
ചിലര്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തലമുടി നരയ്ക്കുന്നത് കാണാം. അതിന് പല കാരണങ്ങളും ഉണ്ടാകാം. അകാലനരയുടെ കാരണം കണ്ടെത്തി അവയ്ക്ക് പരിഹാരം തേടുക പ്രധാനമാണ്. അകാലനര അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
1. കറിവേപ്പില
രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണയും 10-12 കറിവേപ്പിലയും എടുക്കണം. ആദ്യം എണ്ണ നന്നായി ചൂടാക്കുക. ശേഷം ഇറക്കിവച്ച എണ്ണയിലേക്ക് കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. നന്നായി മസാജും ചെയ്യുക. 45 മിനിറ്റിന് കഴുകി കളയാം.
2. മൈലാഞ്ചിയില- നെല്ലിക്കാ ഹെയര്‍ പാക്ക്
ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി തല കഴുകുക. ആഴ്ചയിൽ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.
3. കോഫി
കാപ്പിപ്പൊടിയും അകാലനര അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായി വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് തലമുടിയില്‍ തേച്ചുപിടിപ്പിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
4. ഉലുവ
കുറച്ച് ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിക്കുക. ഇനി ഉലുവ മാറ്റിയ ശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.
5. ചെമ്പരത്തിയില
ചെമ്പരത്തിയില അരച്ച് തലമുടിയില്‍ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം ഉണ്ടാകാന്‍ സഹായിക്കും.
6. റോസ്മേരി
അകാലനരയും മുടികൊഴിച്ചിലും അകറ്റാന്‍ റോസ്മേരി വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് നല്ലതാണ്.