ടോക്സിക് റിലേഷൻഷിപ്പ്; അറിയാം ചില കാര്യങ്ങൾ

By Priya VargheseFirst Published Jun 26, 2021, 7:38 PM IST
Highlights

നിങ്ങള്‍ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒക്കെ തെറ്റാണ്, എല്ലാ പ്രശ്നങ്ങൾക്കും കാരണം നിങ്ങള്‍ മാത്രമാണ് എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനുശേഷമോ പ്രണയബന്ധത്തില്‍ ആയതിനുശേഷമോ നിങ്ങള്‍ക്ക് തോന്നിതുടങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുക. 

നിങ്ങൾ അപകടകരമായ ഒരു ബന്ധത്തിലൂടെയാണോ കടന്നു പോകുന്നത് എന്നു സ്വയം മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ്‌ ഇവിടെ പറയാന്‍ പോകുന്നത്. ഇതു നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ ആരും തന്നെ പറഞ്ഞു തന്നുവെന്ന് വരില്ല. ഇതു സ്ത്രീയായാലും പുരുഷനായാലും മനസ്സിലാക്കേണ്ട കാര്യങ്ങളാണ്‌.

നമ്മള്‍ എല്ലാ മനുഷ്യരും പല വർഷങ്ങൾ ജീവിച്ച് ഒരുദിവസം മരിക്കുക എന്നതിലും അപ്പുറം എത്രപേർക്ക് അവരുടെ ജീവിതത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടായി എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യമാണ്.
ചിലര്‍ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയി ഒരിക്കലും ചികിത്സ എടുക്കാതെ സമാധാനം അറിഞ്ഞിട്ടില്ല എങ്കില്‍ മറ്റുചിലര്‍ ഒപ്പം ജീവിക്കുന്ന ഒരു വ്യക്തിയുടെ ക്രൂരതയുടെ ഇരകളായി ജീവിതകാലം മുഴുവന്‍ സമാധാനം എന്തെന്ന് അറിയാതെ കഴിച്ചുകൂട്ടുന്നു. 

ഗാർഹീക പീഡനങ്ങള്‍ വർദ്ധിക്കുന്നു, എല്ലാം സഹിക്കുക എന്നതിനപ്പുറം ജീവിതത്തില്‍ ഒരു പ്രതീക്ഷയും ഇനി ഇല്ല എന്ന തോന്നല്‍ സ്വയം ജീവനൊടുക്കാം എന്ന തീരുമാനത്തില്‍ ആളുകളെ കൊണ്ടെത്തിക്കുന്നു. ഒരു വ്യക്തിക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുക എന്നത് ആ വ്യക്തിയുടെ അവകാശമാണ്.

 സമൂഹവും മതവും ഒക്കെ കാലഹരണപ്പെട്ട തത്വങ്ങള്‍ ഇപ്പോഴും വ്യക്തികളില്‍ അടിച്ചേൽപ്പിക്കുമ്പോള്‍ വ്യക്തിയുടെ മാനസിക നില മെച്ചപ്പെടുത്തിയെടുക്കാനുള്ള ഒരവസരവും ഇല്ലാതെ പോകുന്നുണ്ടോ എന്നു കൂടി നാം ചിന്തിക്കണം.
സമാധാനവും സംതൃപ്തിയുമുള്ള ജീവിതമാണോ നിങ്ങളുടേത് എന്നു സ്വയം തിരിച്ചറിയുക. ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കുക..

1.    നിങ്ങളുടെ അഭിപ്രായം തുറന്നു പറയാനുള്ള ധൈര്യം തോന്നാറുണ്ടോ?
2.    മറ്റുള്ളവര്‍ എന്നെപ്പറ്റി എന്തു കരുതും എന്ന ഭയംകാരണം സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലേ?
3.    നിങ്ങളുടെ നേട്ടങ്ങളില്‍ സ്വയം അഭിമാനിക്കുന്നുണ്ടോ അതോ നിരാശയാണോ നിങ്ങൾക്ക് അനുഭവപ്പെടുന്നത്?
4.    നിങ്ങളുടെ അഭിരുചി എന്താണോ അതിനായി സമയം ചിലവഴിക്കാന്‍ നിങ്ങൾക്ക് കഴിയുന്നുണ്ടോ? 
5.    ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നുണ്ടോ? ഭാവി പ്രതീക്ഷ നൽകുന്നതാണോ?
6.    മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും അഡ്ജസ്റ്റ് ചെയ്യാന്‍ മാത്രം ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും നിങ്ങളുടെ ജീവിതത്തില്‍ ഇല്ലാതെയാകുകയാണോ?
7.    നിങ്ങളുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ മറ്റുള്ളവർക്ക് വിട്ടുകൊടുത്തിരിക്കുകയാണോ?
8.    സ്വയം അംഗീകരിക്കാന്‍ കഴിയുന്നുണ്ടോ? ആത്മവിശ്വാസം ഉള്ള വ്യക്തിയാണോ നിങ്ങള്‍?
ജീവിതത്തില്‍ സമാധാനം ഇല്ല എങ്കില്‍ അതിനോടൊപ്പം കൂട്ടിച്ചേർക്കാവുന്ന ഒരു കാര്യമാണ് ഇനി പറയാനുള്ളത്. 

