ചില്ലുവാതിൽ തകർന്ന് യുവതി മരിച്ച അപകടം; ഗ്ലാസ് ഡോറുകൾ വെക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

By Web TeamFirst Published Jun 15, 2020, 6:40 PM IST
Highlights

ഗ്ലാസ് ഡോർ തെരഞ്ഞെടുക്കുമ്പോൾ അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ വളരെ വലിയ അപകടങ്ങളിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുക. 

വളരെ മനോഹരമായി ഡിസൈൻ ചെയ്ത പല വ്യാപാര സ്ഥാപനങ്ങളും നമ്മൾ കണ്ടിട്ടുണ്ടാകും. ആ സ്ഥാപനങ്ങളിൽ പലതിന്റെയും ഡിസൈനിന്റെ ഭംഗി പകുതിയും അതിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് ഡോറുകൾ കാരണമാണ് കൈവരുന്നത്. സ്ഥാപനത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വില്പനസാധനങ്ങൾക്ക് പുറമെ നിന്ന് നല്ല ദർശനം കിട്ടും, ഷോപ്പിനുള്ളിലേക്ക് നല്ലപോലെ വെളിച്ചമെത്തും തുടങ്ങി പല ഗുണങ്ങളും ഗ്ലാസ് ഡോർ ഡിസൈനിനുണ്ട് എങ്കിലും, ആ ഡിസൈൻ ചെയ്യുമ്പോൾ അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ വളരെ വലിയ അപകടങ്ങളിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുക.

പെരുമ്പാവൂരിൽ ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറി ഒരു യുവതി മരിച്ച സംഭവത്തിനു ശേഷം ഈ കാര്യങ്ങൾ വീണ്ടും ചർച്ചയിലേക്ക് എത്തുകയാണ്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ബാലൻസ് തെറ്റി തറയിൽ വീണപ്പോൾ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റിൽ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം. തൊട്ടടുത്ത്, അതായത് ഏതാണ്ട് 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. 

ബാങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുൻവശത്തെ ഗ്ലാസിൽ ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. 

ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അപകടങ്ങൾ, ഗ്ലാസ് ഡോറുകൾ ഇൻസ്റ്റാൾ ചെയുമ്പോൾ ചില പ്രാഥമികമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്നതേയുള്ളൂ. ഗ്ലാസ് ഡോർ ഇൻസ്റ്റാൾ ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക്.

ഏതുതരം ഗ്ലാസ് ഡോർ ?

നിങ്ങളുടെ സ്ഥാപനത്തിന്റെ ഉദ്ദേശ്യം എന്ത് എന്നതിനെ ആശ്രയിച്ച് വിവിധ തരത്തിലുള്ള ഗ്ലാസ് ഡോർ ഡിസൈനുകളിൽ ഏതെങ്കിലും ഒരെണ്ണം സ്വീകരിക്കാവുന്നതാണ്. ഗ്ലാസ് ഡോറുകൾ ഇനി പറയുന്ന ഡിസൈനുകളിൽ ലഭ്യമാണ്. 

ഹിഞ്ച്ഡ്  ഡോർ : ഒരു ഹിഞ്ച് അഥവാ വിജാഗിരിയിന്മേൽ തിരിയുന്ന തരത്തിലുള്ള ഡിസൈനാണ് ഈ ഗ്ലാസ് ഡോറുകൾക്ക്. അകത്തേക്കും പുറത്തേക്കും കടന്നുപോകാനുള്ളവർ കൈകൊണ്ട് തള്ളുകയോ വലിക്കുകയോ (പുഷ്/പുൾ) ചെയ്താൽ മാത്രമേ ഈ ഡോറുകൾ തുറന്നു കിട്ടൂ. നടന്നു വരുന്നവർ ശ്രദ്ധിച്ചില്ല എങ്കിൽ ചെന്നിടിക്കാനുള്ള സാധ്യത ഈ ഡോറിൽ ഉണ്ട്. 

