വിനോദസഞ്ചാരികളുടെ ബോട്ടിലേക്ക് കടലില്‍ നിന്ന് ചാടിക്കയറി അപ്രതീക്ഷിത അതിഥി; വീഡിയോ...

By Web TeamFirst Published May 22, 2021, 7:15 PM IST
Highlights

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവച്ചൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. അന്റാര്‍ട്ടിക്കയിലെ 'റോസ് സീ'യിലൂടെ ബോട്ടില്‍ യാത്ര നടത്തുകയായിരുന്ന ഒരു വിനോദസഞ്ചാരികളുടെ സംഘമാണ് വീഡിയോയിലുള്ളത്. യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി കടലില്‍ നിന്ന് ബോട്ടിലേക്ക് ചാടിക്കയറിയ അതിഥിയാണ് വീഡിയോയുടെ ശ്രദ്ധാകേന്ദ്രം
 

നമ്മളില്‍ കൗതുകമുണര്‍ത്തുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. ഇതില്‍ മൃഗങ്ങളുമായോ ചെറുജീവികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരുമേറെയാണ്. ഒരുപക്ഷേ മനുഷ്യരെക്കാള്‍ രസകരമായി നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമെല്ലാം ജീവിസമൂഹത്തിനാകാറുമുണ്ട്. 

അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവച്ചൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. അന്റാര്‍ട്ടിക്കയിലെ 'റോസ് സീ'യിലൂടെ ബോട്ടില്‍ യാത്ര നടത്തുകയായിരുന്ന ഒരു വിനോദസഞ്ചാരികളുടെ സംഘമാണ് വീഡിയോയിലുള്ളത്. 

യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി കടലില്‍ നിന്ന് ബോട്ടിലേക്ക് ചാടിക്കയറിയ അതിഥിയാണ് വീഡിയോയുടെ ശ്രദ്ധാകേന്ദ്രം. ധ്രുവപ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന പെന്‍ഗ്വിന്‍ ആണ് ഈ അതിഥി. മുതിര്‍ന്ന പെന്‍ഗ്വിന്‍ അല്ല, ഒരു കുഞ്ഞാണ് ബോട്ടിലേക്ക് ചാടിക്കയറിയത്.

ബോട്ടിലെത്തിയ ശേഷം മറ്റ് സഞ്ചാരികളുടെ കൂടെ മിനുറ്റുകളോളം ബോട്ടില്‍ അത് യാത്ര ചെയ്യുകയാണ്. ശേഷം തിരിച്ച് കടലിലേക്ക് തന്നെ. ന്യൂസീലാന്‍ഡ് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജോണ്‍ ബൊസീനോവ് ആണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ആറ് വര്‍ഷത്തോളമായി പ്രദേശത്ത് ഗൈഡായി ജോലി ചെയ്തുവരികയാണ് ബൊസീനോവ്. 

ഇതുവരെ നൂറ് കണക്കിന് മണിക്കൂറുകള്‍ ഇതുപോലെ ബോട്ടുകളില്‍ താന്‍ ചിലവഴിച്ചിട്ടുണ്ടെന്നും പെന്‍ഗ്വിനുകള്‍ ഏറെയുള്ള കോളനികള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ പോലും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ലെന്നും ബൊസീനോവ് പറയുന്നു. ഒരുപക്ഷേ ഭക്ഷണത്തിനായി വേട്ടയാടിയ ഏതെങ്കിലും കടല്‍ജീവികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാകാം പെന്‍ഗ്വിന്‍ കുഞ്ഞ് ബോട്ടില്‍ കയറിയതെന്നും അദ്ദേഹം പറയുന്നു. 

2020 ജനുവരിയില്‍ പകര്‍ത്തിയ ദൃശ്യം രണ്ട് ദിവസം മുമ്പാണ് പുറത്തുവരുന്നത്. ആയിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. 

വീഡിയോ കാണാം...

Also Read:- ടൗട്ടെ ചുഴലിക്കാറ്റ് സമയത്ത് അലഞ്ഞുതിരിയുന്ന സിംഹങ്ങളല്ല; വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!