നിങ്ങള്‍ അപകടകരമായ ഒരു ബന്ധത്തില്‍ (toxic relationship) ആണോ ഇപ്പോള്‍ ഉള്ളത്? നിങ്ങൾക്കൊപ്പം ഉള്ള വ്യക്തി നിങ്ങളെ പരിഗണിക്കാറുണ്ടോ? നിങ്ങളുടെ ഒപ്പം ജീവിക്കുന്നത് വ്യക്തിത്വ വൈകല്യമുള്ളതോ സാഡിസ്റ്റോ ആണെങ്കില്‍ അതു നിങ്ങളുടെ ജീവിതത്തിന്റെ സമാധാനം എങ്ങനെ നഷ്ടപ്പെടുത്തും എന്നു മനസ്സിലാക്കുക. വ്യക്തിത്വ വൈകല്യങ്ങള്‍ പുരുഷന്മാരില്‍ മാത്രമല്ല സ്ത്രീകളിലും കാണാം. അത് മന:ശാസ്ത്ര വിദഗ്‌ദ്ധര്‍ക്കായിരിക്കും കൃത്യമായി തിരിച്ചറിയാന്‍ കഴിയുക.

ടോക്സിക് റിലേഷൻഷിപ്പിന്റെ ലക്ഷണങ്ങള്‍...

1. നിങ്ങള്‍ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒക്കെ തെറ്റാണ്, എല്ലാ പ്രശ്നങ്ങൾക്കും കാരണം നിങ്ങള്‍ മാത്രമാണ് എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനുശേഷമോ പ്രണയബന്ധത്തില്‍ ആയതിനുശേഷമോ നിങ്ങള്‍ക്ക് തോന്നിതുടങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുക. യഥാർത്ഥത്തില്‍ നിങ്ങള്‍ക്കൊപ്പമുള്ള വ്യക്തിയുടെ സ്വാധീനമാണോ നിങ്ങളെ അങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങാന്‍ കാരണമായത്?
2.    നിങ്ങൾക്ക് വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വളരെ അകലം പാലിക്കേണ്ടി വരിക, അവരോട് നിങ്ങള്‍ക്കൊപ്പം ജീവിക്കുന്ന വ്യക്തിയെപ്പറ്റി ഒന്നും തുറന്നു പറയാന്‍ കഴിയാതെ വരിക. 
3.    സ്വന്തമായി ഒരു തീരുമാനങ്ങളും എടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായ അവസ്ഥ. 
4.    ഈ വ്യക്തിക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയതിനുശേഷം ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുക, ജീവിതത്തില്‍ സന്തോഷം പൂർണ്ണമായും ഇല്ലാതെയവുക (അമിതമായ പ്രതീക്ഷ കാത്തുസൂക്ഷിച്ച് അതു കിട്ടാതെ വരുമ്പോഴുള്ള നിരാശ എന്നതല്ല, പകരം വ്യക്തി സ്വാതന്ത്ര്യത്തിന് ഒരു വിലയും കല്പ്പിുക്കപ്പെടാതെ പോകുന്ന സാഹചര്യമാണ്‌ ഇവിടെ അർത്ഥപമാക്കുന്നത്)
5.    നിങ്ങളുടെ ചിന്തകള്‍ ഒക്കെ എത്ര നിസ്സാരമാണ്. നിങ്ങള്‍ ചിന്തിക്കുന്നതില്‍ ഒരു വിധ യാഥാർത്ഥ്യബോധവും ഇല്ല എന്നു നിരന്തരം പറഞ്ഞു നിങ്ങളുടെ പ്രശ്നങ്ങളെ നിസ്സാരമായി എടുക്കുക (മാനസികപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ആളുകളില്‍ യാഥാര്ത്ഥ്യടബോധം നഷ്ടമാകുന്ന അവസ്ഥ ഉണ്ടായേക്കാം. എന്നാല്‍ ഒരു വ്യക്തിയില്‍ യഥാര്ത്ഥ ത്തില്‍ delusional disorder പോലെയുള്ള അവസ്ഥകള്‍ ഉള്ളതും അതുള്ളതായിവെറുതെ ചിത്രീകരിക്കുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. ഇപ്പോഴും മാനസിക പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണ നമ്മുടെ സമൂഹത്തിന് ഇല്ല എന്നതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കുറഞ്ഞത്‌ മന:ശാസ്ത്രവിദഗ്‌ദ്ധരുടെ സഹായം തേടാനുള്ള മനസ്ഥിതിയെങ്കിലും കാണിക്കണം)
6.    നിങ്ങളെപ്പറ്റി മറ്റാരും കുറ്റങ്ങള്‍ ഒന്നും പറയുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല. എങ്കിലും നിങ്ങളെപ്പറ്റി കുടുംബാംഗങ്ങളും പരിചയക്കാരും എല്ലാം വളരെ മോശം അഭിപ്രായം പറയുന്നു എന്ന മട്ടില്‍ നിങ്ങള്‍ ഒരു വലിയ കുഴപ്പമുള്ള വ്യക്തിയാണ് എന്നു പറഞ്ഞു നിങ്ങളെത്തന്നെ വിശ്വസിപ്പിക്കാനുള്ള അതിയായ ശ്രമം
7.    നിങ്ങള്‍ ഇപ്പോള്‍ ഉള്ള സാഹചര്യം എത്ര മോശമാണ് എങ്കിലും ഈ സാഹചര്യങ്ങള്‍പോലും കിട്ടാന്‍ യോഗ്യത ഇല്ലാത്ത ഒരു വിലയും അർഹിക്കാത്ത ഒരു വ്യക്തിയാണ് നിങ്ങള്‍ എന്നു പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുക. ഇതു തന്നെ നിങ്ങളുടെ മഹാ ഭാഗ്യമാണ് എന്നു നിങ്ങളും വിശ്വസിച്ചു തുടങ്ങിയിട്ടുണ്ടാവും.