 

 

സ്ലൈഡിങ് ഡോർ : താഴെയും മുകളിലും ഘടിപ്പിക്കുന്ന ചാനലുകളിലൂടെ റോളറുകൾ വെച്ചാണ് ഈ ഡോർ അടക്കുകയും തുറക്കുകയും ചെയുന്നത്. ഇതും അകത്തേക്ക് കടക്കാനോ പുറത്തേക്ക് പോകാനോ ആഗ്രഹിക്കുന്നവർ തള്ളി നീക്കിയാൽ മാത്രം തുറക്കുന്ന ഒന്നാണ്. നടന്നു വരുന്നവർ ശ്രദ്ധിച്ചില്ല എങ്കിൽ ചെന്നിടിക്കാനുള്ള സാധ്യത ഈ ഡോറിലും ഉണ്ട്. 

 

 

ഫ്രഞ്ച് ഡോർ : ഇത് ഡോർ ഫ്രയ്മിനെ കള്ളികളായി തിരിച്ച് അവയിൽ ചില്ലുകൾ ഘടിപ്പിച്ചുള്ള ഡിസൈനാണ്. നല്ലൊരു ഫ്രെയിം ഉള്ളതിനാൽ എളുപ്പത്തിൽ പൊട്ടില്ല. പൊട്ടിയാലും തട്ടുന്ന കള്ളിയിലെ ഗ്ലാസ് മാത്രമേ പൊട്ടൂ എന്നിങ്ങനെ ചില ഗുണങ്ങളുണ്ട്.

 

 

ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോർ വിത്ത് സെൻസർ : ഇത് സ്ലൈഡിങ് ഡോറിന്റെ തന്നെ ഓട്ടോമാറ്റിക് വേർഷനാണ്. ഡോറിനു നേരെ നടന്നുവരുന്ന ആളുകളെ ലേസർ സെൻസർ വഴി സ്വയം തിരിച്ചറിഞ്ഞ് അവർക്കുവേണ്ടി ഡോർ സ്ലൈഡ് ആയി തുറന്നു നൽകുന്ന സംവിധാനമാണിത്. ഓട്ടോമാറ്റിക് സംവിധാനത്തിന് വരുന്ന തുക അധികമായി വരുമെങ്കിലും ഇതാണ് സുരക്ഷാ മുൻകരുതലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.  സാധാരണ ഗ്ലാസ് ഡോറുകളുടെ ആറിരട്ടിയെങ്കിലും ചെലവുവരും ഓട്ടോമാറ്റിക്കിന് എന്നതാണ് ഇത് ഇൻസ്റ്റാൾ ചെയ്യാൻ പൊതുവെ പലരും മടിക്കുന്നത്. എന്നാലും, നിരവധി പേർ വരികയും പോവുകയും ഒക്കെ ചെയ്യുന്ന സൂപ്പർ മാർക്കറ്റ്, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾക്ക് സെൻസർ ഉള്ള ഓട്ടോമാറ്റിക് ഡോർ ആണ് നന്നാവുക.  

 

 

ഉപയോഗിച്ചിരിക്കുന്ന ഗ്ലാസിന്റെ ഗുണനിലവാരം ?

പലതരത്തിലുള്ള ഗ്ലാസ്സുകൾ ഡോറുകളിൽ വെക്കാൻ വേണ്ടി ലഭ്യമാണ്. 

പ്‌ളെയിൻ ഗ്ലാസ് : സാധാരണ ഗ്ലാസ് ആണ് ഡോറിൽ ഉപയോഗിച്ചിട്ടുള്ളത് എങ്കിൽ കാര്യമായ ശ്രദ്ധ അത്യാവശ്യമാണ്. പൊട്ടിയാൽ ചില്ല് കുത്തിക്കയറാനുള്ള സാധ്യത വളരെ അധികമാണ് ഇതിൽ. 

