
മനുഷ്യരില്‍ എപ്പോഴും കൗതുകമുണര്‍ത്തുന്ന വിഷയമാണ് ജീവിലോകം. നമ്മുടെ അറിവുകളുടെ പരിമിതികള്‍ക്കെല്ലാം അപ്പുറം നമ്മളില്‍ കൗതുകവും ജിജ്ഞാസയും നിറയ്ക്കുന്ന എത്രയോ പുതിയ പുതിയ വിവരങ്ങള്‍ ജീവിലോകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയും വാര്‍ത്തയും ആണിനി പങ്കുവയ്ക്കുന്നത്. നമ്മള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിലൂടെ സാധാരണഗതിയില്‍ പല മൃഗങ്ങളെയും ജീവികളെയുമെല്ലാം കാണാറുണ്ട്. അധികവും നായ്ക്കള്‍, പൂച്ചകള്‍, പാമ്പ്, എലി, കീരി, തവള, ഓന്ത് എന്നിങ്ങനെയുള്ള ജീവികളും മൃഗങ്ങളുമൊക്കെ തന്നെയാണ് ഇങ്ങനെ നമുക്ക് മുമ്പില്‍ എപ്പോഴും പ്രത്യക്ഷപ്പെടാറ്.
ഇവയെ ഒന്നും റോഡില്‍ വാഹനങ്ങള്‍ക്ക് മുമ്പില്‍ കണ്ടാല്‍ നമുക്ക് അത്ഭുതമോ ഞെട്ടലോ ഒന്നും തോന്നുകയുമില്ല. പക്ഷേ ഇവ തന്നെ വലിയ കൂട്ടമായി വന്നാലോ? ചില സിനിമാരംഗങ്ങള്‍ പോലെ.
സമാനമായൊരു കാഴ്ചയാണ് യുഎസിലെ സ്റ്റോക്ടണ്ട (കാലിഫോര്‍ണിയ) എന്ന സ്ഥലത്ത് ഈ അടുത്തൊരു ദിവസം കാണാനായത്. നാട്ടുകാരെയും വാഹനയാത്രികരെയുമെല്ലാം ഈ കാഴ്ച ഒരുപോലെ സ്തബ്ധരാക്കിയെന്ന് തന്നെ പറയാം.
വലിയ ഹൈവേ മുറിച്ചുകടക്കുന്ന പതിനായിരക്കണക്കിന് തവളകളാണ് ഇപ്പറഞ്ഞ അസാധാരണമായ കാഴ്ച. വീഡിയോയില്‍ പോലും ഇത് കാണാൻ ചിലര്‍ക്ക് സാധിക്കില്ല. അപ്പോള്‍പ്പിന്നെ നേരില്‍ കണ്ടവരുടെ കാര്യം പറയാനില്ലല്ലോ. കാറില്‍ ഡ്രൈവ് ചെയ്ത് വരികെ ഇത് കണ്ടതോടെ ഞെട്ടിപ്പോയെന്നും, കണ്ടിരിക്കാൻ സാധിച്ചില്ലെന്നും പറയുന്നു, സംഭവത്തിന്‍റെ ദൃക്സാക്ഷിയായ മേരി ഹൂലറ്റ് എന്ന സ്ത്രീ.
അതേസമയം ഈ കാഴ്ച കൗതുകത്തോടെ കണ്ടവരും ഏറെയാണ്. പലരും കാലാവസ്ഥാവ്യതിയാനമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും ഇത് എന്തോ അപകട സൂചനയാണ് എന്നുമെല്ലാം അഭിപ്രായപ്പെട്ടെങ്കിലും ഇത് തീര്‍ത്തും 'നാച്വറല്‍' ആയ പ്രതിഭാസമാണെന്നും പക്ഷേ അപൂര്‍വമായേ ഇതെല്ലാം നമുക്ക് കാണാൻ സാധിക്കൂ എന്നുമാണ് വിദഗ്ധര്‍ പ്രതികരിച്ചത്.
അനുകൂലമായ സ്ഥലത്തേക്ക് കൂട്ടമായി കുട്ടിത്തവളകള്‍ പലായനം നടത്തുന്നതാണത്രേ ഇത്. റോഡില്‍ അപ്രതീക്ഷിതമായി തവളകളെ കണ്ടതോടെ വാഹനയാത്രികരെല്ലാം അമ്പരക്കുകയായിരുന്നു. ആദ്യം ചില വാഹനങ്ങള്‍ ഇത് ശ്രദ്ധിക്കാതെ പോയതിനാല്‍ ഒരു പറ്റം തവളകള്‍ക്ക് അപകടം സംഭവിക്കുകയും ചെയ്തു.
അസാധാരണമായ കാഴ്ചയുടെ വീഡിയോ...
Also Read:- ഇതാണ് മരണത്തിന്‍റെ താഴ്‍വര; യാത്രികനായ എഴുപത്തിയൊന്നുകാരന് ദാരുണമരണം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-