Latest Videos

Dark circles: കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

By Web TeamFirst Published Nov 22, 2022, 9:56 AM IST
Highlights

ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടറിന്‍റെയും ടിവിയുടെയും മൊബൈല്‍ ഫോണിന്‍റെയുമൊക്കെ അമിത ഉപയോഗം തുടങ്ങിയവ കൊണ്ടാണ് പലപ്പോഴും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അഥവാ  'ഡാർക്ക് സർക്കിൾസ്' ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ഇതിന് വില്ലനായത്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടറിന്‍റെയും ടിവിയുടെയും മൊബൈല്‍ ഫോണിന്‍റെയുമൊക്കെ അമിത ഉപയോഗം തുടങ്ങിയവ കൊണ്ടാണ് പലപ്പോഴും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്.

ജീവിത രീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഇതിന് പരിഹാരം കാണാം. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

തുടക്കത്തിലെ പറഞ്ഞ പോലെ ഉറക്കമില്ലായ്മ പലപ്പോഴും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാക്കാന്‍ കാരണമാകും. അതിനാല്‍ രാത്രി കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധക്കുക. രാത്രിയുള്ള ഉറക്കം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

രണ്ട്...

ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. അതിനാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് വിറ്റാമിന്‍ സി, കെ, എ, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. അതിനാല്‍ തണ്ണിമത്തന്‍, തക്കാളി, ബെറി പഴങ്ങള്‍, ഇലക്കറികള്‍, വെള്ളരിക്ക തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കുക. 

മൂന്ന്... 

വെള്ളം ധാരാളം കുടിക്കുക.  കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും. 

നാല്... 

ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതിരിക്കാനും സഹായിച്ചേക്കാം. 

അഞ്ച്...

കണ്ണിന് താഴെ ഉപയോഗിക്കാവുന്ന സിറം, ഐ ബാഗുകള്‍, വീട്ടില്‍ തയ്യാറാക്കാന്‍ പറ്റുന്ന പാക്കുകള്‍ തുടങ്ങിയവയും പരീക്ഷിക്കാം. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ്  കണ്‍തടങ്ങളില്‍ വയ്ക്കുന്നതും നല്ലതാണ്. 

ആറ്...

സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് കണ്ണിനു താഴെ കറുപ്പ് നിറം വരാതിരിക്കാനും ചര്‍മ്മത്തിന്‍റെ മൊത്തം സംരക്ഷണത്തിനും ഏറെ നല്ലതാണ്.  പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് വയ്ക്കുന്നതും ഗുണം ചെയ്യും. 

Also Read: ചുവപ്പ് ലെഹങ്കയില്‍ മനോഹരിയായി രശ്‍മിക മന്ദാന; ചിത്രങ്ങള്‍ വൈറല്‍

click me!