ഇരട്ടകളായ യുവതികൾ ഒരാളെ വിവാഹം ചെയ്ത സംഭവം വിവാദമാകുന്നു; വീഡിയോ വൈറൽ

By Web TeamFirst Published Dec 5, 2022, 6:32 PM IST
Highlights

അതുൽ ഉത്തം എന്ന യുവാവാണ് റിങ്കി, പിങ്കി എന്നീ ഇരട്ട സഹോദരിമാരെ ഒരേ ദിവസം ഒരേ പന്തലിൽ വച്ച് വിവാഹം കഴിച്ചിരിക്കുന്നത്. അതുൽ ഒരു ട്രാവൽ ഏജൻസി നടത്തിവരികയാണ്. യുവതികൾ ഇരുവരും ഐടി എഞ്ചിനീയർമാരാണ്. മൂവരും ചെറുപ്പത്തിലേ തന്നെ സുഹൃത്തുക്കളായിരുന്നു. 

വിവാഹമെന്നത് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചിയുമെല്ലാം അനുസരിച്ചാണ് നിശ്ചയിക്കാറ്. എന്നാൽ ഏത് രാജ്യത്തായാലും വിവാഹം അടക്കമുള്ള വ്യക്തികളുടെ ഏത് തെരഞ്ഞെടുപ്പിലും ഒരു പരിധി വരെ നിയമം ഇടപെട്ടിരിക്കും. ഇന്ത്യയിലും സ്ഥിതി മറിച്ചല്ലെന്ന് ഏവർക്കുമറിയാമല്ലോ. വിവാഹത്തട്ടിപ്പ് പോലുള്ള സംഭവങ്ങളുണ്ടാകാതിരിക്കാനും സ്ത്രീകൾക്ക് സുരക്ഷിതമായി മുന്നോട്ടുപോകുന്നതിനും മറ്റും ഈ നിയമങ്ങൾ സഹായകമാണ്.

എന്നാൽ വ്യക്തികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള തെരഞ്ഞെടുപ്പിൽ നിയമം ഒരു പ്രശ്നമായി ഉയർന്നാലോ? അതായത് നിയമവിരുദ്ധമാണെങ്കിൽ പോലും വ്യക്തികൾക്കും അവരുടെ കുടുംബത്തിനുമെല്ലാം പരാതിയില്ലാത്ത വിധം വിവാഹം നടത്തുകയോ നിശ്ചയിക്കുകയോ ചെയ്താലോ!

സമാനമായൊരു സംഭവമാണിപ്പോൾ വാർത്തകളിൽ ശ്രദ്ധ നേടുന്നത്. ഇരട്ടകളായ യുവതികൾ ഒരാളെ വിവാഹം ചെയ്ത സംഭവമാണ് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാകുന്നത്. മുംബൈയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് അസാധാരണമെന്ന് പറയാവുന്ന തരത്തിലുള്ള വിവാഹം നടന്നിരിക്കുന്നത്. 

അതുൽ ഉത്തം എന്ന യുവാവാണ് റിങ്കി, പിങ്കി എന്നീ ഇരട്ട സഹോദരിമാരെ ഒരേ ദിവസം ഒരേ പന്തലിൽ വച്ച് വിവാഹം കഴിച്ചിരിക്കുന്നത്. അതുൽ ഒരു ട്രാവൽ ഏജൻസി നടത്തിവരികയാണ്. യുവതികൾ ഇരുവരും ഐടി എഞ്ചിനീയർമാരാണ്. മൂവരും ചെറുപ്പത്തിലേ തന്നെ സുഹൃത്തുക്കളായിരുന്നു. 

വളർന്നപ്പോഴും സൌഹൃദം തുടർന്നു. പിന്നീട് മൂവരും ജീവിതം ഒരുമിച്ച് പങ്കിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് കുടുംബങ്ങളും സമ്മതം മൂളി. ആരും എതിർപ്പുന്നയിക്കാതെ ഏവരുടെയും അനുവാദത്തോടെയും സന്തോഷത്തോടെയും തന്നെ വിവാഹം നടന്നു. എന്നാൽ യുവതികൾ ഒന്നിച്ച് വരന് വരണമാല്യം ചാർത്തുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവത്തിന് തിരിച്ചടിയുണ്ടാകുന്നത്. 

ദ്വിഭാര്യത്വം നിയമപരമായി തെറ്റാണെന്നിരിക്കെ വീഡിയോയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഐപിസി സെക്ഷൻ 494, അതായത് ഭാര്യ ജീവിച്ചിരിക്കെയോ വിവാഹമോചനം തേടാതെയോ മറ്റൊരു സ്ത്രീയെ കൂടി ഭാര്യയാക്കുന്നത് നിയമപരമായി തെറ്റാണെന്നതിനാലാണ് വരൻ അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. 

ഇതിന് പുറമെ ദേശീയ വനിതാ കമ്മീഷനും (മഹാരാഷ്ട്ര ) സംഭവത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മൂന്ന് പേർക്കുമെതിരെ നിയമപരമായ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സോഷ്യൽ മീഡിയയിലും വലിയ വിവാദങ്ങൾക്കാണ് ഇരുവരുടെയും വിവാഹവീഡിയോകളും ചിത്രങ്ങളും ഇടയാക്കിയിരിക്കുന്നത്. അതേസമയം സ്വന്തം താൽപര്യാർത്ഥമാണ് ഇവർ ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെങ്കിൽ അതിൽ നിയമം ഇളവ് നൽകണമെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും 'അസാധാരണമായ' വിവാഹം നിയമക്കുരുക്കിൽ പെട്ടാൽ വരന് തീർച്ചയായും ശിക്ഷ നേരിടേണ്ടിവരാം. യുവതികളും ഒരുപക്ഷേ നിയമപരമായി ഉത്തരം പറയാൻ ബാധ്യസ്ഥരായി വരാം. 

വൈറലായ വീഡിയോ...

 

: दो जुड़वा बहनों ने एक ही शख्स से रचाई शादी, केस हुआ दर्ज pic.twitter.com/4DgQ30JAYI

— NDTV India (@ndtvindia)

Also Read:- '9 ഭാര്യമാര്‍, അത് പത്താക്കണം, പത്ത് ബന്ധത്തിലും കുട്ടികളും'; അസാധാരണ ആഗ്രഹവുമായി മോഡല്‍

click me!