
എപ്പോഴും പുസ്തകത്തിലേക്ക് തലയും താഴ്ത്തി നടക്കുന്നവരെ കളിയാക്കാന്‍ പൊതുവേ എല്ലാവര്‍ക്കും താല്‍പര്യമാണ്. സുഹൃത്തുക്കള്‍ കൂട്ടുകൂടി സിനിമയ്ക്ക് പോകുമ്പോഴോ പാര്‍ട്ടി കൂടുമ്പോഴോ ഒക്കെ വായനയുടെ പേരും പറഞ്ഞ് മുങ്ങുന്ന അവരെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കുന്നതും പതിവാണ്.
എന്നാല്‍ നമ്മള്‍ പുസ്തകപ്പുഴുക്കള്‍ എന്ന് വിളിച്ച് കളിയാക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ എങ്ങനെയാണ് പല കളികളും മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് അറിയുന്നതത്രേ. 'കെല്‍ട്ടണ്‍ ഗ്ലോബല്‍' എന്ന കമ്പനിയാണ് വായനയുമായി ബന്ധപ്പെട്ട ഒരു സര്‍വേ നടത്തിയത്.
ലോകത്തില്‍ ഏറ്റവുമധികം സന്തോഷപ്രദമായ ജീവിതം നയിക്കുന്നവര്‍ വായനയുള്ളവരാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ചുറ്റമുള്ള ലോകത്തെ കുറിച്ച് വായനയിലൂടെ അറിവും അവബോധവും നേടുന്നതിനൊപ്പം അവര്‍, എങ്ങനെ നല്ലരീതിയില്‍ ജീവിക്കാമെന്ന് കൂടി പഠിക്കുന്നു.
വ്യക്തിപരമായ സന്തോഷം മാത്രമല്ല, സുഹൃത്തുക്കള്‍, പങ്കാളികള്‍, കുട്ടികള്‍ എന്നിങ്ങനെ ഇടപെടുന്ന ബന്ധങ്ങളെല്ലാം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും വായന സഹായിക്കുമത്രേ. ഫലപ്രദമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ ഇത്തരക്കാര്‍ക്ക് കഴിയുമത്രേ. അതിനാല്‍ നല്ല ബന്ധങ്ങള്‍ കണ്ടെത്താനും ഇവര്‍ക്കാകുന്നു. സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം വായനയുള്ളവരും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
65 ശതമാനം പേരും വായന ജീവിതത്തില്‍ വലിയ വഴിത്തരിവുണ്ടാക്കിയതായി സമ്മതിക്കുന്നു. പങ്കാളിയുമൊത്തുള്ള ജീവിതം മനോഹരമാക്കാന്‍ വായന സഹായിച്ചതായി 41 ശതമാനം പേര്‍ അവകാശപ്പെടുന്നു. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചായിരുന്നു സര്‍വേ നടത്തിയത്. ഇന്ത്യയ്ക്ക് പുറമെ യുഎസ്, കാനഡ, മെക്‌സിക്കോ, ബ്രസീല്‍, ജെര്‍മ്മനി, യുകെ, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.