മേല്പമറഞ്ഞതെല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ട ഒരു വ്യക്തിയാണ് നിങ്ങള്‍ എന്ന ചിന്തയിലാണ് നിങ്ങളെങ്കില്‍ വിഷാദത്തിലേക്ക് നിങ്ങള്‍ വീണുപോകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. മന:ശാസ്ത്ര ചികിത്സയെന്നാല്‍ ഒരു മാജിക്‌ എന്ന തോന്നലില്‍ ചികിത്സ തേടുന്നവര്‍ ഇന്നും കുറവല്ല.

ഇത്തരം സാഹചര്യങ്ങളില്‍ നിസ്സഹായതയും വിഷാദവും അനുഭവിക്കുന്ന ഒരു വ്യക്തിക്ക് മാനസികമായ പിന്തുണ നല്കിയ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് മന:ശാസ്ത്ര ചികിത്സയില്‍ നടക്കുന്നത്. പലരും ധരിച്ചിരിക്കുന്നത്‌ എത്ര മോശം സാഹചര്യങ്ങളിലും അങ്ങേയറ്റം സഹിക്കൂ മകളെ അതിനുനിന്നെ സഹായിക്കുന്ന ഒന്നാണ് മന:ശാസ്ത്ര എന്നാണ്. മന:ശാസ്ത്രം പഠിച്ചിട്ടില്ലാത്ത പല വ്യാജ മന:ശാസ്ത്രചികിത്സകരും അങ്ങനെ ഒരു തെറ്റായ സന്ദേശം സമൂഹത്തിനു നല്കുന്നുണ്ടാകാം.

മന:ശാസ്ത്ര ചികിത്സയില്‍ വ്യക്തിയുടെ മാനസികാരോഗ്യത്തിനാണ് പ്രാധാന്യം, സമൂഹം എന്തുപറയും എന്നു പേടിച്ച് സ്വയം ഉരുകിത്തീരാന്‍ വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുക അല്ല അവിടെ നടക്കുന്നത്. കൂടെ വരുന്ന ആളുകളുടെ ഇഷ്ടം വ്യക്തിയില്‍ അടിച്ചേല്പ്പി ക്കാന്‍ സഹായിക്കലല്ല മന:ശാസ്ത്ര ചികിത്സയില്‍ നടക്കുന്നത്. 

മണിക്കൂറുകളോളം ഒരേ ദുരിത കഥ പറഞ്ഞുകൊണ്ടേ ഇരിക്കുന്ന വ്യക്തികള്‍ പ്രത്യേകിച്ചു സ്ത്രീകളെ കാണാം. അവര്ഒനരിക്കല്‍ പോലും എങ്ങനെ ഈ അവസ്ഥ മറികടക്കാം, എങ്ങനെ സ്വയം ജീവിതം രക്ഷപെടുത്താം എന്ന ഉത്തരവാദിത്വം എടുക്കാന്‍ ഭയക്കുന്നു. ഒരേ കാര്യങ്ങള്‍വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു പ്രശ്നവും പരിഹരിക്കാന്‍ സഹായിക്കില്ല.

ധൈര്യമായി എങ്ങനെ ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാം എന്നു ചിന്തിച്ചാല്‍ മാത്രമേ എന്തെങ്കിലും നല്ല വ്യത്യാസം ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ. മോളെ നീ അങ്ങു ക്ഷമിക്ക്, സഹിക്ക്, ഞങ്ങളും ഇതിനപ്പുറം സഹിച്ചവരാ എന്നു പറഞ്ഞു കേട്ടു വളരുമ്പോള്‍ അതിനപ്പുറം ഒന്നും ചിന്തിക്കാന്‍ കഴിയാതെ വരുന്നതായിരിക്കാം പലർക്കും . ഇതിനൊക്കെ ഇനിയെങ്കിലും മാറ്റം വരുമോ?

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Online consultation only
Forappointmentscall: 8281933323

click me!