ടഫൻഡ് ഗ്ലാസ് : ഈ തരത്തിലുള്ള ഗ്ലാസ് തണുപ്പും ചൂടും കൂടുതലുള്ള അന്തരീക്ഷങ്ങൾക്ക് ചേർന്നതാണ്. ഇവ പൊട്ടിയാൽ തന്നെ ഇടിക്കുന്നവരുടെ മേൽ കുത്തിക്കയറില്ല. ചെറുകഷ്ണങ്ങളായി ചിന്നിച്ചിതറുന്നുണ്ട് എന്നതാണ് ഇത്തരം ഗ്ലാസ്സുകളുടെ മറ്റൊരു പ്രത്യേകത. 

 

 

ലാമിനേറ്റഡ് ഗ്ളാസ് : ഈ തരത്തിലുള്ള ഗ്ലാസും സുരക്ഷിതമായ ഉപയോഗത്തിന് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടതാണ്. രണ്ടു ഗ്ലാസ് പാളികൾക്കിടയിൽ ഒരു പോളി വിനൈൽ ഷീറ്റ് ഒട്ടിച്ചിട്ടുളള ഡിസൈനാണ് ഈ ഗ്ലാസിന്. ഇത്തരം ഗ്ലാസിൽ പൊട്ടൽ ഏൽക്കുമ്പോൾ ഈ പോളിത്തീൻ ലെയർ ഗ്ലാസ് കഷ്ണങ്ങൾ ചേർത്തുപിടിച്ച് ഒരു സ്പൈഡർ വെബ് ആകൃതിയിൽ പൊട്ടലിനെ അപകടകരമല്ലാത്ത വിധത്തിൽ നിയന്ത്രിച്ച് നിർത്തുന്നു. 

പരമാവധി വിസിബിലിറ്റി കൂട്ടുക 

വിസിബിലിറ്റി കൂട്ടാൻ വേണ്ടി പല ഡോർ നിർമാതാക്കളും ചെയ്യാറുള്ളത് നമ്മുടെ കണ്ണിന്റെ ലെവലിൽ കാണാൻ പാകത്തിന് സ്റ്റിക്കറുകൾ ഒട്ടിക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ അറിയാതെ വന്നിടിച്ചുള്ള അപകടങ്ങൾ കുറക്കാൻ സഹായിക്കും. എന്നിരുന്നാലും, തികഞ്ഞ അശ്രദ്ധയോടെ നടന്നുവരുന്നവർ ചെന്നിടിക്കാൻ അപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ട്. 

 

 

ഫ്രെയിം ഘടിപ്പിക്കുക 

ഗ്ലാസ് ഡോർ ഫ്രെയിം ഉള്ള ഡിസൈനിൽ ആണെങ്കിൽ അത് പൊട്ടുമ്പോൾ ചില്ല് അപകടകരമായി ചിതറാനുള്ള സാധ്യത കുറയുന്നുണ്ട്. ഫ്രെയിം ഘടിപ്പിക്കുന്നതിനും ചിലവേറും എന്നതാണ് അതൊഴിവാക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.

നിരവധി പേർ ദിവസേന വരികയും പോവുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഏത് നിമിഷവും അശ്രദ്ധമായ ഒരു പ്രവൃത്തി കസ്റ്റമർമാരുടെ ഭാഗത്തു നിന്നുണ്ടായേക്കാം എന്നതുകൊണ്ട് ഏറ്റവും സുരക്ഷിതമായ ഒരു ഗ്ലാസ് ഡോർ തന്നെ വെക്കുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ എന്തുകൊണ്ടും അഭികാമ്യം. 

Also Read:- പെരുമ്പാവൂരിൽ ചില്ലുവാതിൽ പൊട്ടി ദേഹത്ത് തുളച്ച് കയറി യുവതിയ്ക്ക് ദാരുണമരണം...

click me!