
ആഗോള സൗന്ദര്യ വിപണിയെ അടുത്തറിയുന്നവർക്കറിയാം, ട്രെൻഡുകൾ എത്ര വേഗമാണ് മാറുന്നതെന്ന്. കുറച്ചുകാലം വരെ കൊറിയൻ സൗന്ദര്യ രീതികൾ പ്രചരിപ്പിച്ച 'ഗ്ലാസ് സ്കിൻ' എന്ന, പാടുകളില്ലാത്തതും അമിത തിളക്കമുള്ളതുമായ ചർമ്മം ആയിരുന്നു യുവത്വത്തിന്റെ ലക്ഷ്യം. എന്നാൽ, നിലവിൽ ജെൻ സി എന്ന യുവതലമുറ ഈ തെറ്റായ സങ്കൽപ്പം വലിച്ചെറിഞ്ഞ്, ‘റോ റിയൽനെസ്’ (Raw Realness) എന്ന പുതിയ സമീപനം സ്വീകരിക്കുന്നതിന്റെ തിരക്കിലാണ്.
അതായത്, മുഖക്കുരുവിന്റെ പാടുകളോ, ചർമ്മത്തിന്റെ സ്വാഭാവിക നിറഭേദങ്ങളോ, ചുവന്ന കുരുക്കളോ ഒന്നും മറച്ചുവെക്കാതെ, സ്വന്തം ചർമ്മത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ അംഗീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക. ഈ 'ബോഡി പോസിറ്റിവിറ്റി' മുന്നേറ്റത്തിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ ഒരു DIY സ്കിൻകെയർ രീതി തരംഗമാകുന്നത്: 'മെൻസ്ട്രൽ മാസ്‌കിംഗ്'.
സ്വന്തം ആർത്തവരക്തം ശേഖരിച്ച്, ഫേസ് മാസ്‌കായി മുഖത്ത് പുരട്ടുന്ന രീതിയാണിത്. 'periodfacemask' അല്ലെങ്കിൽ 'Moon Masking' എന്ന ഹാഷ്ടാഗുകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നത്.
ഇൻഫ്ലുവൻസർമാർ ഈ പ്രവണതയെ പല തരത്തിലാണ് അവതരിപ്പിക്കുന്നത്. ചിലർ ഇത് ചർമ്മത്തിന് 'ഗ്ലോ' നൽകുമെന്നും, പാടുകൾ കുറയ്ക്കുമെന്നും വാദിക്കുന്നു.ആർത്തവരക്തത്തിൽ അടങ്ങിയിട്ടുള്ള സ്റ്റെം സെല്ലുകൾ , പ്രോട്ടീനുകൾ, സൈറ്റോകൈനുകൾ എന്നിവ ചർമ്മ പുനരുജ്ജീവനത്തിന് സഹായിക്കുമെന്നാണ് ഇവരുടെ പ്രധാന അവകാശവാദം.
എന്നാൽ മെൻസ്ട്രൽ മാസ്‌കിംഗിന്റെ വാദങ്ങൾ ശക്തമായി തള്ളിക്കളയുകയാണ് ഡെർമറ്റോളജിസ്റ്റുകളും ആഗോള ആരോഗ്യ ഏജൻസികളും. ഇതിന് ശാസ്ത്രീയമായ ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം എന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആർത്തവരക്തം ശുദ്ധമായ രക്തമാല്ല. അത്, മൃതമായ ഗർഭാശയ കോശങ്ങൾ, യോനി-സെർവിക്കൽ സ്രവങ്ങൾ, ബാക്ടീരിയകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ കലർന്ന ഒരു സങ്കീർണ്ണ ദ്രാവകമാണ്. ഇത് നേരിട്ട് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിൽ അണുബാധ, വീക്കം, മറ്റ് ചർമ്മപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
ആർത്തവരക്തത്തിൽ സ്റ്റെം സെല്ലുകൾ (MenSCs - Menstrual blood-derived Stem Cells) ഉണ്ടെന്നത് ഒരു ശാസ്ത്രീയ സത്യമാണ്. ഇവയ്ക്ക് മുറിവുകൾ ഉണക്കാനുള്ള കഴിവുകളും പുനരുജ്ജീവന സാധ്യതകളും ഉണ്ടെന്ന് ലാബ് തലത്തിലുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഈ പഠനങ്ങളെല്ലാം നടക്കുന്നത് നിയന്ത്രിതവും അണുവിമുക്തവുമായ ലാബ് സാഹചര്യങ്ങളിൽ, ശുദ്ധീകരിച്ച കോശങ്ങൾ ഉപയോഗിച്ചാണ്. "ലാബിൽ മുറിവുകൾ ഉണക്കാൻ സ്റ്റെം സെൽ എക്‌സോസോമുകൾക്ക് സാധിച്ചു" എന്ന കണ്ടെത്തലിനും, "നിങ്ങളുടെ ആർത്തവരക്തം മുഖത്ത് പുരട്ടുക" എന്ന DIY രീതിക്കും ഇടയിൽ വലിയൊരു വിടവുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
‘റോ റിയൽനെസ്’ പോലുള്ള പ്രവണതകൾ സൗന്ദര്യ സങ്കൽപ്പങ്ങളിലെ സ്വാഭാവികതയെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ, ശാസ്ത്രീയ അടിത്തറയില്ലാത്ത 'മെൻസ്ട്രൽ മാസ്‌കിംഗ്' പോലുള്ള അത്യന്തം അപകടകരമായ പരീക്ഷണങ്ങളെ കരുതലോടെ സമീപിക്കണം. ഭംഗിയുള്ള ചർമ്മത്തിന് ശാസ്ത്രീയമായി അംഗീകരിച്ച, സുരക്ഷിതമായ ക്ലെൻസറുകൾ, സെറമുകൾ, സൺസ്‌ക്രീനുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് നല്ലാത്. നിങ്ങളുടെ ആർത്തവരക്തം, വിദഗ്ദ്ധർ പറയുന്നതുപോലെ, മെഡിക്കൽ ഗവേഷണങ്ങൾക്കോ അല്ലെങ്കിൽ പാഡ്, കപ്പ് എന്നിവയിലോ ആണ് ഉൾക്കൊള്ളേണ്ടത്, അല്ലാതെ മുഖത്ത് സൗന്ദര്യവർദ്ധക വസ്തുവായിട്ടല്ല.