടത്തി നോക്കുക. 

അങ്ങനെ ചെയ്യുന്നതിനാൽ എന്തെല്ലാം സങ്കടങ്ങൾ നിങ്ങൾ അനുഭവിക്കുന്നു എന്ന് ചിന്തിക്കുക. സ്വയം കുറ്റപ്പെടുത്തൽ അവസാനിപ്പിച്ച്, സ്വയം മെച്ചപ്പെടുത്താൻ എന്തു ചെയ്യാം എന്ന് ചിന്തിക്കുക. അങ്ങനെ ജീവിതം മെച്ചപ്പെടുത്തുന്ന ചെറിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

( ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് - ഫോൺ നമ്പർ: 8281933323)